Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ വേനൽച്ചൂട് തുടരുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കുന്ന പൊതുപ്രവർത്തകരും പൊതുജനങ്ങളും ഉദ്യോഗസ്ഥരും പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ദീർഘനേരം നേരിട്ട് വെയിലേറ്റുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവയ്ക്ക് കാരണമാകാമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

video
play-sharp-fill

പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുക, പകൽ 11 മുതൽ 3 വരെ നേരിട്ട് വെയിൽ ഒഴിവാക്കുക, കുട, തൊപ്പി, പാദരക്ഷകൾ എന്നിവ നിർബന്ധമായി ഉപയോഗിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശമുണ്ട്. വലിയ പൊതുയോഗങ്ങളും റാലികളും വൈകുന്നേരം 4ന് ശേഷം സംഘടിപ്പിക്കുന്നതാണ് ഉചിതമെന്നും, പകൽ സമയത്തെ പരിപാടികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കുകയും ആവശ്യമായ തണലും കുടിവെള്ളവും ഒരുക്കുകയും വേണമെന്ന് സംഘാടകർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ജനം കൂടുന്ന പരിപാടികളിൽ പ്രഥമ ശുശ്രൂഷയും ആംബുലൻസും സജ്ജമാക്കണമെന്നും, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഒആർഎസ്, നാരങ്ങാവെള്ളം, മോര് എന്നിവ ഉപയോഗിച്ച് ശരീരത്തിലെ ലവണാംശം നിലനിർത്തുകയും കട്ടികുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും വേണം. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ തണലിലേക്ക് മാറി വിശ്രമിക്കണമെന്നും അടിയന്തര സഹായത്തിന് 108, 1077 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group