കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പിയെ സ്ഥലം മാറ്റി; രാഷ്ട്രീയലക്ഷ്യമെന്ന് ആരോപണം

കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പിയെ സ്ഥലം മാറ്റി; രാഷ്ട്രീയലക്ഷ്യമെന്ന് ആരോപണം

സ്വന്തം ലേഖകൻ

പൊൻകുന്നം: കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ഇമ്മാനുവൽ പോളിനെ തിരുവനന്തപുരം റെയിൽവേ ഡിസിആർബിയിലേക്ക് സ്ഥലം മാറ്റി. ചിറക്കടവ് മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ഥലം മാറ്റം. പകരം തിരുവനന്തപുരത്തു നിന്ന് എസ്. മധുസൂദനനാണ് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയായി എത്തുന്നത്. പൊതുവായ സ്ഥലംമാറ്റങ്ങൾ നടക്കാത്ത സാഹചര്യത്തിൽ അടിയന്തര സ്ഥലംമാറ്റത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമാണെന്നാണ് ആരോപണം. സിപിഎം, ആർഎസ്എസ് സംഘർഷങ്ങളുടെ പേരിൽ തന്നെയാണ് അടിയന്തര സ്ഥലം മാറ്റമെന്നാണ് സൂചന. ചിറക്കടവിൽ അടുത്തിടെ രാഷ്ട്രീയകക്ഷികൾ ആയുധമെടുത്ത് പോരാടുന്ന നിലയിലേക്ക് സംഘർഷം വളർന്നിരുന്നു. വീടുകയറി ആക്രമണം, വാഹനങ്ങൾ കത്തിക്കൽ, പ്രവർത്തകരെ വഴിയിൽ തടഞ്ഞു നിർത്തി മർദ്ദിക്കൽ തുടങ്ങി പരിധി വിട്ടു തുടങ്ങിയ സംഘർഷം നിയന്ത്രണാതീതമായി. ചിറക്കടവിൽ സംഘർഷം നിയന്ത്രിക്കാൻ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ആദ്യം 15 ദിവസത്തേക്കായിരുന്നു നിരോധനാജ്ഞ. ഇത് അവസാനിക്കുന്നതിനു തൊട്ടുമുമ്ബ് സിപിഎം പ്രവർത്തകന് വെട്ടേറ്റ സംഭവവുമുണ്ടായി. ഇതോടെ വീണ്ടും നിരോധനാജ്ഞ നീട്ടി. ഇതിനു പിന്നാലെ ഡിവൈഎസ്പിക്കു കൂടി സ്ഥലം മാറ്റമായതോടെ ഇതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന ആരോപണവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്.