video
play-sharp-fill
മദ്യലരഹിയിൽ വൈദികന്റെ കാറോട്ടം: രണ്ടു ബൈക്കുകൾ ഇടിച്ചു തകർത്തു; ഒടുവിൽ പൊലീസ് സ്റ്റേഷനിലായി

മദ്യലരഹിയിൽ വൈദികന്റെ കാറോട്ടം: രണ്ടു ബൈക്കുകൾ ഇടിച്ചു തകർത്തു; ഒടുവിൽ പൊലീസ് സ്റ്റേഷനിലായി

അജേഷ് മനോഹർ

കോട്ടയം: മദ്യലഹരിയിൽ അമിത വേഗത്തിൽ റോഡിലൂടെ പാഞ്ഞ കാർ രണ്ടു ബൈക്കുകളിൽ ഇടിച്ചു. മദ്യലഹരിയിൽ കാറോടിച്ച വൈദികൻ നാട്ടുകാരുടെ ഇടപെടലിനെ തുടർന്നു പൊലീസ് പിടിയിലായി. മുളന്തുരുത്തി സ്വദേശിയും വൈദികനുമായ എം.ജേക്കബി(37)നെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇദ്ദേഹത്തിനെതിരെ മദ്യപിച്ചു വാഹനം ഓടിച്ചതിനു ഗാന്ധിനഗർ പൊലീസ് കേസെടുത്തു. ഇടിച്ച വാഹനങ്ങളുടെ കേടുപാടുകൾ പരിഹരിച്ചു നൽകാമെന്നു വൈദികന്റെ ബന്ധുക്കൾ അപകടത്തിൽപ്പെട്ടവർക്ക് ഉറപ്പു നൽകിയതോടെയാണ് ഇവർ പരാതി നൽകുന്നതിൽ നിന്നു പിൻതിരിഞ്ഞതെന്നു പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ പാറമ്പുഴ – ചവിട്ടുവരി റോഡിലായിരുന്നു അപകടം. തിരുവഞ്ചൂർ ഭാഗത്തു നിന്നും അമിത വേഗത്തിൽ എത്തിയ കാർ, പുത്തേട്ട് കവലയിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകളിൽ ഇടിച്ചു. കാറിടിച്ചിട്ട ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കാർ നിർത്താതെ അമിത വേഗത്തിൽ ഡ്രൈവർ ഓടിച്ചു പോയി. ഇതേ തുടർന്നു രണ്ടു ബൈക്കുകളിലായി നാട്ടുകാർ കാറിനെ പിൻതുടർന്നു. അപകടത്തിനു ശേഷം നിർത്താതെ അമിത വേഗത്തിൽ പാഞ്ഞ കാർ തോട്ടടുത്ത ജംഗ്ഷനിൽ വച്ച് നാട്ടുകാർ പിടികൂടി. കാറിനുള്ളിൽ നിന്നും ഇറങ്ങിയ യാത്രക്കാരനും, നാട്ടുകാരും തമ്മിൽ വാക്കേറ്റവും കയ്യേറ്റവുമുണ്ടായി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം ഭാഗീകമായി തടസപ്പെടുകയും ചെയ്തു. ഇതിനിടെ നാട്ടുകാർ പൊലീസിനെ വിളിച്ചു. അരമണിക്കൂറോളം സംഘർഷമുണ്ടായിട്ടും ആദ്യം പൊലീസ് എത്തിയില്ല. തുടർന്നു ഗാന്ധിനഗർ എസ്.ഐ എം.എസ് ഷിബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ഇദ്ദേഹം വൈദികനാണെന്നു വ്യക്തമായത്. ഇയാളെ സ്റ്റേഷനിൽ എത്തിച്ച് മദ്യപിച്ചു വാഹനം ഓടിച്ചതിനു കേസെടുത്ത ശേഷം വിട്ടയച്ചു.
ഇതിനിടെ സംഭവം അറിഞ്ഞ് വൈദികന്റെ ബന്ധുക്കൾ സ്ഥലത്ത് എത്തി. അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ അറ്റകുറ്റപണി നടത്തി നൽകാമെന്ന ഉറപ്പിൽ ഇവർ പരാതി നൽകിയില്ല.