Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡല്‍ഹി: കേരളത്തിന്റെ എഐസിസി ചുമതല താരിഖ് അൻവറില്‍ നിന്ന് മാറ്റി. ദീപാദാസ് മുൻഷിക്കാണ് പകരം ചുമതല. ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ചുമതലയില്‍ കെസി വേണുഗോപാല്‍ തുടരും. ദേശീയ ജനറല്‍ സെക്രട്ടറിയായ പ്രിയങ്കാഗാന്ധിയെ ഉത്തര്‍പ്രദേശിന്റെ ചുമതലയില്‍നിന്ന് മാറ്റി. അവിനാശ് പാണ്ഡെയ്ക്കാണ് പകരം ചുമതല.

പ്രിയങ്ക ഗാന്ധി പ്രത്യേക ചുമതലയില്ലാത്ത ജനറല്‍ സെക്രട്ടറിയായി തുടരും. സച്ചിൻ പൈലറ്റ് ഛത്തീസ്‌ഗഡിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി. രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ചുമതലകളിലെ മാറ്റം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായ രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല നല്‍കിയതാണ് ശ്രദ്ധേയമായ നീക്കം. ചെന്നിത്തല തമിഴ്‌നാട് ചുമതല വഹിച്ചപ്പോഴാണ് മൂപ്പനാരുടെ തമിഴ് മാനില കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ആറു സംസ്ഥാനങ്ങളുടെ ചുമതല ഉണ്ടായിരുന്നു. ഈ സമയം കോണ്‍ഗ്രസ്സിന് നാലു മുഖ്യമന്ത്രിമാര്‍ മേഖലയിലുണ്ടായിരുന്നു. മധ്യപ്രദേശിലും ചുമതല വഹിച്ചു.

മാധവറാവു സിന്ധ്യ മഹാരാഷ്ട്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ കൂടെ സെക്രട്ടറിയായും ചെന്നിത്തല പ്രവര്‍ത്തിച്ചിരുന്നു. മഹാവികാസ് അഘാഡിയെ ശക്തിപ്പെടുത്തുക എന്നതടക്കമുള്ള ചുമതലകളോടെയാണ് ഖാര്‍ഗെ ഇപ്പോള്‍ ചെന്നിത്തലയെ നിയോഗിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് പുറമേ നിയമസഭാ തിരഞ്ഞെടുപ്പിലും ശ്രദ്ധിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

മല്ലികാര്‍ജുൻ ഖാര്‍ഗെ എ.ഐ.സി.സി. അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിനുശേഷം പുതിയ വര്‍ക്കിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ ചുമതലകള്‍ നല്‍കിക്കൊണ്ടുള്ള പട്ടിക പുറത്തിറക്കിയത്. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന പ്രിയങ്കാഗാന്ധിക്ക് പ്രത്യേക ചുമതലകളൊന്നുമില്ല. ജയറാം രമേശ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ ചുമതലയിലും അജയ് മാക്കൻ ട്രഷററായും തുടരും. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കെത്തുന്ന സച്ചിൻ പൈലറ്റിന് ഛത്തീസ്‌ഗഢിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. സച്ചിൻ പൈലറ്റിന് പാര്‍ട്ടിയില്‍ കൂടുതല്‍ ചുമതല നല്‍കിയത് അശോക് ഗെലോട്ടിനോട് ഇടഞ്ഞുനില്‍ക്കുന്ന നേതാവിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

ജനറല്‍ സെക്രട്ടറിമാര്‍

മുകുള്‍ വാസ്നിക്- ഗുജറാത്ത്
പ്രിയങ്കാഗാന്ധി- പ്രത്യേക ചുമതലകള്‍ ഇല്ല
ജിതേന്ദ്ര സിങ്- അസം, മധ്യപ്രദേശിന്റെ അധിക ചുമതല
രണ്‍ദീപ് സിങ് സുര്‍ജേവാല- കര്‍ണാടക
ദീപക് ബാബരിയ- ഡല്‍ഹി, ഹരിയാണയുടെ അധിക ചുമതല
സച്ചിൻ പൈലറ്റ്- ഛത്തീസ്‌ഗഢ
അവിനാഷ് പാണ്ഡേ- ഉത്തര്‍പ്രദേശ്
കുമാര്‍ ഷല്‍ജ- ഉത്തരാഖണ്ഡ്
ജി.എ. മിര്‍- ഝാര്‍ഖണ്ഡ്, പശ്ചിമബംഗാളിന്റെ അധിക ചുമതല
ദീപ ദാസ്മുൻഷി- കേരളം, ലക്ഷദ്വീപ്, തെലങ്കാനയുടെ അധിക ചുമതല
ജയറാം രമേശ്- കമ്മ്യൂണിക്കേഷൻ
കെ.സി. വേണുഗോപാല്‍- സംഘടന

ഇൻ-ചാര്‍ജുമാര്‍

രമേഷ് ചെന്നിത്തല- മഹാരാഷ്ട്ര
മോഹൻ പ്രകാശ്- ബിഹാര്‍
ഡോ. ചെല്ലകുമാര്‍- മേഘാലയ, മിസോറാം, അരുണാചല്‍ പ്രദേശ്
അജോയ് കുമാര്‍- ഒഡിഷ, തമിഴ്‌നാടിന്റേയും പുതുച്ചേരിയുടേയും അധിക ചുമതല
ഭരത് സിംഹ് സോളങ്കി- ജമ്മു കശ്മീര്‍
രാജീവ് ശുക്ല- ഹിമാചല്‍ പ്രദേശ്, ഛണ്ഡീഗഢ്
സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ- രാജസ്ഥാൻ
ദേവേന്ദര്‍ യാദവ്- പഞ്ചാബ്
മാണിക് റാവു താക്കറെ- ഗോവ, ദാമൻ ദിയു, ദാദ്ര നാഗര്‍ ഹവേലി
ഗിരീഷ് ചോദൻകാര്‍- ത്രിപുര, സിക്കിം, മണിപ്പുര്‍, നാഗാലാൻഡ്
മാണിക്കം ടാഗോര്‍- ആന്ധ്രാപ്രദേശ്, ആന്മാൻ നിക്കോബാര്‍
ഗുര്‍ദീപ് സിങ് സപ്പല്‍- അഡ്‌മിനിസ്ട്രേഷൻ

ട്രഷറര്‍- അജയ് മാക്കൻ

ജോയിന്റ് ട്രഷറര്‍മാര്‍- മിലിന്ദ് ദേവ്റ, വിജയ് ഇന്ദര്‍ സിഗ്ല