Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശ്ശൂര്‍: ചാലക്കുടിയില്‍ പൊലീസ് ജീപ്പ് അടിച്ചുതകര്‍ക്കുകയും പൊലീസിനെതിരെ വെല്ലുവിളി നടത്തുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന ഡിവൈഎഫ്‌ഐ. നേതാവ് നിധിൻ പുല്ലൻ കസ്റ്റഡിയില്‍. ഒല്ലൂരിലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍കഴിയുന്നതിനിടെയാണ് നിധിൻ പുല്ലനെ പൊലീസ് പിടികൂടിയത്. ഗവ. ഐടിഐ യൂണിയൻ തിരഞ്ഞെടുപ്പിലെ എസ്‌എഫ്‌ഐ വിജയത്തിനു പിന്നാലെയാണ് പൊലീസ് ജീപ്പിനു മുകളില്‍ കയറിനിന്നു ചില്ലടിച്ചു തകര്‍ക്കുകയും ബോണറ്റില്‍ കയറിയിരുന്നു പൊലീസുകാരെ പരസ്യമായി അസഭ്യം പറയുകയും ചെയ്തത്.

ഇന്നലെ നിധിൻ പുല്ലനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും, ചാലക്കുടി ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച്‌ മോചിപ്പിച്ച്‌ ഓട്ടോയില്‍ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ ഒളിവില്‍പോയ ഇയാള്‍ക്കായി തൃശ്ശൂര്‍ സിറ്റി,റൂറല്‍ പരിധികളില്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച ഉച്ചയോടെ ഒല്ലൂരിലെ സുഹൃത്തിന്റെ വീട്ടില്‍നിന്ന് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ ചാലക്കുടി എസ്‌ഐക്കെതിരെ ഭീഷണിയുമായി എസ്‌എഫ്‌ഐ നേതാക്കള്‍ രംഗത്തെത്തി. ചാലക്കുടി എസ് ഐ അഫ്‌സലിനെ തെരുവു പട്ടിയെ പോലെ തല്ലുമെന്ന് എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാറക് പറഞ്ഞു. എസ് ഐയുടെ കൈകാലുകള്‍ തല്ലിയൊടിച്ച്‌ വിയ്യൂരിലോ കണ്ണൂരിലോ പൂജപ്പുരയിലോ കിടക്കേണ്ടി വന്നാല്‍ പുല്ലാണെന്നും ഹസ്സൻ പറഞ്ഞു. എസ്‌ഐയ്ക്ക് എതിരെ പരസ്യമായാണ് ഹസ്സന്റെ അസഭ്യവര്‍ഷം. എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസിന് എതിരെ ചാലക്കുടിയില്‍ പ്രകടനം നടത്തി.

തിരഞ്ഞെടുപ്പു വിജയിച്ചതിനു പിന്നാലെ നിധിൻ പുല്ലന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ടൗണ്‍ചുറ്റി ആഹ്ലാദപ്രകടനം നടത്തിയിരുന്നു. എസ്‌ഐ എം. അഫ്‌സലും എഎസ്‌ഐയുമടക്കം അഞ്ച് പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് ഓടിക്കൊണ്ടിരിക്കേ അതിനു മുകളിലേക്കു നിധിനും സംഘവും ഇരച്ചു കയറുകയായിരുന്നു. ബോണറ്റിനു മുകളില്‍ നിന്നുകൊണ്ട് ആഞ്ഞു ചവിട്ടി. ചില്ലു തകര്‍ത്തശേഷം റോഡിലേക്കു വിതറി.

വെള്ളിയാഴ്ച വൈകീട്ട് 5.45-ഓടെയാണ് അക്രമം നടന്നത്. ഐ.ടി.ഐ. കാമ്പസിലും റോഡിലും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച്‌ രണ്ടു ദിവസം മുൻപ് എസ്.എഫ്.ഐ., എ.ബി.വി.പി. പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നു. പൊലീസെത്തി ഇരുവരുടെയും ബോര്‍ഡുകള്‍ നീക്കംചെയ്തു. എസ്.എഫ്.ഐ.ക്കാരുടെ ബോര്‍ഡുകള്‍ നീക്കംചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്‌ഐ.യുടെ പൊലീസ്ജീപ്പ് ആക്രമണം. എസ്.എഫ്.ഐ.ക്കാരും ഇതില്‍ ചേര്‍ന്നു. പൊലീസ് ജീപ്പിന്റെ ബോണറ്റില്‍ കയറി നിന്ന് ചില്ല് അടിച്ചുപൊട്ടിച്ചു.

ആക്രമണം നടന്ന് അര മണിക്കൂര്‍ കഴിഞ്ഞ് സിപിഎം. പ്രവര്‍ത്തകര്‍ക്കൊപ്പം നിധിൻ പുല്ലൻ നടന്നുപോയപ്പോള്‍ കാത്തുനിന്ന പൊലീസ്സംഘം പിടികൂടാൻ ശ്രമിച്ചു. സിപിഎം. ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ, പ്രവര്‍ത്തകനായ ഗോപി (60), ഡിവൈഎഫ്‌ഐ. പ്രവര്‍ത്തകരായ അശ്വിൻ (22), സാംസണ്‍ (22) ഉള്‍പ്പെടെയുള്ളവര്‍ ഇത് തടഞ്ഞു. ബലപ്രയോഗത്തിലൂടെ നിധിനെ കൊണ്ടുപോകാൻ പൊലീസ് ശ്രമിച്ചെങ്കിലും നടക്കാതായപ്പോള്‍ ലാത്തി വീശി. നിധിൻ പുല്ലനെ പിടികൂടി റോഡിലൂടെ വലിച്ചുകൊണ്ടുപോയി ജീപ്പിട്ടിരുന്ന സ്ഥലത്തേക്കെത്തിയപ്പോഴേക്കും പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച്‌ നിധിനെ മോചിപ്പിച്ചുകൊണ്ടുപോയി.

രാത്രി എട്ടരയോടെ സ്ഥലത്ത് വീണ്ടും സംഘര്‍ഷമുണ്ടായി. പ്രതികളെ തിരക്കിയിറങ്ങിയ പൊലീസ് വാഹനപരിശോധന നടത്തുന്നതിനിടെ എത്തിയ സിപിഎം., ഡിവൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ സ്ഥലത്തുണ്ടായിരുന്ന ഡിവൈ.എസ്‌പി. ടി.എസ്. സിനോജ്, എസ്.എച്ച്‌.ഒ. കെ.എസ്. സന്ദീപ് എന്നിവര്‍ക്കുനേരെ തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു. പൊലീസിനുനേരെ ആക്രമണമുണ്ടാകുമെന്ന തരത്തിലായി കാര്യങ്ങള്‍. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. അനേകംപേര്‍ക്ക് പരിക്കുണ്ട്. ജീപ്പ് തകര്‍ത്തതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ. ചാലക്കുടി മേഖലാസെക്രട്ടറി ജിയോ കൈതാരൻ ഉള്‍പ്പെടെ പത്തോളംപേരെ രാത്രി വൈകി പൊലീസ് കസ്റ്റഡിയിലെടുത്തു.