ഈഡി അന്വേഷണം പിടിമുറുക്കിയാൽ തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് സി പി എം വിയർക്കും : നേരത്തേ ഈ ഡി അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയതെങ്കിൽ ഇപ്പോൾ അത് കുടുംബത്തിലേക്ക് എത്തുന്നു :   ഇങ്ങനെയൊരു സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല

Spread the love

 

സ്വന്തം ലേഖകൻ
തിരുവനന്തപുരം : തെരഞ്ഞെടുപ്പിന്റെ മധ്യത്തിൽ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെയുള്ള അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഈ ഡി ) ആരംഭിച്ചത് സിപിഎമ്മിന് പ്രഹരമായി .ബിജെപിയുടെ രാഷ്ട്രീയ നീക്കം എന്ന പതിവ് വ്യാഖ്യാനമാണ് പാർട്ടി നൽകുന്നതെങ്കിലും നിഷ്പക്ഷ വോട്ടർമാരോട് എങ്ങനെ വിശദീകരിക്കുമെന്ന അങ്കലാപ്പ് പാർട്ടിക്കുള്ളിലുണ്ട്. പ്രചാരണം നയിക്കുന്ന മുഖ്യമന്ത്രി തന്നെ പ്രധാന പ്രചരണ ആയുധമായി മാറുന്ന സാഹചര്യമാണ് എൽഡിഎഫിനുള്ളത്.

video
play-sharp-fill

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ് എഫ് ഐ ഓ )അന്വേഷണത്തിനെതിരെ കെ എസ് ഐ ഡിസിയും എക്സാലോജിക് കമ്പനിയും കോടതിയെ സമീപിച്ചു പരാജയപ്പെട്ടതാണ്. കേരളത്തിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ സ്വർണ്ണ കടത്ത് കേസിൽ ഉൾപ്പെടെ സർക്കാർ നടത്തിയ നിയമപരമായ നീക്കങ്ങളും വിജയിച്ചില്ല.

ആ നിലയ്ക്ക് ഇടിയെ നിയമപരമായി നേരിടുന്നതിനേക്കാൾ രാഷ്ട്രീയമായി എതിർക്കാൻ ആകും സിപിഎം ശ്രമം. തെരഞ്ഞെടുപ്പ് കാലത്തെ നടപടി എന്നത് മസാല ബോണ്ടുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര കമ്മിറ്റി അംഗവും സ്ഥാനാർത്ഥിയുമായ തോമസ് ഐസക്കിനോട് ഹാജരാകാൻ ഈ ഡി സമൻസ് അയച്ചതിനെയും ഇതുമായി ബന്ധപ്പെടുത്തും. സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ പിടിമുറുക്കിയിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയതിന്റെ ആത്മവിശ്വാസം പാർട്ടിക്കുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരവിന്ദ് കെജരിവാളിനെതിരായ ഇഡി നടപടിയിൽ കോൺഗ്രസും പ്രതിഷേധ രംഗത്താണ് . എന്നതിനാൽ അവരിൽനിന്ന് വലിയ ആക്രമണം പാർട്ടി പ്രതീക്ഷിക്കുന്നില്ല. എന്നാൽ ഒരിക്കൽ ഈ ഡി പ്രാഥമിക അന്വേഷണം നടത്തിയ വിഷയത്തിലാണ് ഇപ്പോൾ കേസെടുത്ത് അന്വേഷിക്കുന്നത്. കള്ളപ്പണം ഇടപാട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ് ശുപാർശ എസ്എഫ്ഐഒ ശരി വച്ചതോടെയാണ് കേസെടുത്തു അന്വേഷിക്കാനുള്ള തീരുമാനം.

സ്വാഭാവികമായി അതിനും അപ്പുറത്തേക്ക് കടന്നാൽ സിപിഎമ്മിന് കാര്യങ്ങൾ എളുപ്പമാകില്ല. നേരത്തേ ഈ ഡി അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയതെങ്കിൽ ഇപ്പോൾ അത് കുടുംബത്തിലേക്ക് എത്തുന്നു. ഇങ്ങനെയൊരു സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല