
സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താൻ അനുവദിക്കില്ല, കഴിഞ്ഞദിവസം ഉണ്ടായ സംഭവങ്ങൾ കേരളത്തിന്റെ മതേതര മനസ്സാക്ഷിക്ക് തന്നെ വെല്ലുവിളി, ഇത്തരം ആളുകളെയും ആശയത്തേയും അവജ്ഞയോടെ തള്ളണമെന്നും മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താൻ അനുവദിക്കില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഒരു പ്രവർത്തനവും ഉണ്ടാകാൻ പാടില്ല. കഴിഞ്ഞദിവസം ഉണ്ടായ നിർഭാഗ്യകരമായ സംഭവങ്ങൾ കേരളത്തിന്റെ മതേതര മനസ്സാക്ഷിക്ക് തന്നെ വെല്ലുവിളി ഉയർത്തുന്നതാണെന്ന് മന്ത്രി വാർത്താ കുറിപ്പിൽ പറഞ്ഞു. കേരള ജനത അർഹിക്കുന്ന അവജ്ഞയോടെ ഇത്തരം ആളുകളെയും ആശയത്തേയും തള്ളിക്കളയും.
മതനിരപേക്ഷതയുടെ ഉറച്ച കോട്ടയാണ് കേരളം. അത് തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ല. എല്ലാ വിഭാഗം ജനങ്ങളുടെയും ജനാധിപത്യപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ മുന്നിൽ തന്നെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് തത്തമംഗലത്ത് ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായി സ്കൂളിൽ ഒരുക്കിയിരുന്ന പുൽക്കൂടും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും ഒരു സംഘം തകർത്ത സംഭവം വലിയ വിവാദമായിരുന്നു. സംഭവത്തിൽ മണിക്കൂറുകൾക്കകം പോലീസ് വിഎച്ച്പി പ്രവർത്തകരായ പ്രതികളെ പിടികൂടിയിരുന്നു.
അധ്യാപകർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെയുള്ള സംഘപരിവാർ ആക്രമണങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നിരുന്നു. ആക്രമണങ്ങൾ കേരളത്തിനും മലയാളികൾക്കും അപമാനമാണ് സംസ്കാരശൂന്യരുടെ ആക്രമണമെന്ന് മുഖ്യമന്ത്രി വിമർശിച്ചു.