അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഇനി ക്രിമിനൽ കുറ്റം ; ജ്യോതിഷം, കൈനോട്ടം, മതപരമായ ചടങ്ങുകള് തുടങ്ങിയവ ഒഴിവാക്കി
സ്വന്തം ലേഖകൻ
ബംഗളൂരു: അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഇനി മുതൽ ക്രിമിനൽ കുറ്റം.ദുർമന്ത്രവാദം,ആഭിചാരം തുടങ്ങിയ അന്ധവിശ്വാസങ്ങളെ ക്രിമിനൽ കുറ്റമായി കണക്കാക്കുന്ന അന്ധവിശ്വാസ നിരോധന നിയമം പ്രാബല്യത്തിൽ വന്നിരിക്കുകയാണിപ്പോൾ.
കർണാടകയിലാണ് നിയമം പ്രാബല്യത്തിൽ വന്നതെന്ന് കരുതി സമാധിക്കാൻ വരട്ടെ.അധികം വൈകാതെ ഈ നിയമം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകളുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിലിരിക്കെ 2017 നവംബർ 17നാണ് മന്ത്രിസഭ ഈ ബിൽ പാസാക്കിയത്. സംഘ്പരിവാർ സംഘടനകളുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചായിരുന്നു സിദ്ധരാമയ്യ സർക്കാർ ഈ ബില്ല് പാസാക്കിയെടുത്തത്.
എന്നാൽ, ബിജെപി സർക്കാർ അധികാരത്തിലിരിക്കെയാണ് 2020 ജനുവരി നാലുമുതൽ നിയമം നടപ്പാക്കി വിജ്ഞാപനം പുറത്തിറങ്ങിയത്. കർണാടകയിലെ ചില ക്ഷേത്രങ്ങളിൽ നടക്കുന്ന മഡെസ്‌നാന (എച്ചിലിലയിൽ ഉരുളൽ), കനൽ നടത്തം, ഗരുഡൻ തൂക്കം, നാരീപൂജ മുതലായവയും ദുർമന്ത്രവാദം, ആഭിചാര ക്രിയകൾ തുടങ്ങിയവയും അന്ധവിശ്വാസ നിരോധന നിയമ പരിധിയിൽ വരും.
അന്ധവിശ്വാസ നിരോധന നിയമപ്രകാരം, ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നത് ഏഴുവർഷം വരെ തടവും അരലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. എന്നാൽ ജ്യോതിഷം, കൈനോട്ടം, വാസ്തു, മതപരമായ ചടങ്ങുകൾ തുടങ്ങിയവയെ നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
2013 ഡിസംബറിൽ മഹാരാഷ്ട്രയിലെ കോൺഗ്രസ് സർക്കാർ പാസാക്കിയ അന്ധവിശ്വാസ നിരോധന ബില്ലിൻറെ ചുവടുപിടിച്ചാണ് കർണാടകയിലും സിദ്ധരാമയ്യ സർക്കാർ ബിൽകൊണ്ടു കൊണ്ടുവന്നത്.
രാജ്യത്ത് ആദ്യമായി ഇത്തരമൊരു നിയമം മഹാരാഷ്ട്രയിലാണ് നിലവിൽവന്നത്. അന്ധവിശ്വാസ ഉന്മൂലന സമിതി സ്ഥാപകനായിരുന്ന ഡോ. നരേന്ദ്ര ദാഭോൽകറാണ് 2003ൽ ഒരു ബിൽ തയാറാക്കി സർക്കാറിന് സമർപ്പിക്കുന്നത്.
2013ൽ അദ്ദേഹം ഹിന്ദുത്വ തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇതേതുടർന്ന് അന്നത്തെ കോൺഗ്രസ് -എൻ.സി.പി സർക്കാർ നിയമം പ്രാബല്യത്തിൽ കൊണ്ടുവരുകയായിരുന്നു.
കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം കൊണ്ടുവരണമെന്ന് കഴിഞ്ഞവർഷം സംസ്ഥാന നിയമ പരിഷ്‌കരണ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.