പൗരത്വ ഭേദഗതി നിയമം : സ്‌കൂളിൽ നാടകം കളിച്ച സംഭവത്തിൽ പ്രധാനാധ്യാപികയും രക്ഷിതാവും അറസ്റ്റിൽ; പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന പരാമർശമാണ് അറസ്റ്റിന് കാരണം
സ്വന്തം ലേഖകൻ
ബംഗളുരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്‌കൂളിൽ നാടകം കളിച്ച സംഭവത്തിൽ പ്രധാനാധ്യാപികയും രക്ഷിതാവും അറസ്റ്റിൽ. നാടകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം കടന്നുകൂടിയെന്ന് ആരോപിച്ചാണു പൊലീസിന്റെ നടപടി.
കർണാടക ബിദാറിലെ ഷഹീൻ സ്‌കൂൾ പ്രധാനാധ്യാപിക ഫരീദ ബീഗം, വിദ്യാർഥികളിലൊരാളുടെ അമ്മയായ അനുജ മിൻസ എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂൾ ജീവനക്കാരെയും വിദ്യാർഥികളെയും ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ രാജ്യദ്രോഹക്കുറ്റത്തിനാണു പോലീസ് കേസെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ ജനുവരി 21ന് സ്‌കൂൾ വാർഷികദിനത്തിലായിരുന്നു വിദ്യാർഥികൾ നാടകം അവതരിപ്പിച്ചത്. അഞ്ച്, ആറ് ക്ലാസകളിലെ വിദ്യാർഥികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അടക്കം വിമർശിക്കുന്ന രീതിയിൽ നാടകം കളിച്ചത്. നാടകത്തിൻറെ വീഡിയോ ദൃശ്യങ്ങൾ മാധ്യമപ്രവർത്തകനായ മുഹമ്മദ് യൂസഫ് റഹീം എന്നയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ നീലേഷ് എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയായിരുന്നു.