video
play-sharp-fill
ഉരുകിയൊലിക്കുന്ന ടാറിൽ ഒട്ടിപ്പിടിച്ച് ഏഴ് നായ്ക്കുട്ടികൾ; വീപ്പകീറി നായ്ക്കുട്ടികളെ പുറത്തെടുത്ത് ഫ്രണ്ട്‌സ് ഓഫ് ആനിമൽസ്; നായ്ക്കുട്ടികളുടെ ജീവൻ രക്ഷിക്കാൻ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

ഉരുകിയൊലിക്കുന്ന ടാറിൽ ഒട്ടിപ്പിടിച്ച് ഏഴ് നായ്ക്കുട്ടികൾ; വീപ്പകീറി നായ്ക്കുട്ടികളെ പുറത്തെടുത്ത് ഫ്രണ്ട്‌സ് ഓഫ് ആനിമൽസ്; നായ്ക്കുട്ടികളുടെ ജീവൻ രക്ഷിക്കാൻ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി: റോഡരകിൽ മറിഞ്ഞു വീണ ടാർവീപ്പയ്ക്കുള്ളിൽ കുടുങ്ങിയ ഏഴ് നായ്ക്കുട്ടികളെ പുനർജീവിതത്തിലേയ്ക്കു കൈപ്പിടിച്ച് ഉയർത്താൻ ഫ്രണ്ട്‌സ് ഓഫ് ആനിൽസിലെ ഒരു കൂട്ടം മനുഷ്യർ. ടാർവീപ്പയിൽ ഒപ്പിപ്പിടിച്ച് ശരീരം ഒന്നനക്കാൻ പോലും കഴിയാതിരുന്ന ഏഴ് നായ്ക്കുട്ടികൾക്കാണ് മൃഗസ്‌നേഹികൾ ജീവൻ തിരികെ നൽകുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച രക്ഷാപ്രവർത്തനം ഇന്ന് രാവിലെയും തുടരുകയാണ്.


ബുധനാഴ്ച ഉച്ചയോടെയാണ് ടാറിൽ പുതഞ്ഞ നിലയിൽ കാഞ്ഞിരപ്പള്ളി തുമ്പമലയിൽ ടാർ വീപ്പയ്ക്കുള്ളിൽ ഏഴ് നായ്ക്കുട്ടികളെ കണ്ടെത്തിയത്. ഒരു മാസം മാത്രം പ്രായമുള്ള ഈ നായ്ക്കുട്ടികൾ റോഡിൽ ഓടിക്കളിക്കുന്നതിനിടെ റോഡരികിൽ മറിഞ്ഞു വീണ് ടാർ വീപ്പയ്ക്കുള്ളിൽ കുടുങ്ങുകയാണെന്നാണ് സംശയിക്കുന്നത്. ഒരു ടാർ വീപ്പയിലെ ടാറിനുള്ളിൽ നാലും, മറ്റൊന്നിൽ ഏഴും നായ്ക്കുട്ടികളാണ് ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ഈ ടാർ വീപ്പയ്ക്കു സമീപം കളിക്കുകയായിരുന്ന കുട്ടികളാണ് ആദ്യം നായ്ക്കുട്ടികളുടെ കരച്ചിൽ കേട്ടത്. ഇവർ വീപ്പയ്ക്കു സമീപം എത്തിയപ്പോഴാണ് നായ്ക്കുട്ടികൾ വീപ്പയ്ക്കുള്ളിൽ ഒട്ടിപ്പിടിച്ചിരിക്കുന്നത് കണ്ടത്. തുടർന്നു ഇവർ നായ പ്രേമികളും ഫ്രണ്ട്‌സ് ഓഫ് ആനിമൽസിന്റെ പ്രവർത്തകരുമായ നോബി ശേഖറിനെയും സുഹൃത്തുക്കളായ അഭിജിത്തിനെും വിഷ്ണുവിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവർ ഇവിടെ എത്തി പരിശോധിച്ചപ്പോഴാണ് വെയിലിൽ ഉരുകിയൊലിച്ച ടാറിൽ കാൽ കുടുങ്ങിയ നായ്ക്കുട്ടികൾ ഒന്ന് അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയിൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു ഇവർ നായ്ക്കുട്ടികളെ വീപ്പയ്ക്കുള്ളിൽ നിന്നും പുറത്ത് എത്തിക്കാൻ ശ്രമിച്ചു. എന്നാൽ, നായ്ക്കുട്ടികൾക്ക് ശരീരം അനക്കാൻ പറ്റിയില്ലെന്നു മാത്രമല്ല. വേദനയെടുത്ത് പുളയുകയും ചെയ്തു.

ഇതോടെയാണ് ടാർ വീപ്പ് അറുത്തുമുറിച്ച് നായ്ക്കുട്ടികളെ പുറത്തെടുക്കാനും, ശരീരത്തിലെ ടാർ നീക്കം ചെയ്യാനും ഇവർ തീരുമാനിച്ചത്. തുടർന്നു പ്രദേശത്തു നിന്നും ഒരു ഓട്ടോറിക്ഷ വിളിച്ച് രണ്ട് ടാർ വീപ്പയും കാഞ്ഞിരപ്പള്ളി അഗ്നിശമന സേനാ ഓഫിസിൽ എത്തിച്ചു. തുടർന്നു മണിക്കൂറുകളോളം പരിശ്രമിച്ച ശേഷം ഈ ടാർ വീപ്പകൾ രണ്ടു മുറിച്ച് നായ്ക്കുട്ടികളെ പുറത്തെടുത്തു. പക്ഷേ, അപ്പോഴും ഇവരുടെ ശരീരത്തിൽ ടാർ നീക്കം ചെയ്യാൻ സാധിച്ചിട്ടില്ല. ശരീരത്തിലെ ടാർ നീക്കം ചെയ്യുന്നതിനായി സൺഫ്‌ളവർ ഓയിൽ ഉപയോഗിച്ചു കഴുകിക്കൊണ്ടിരിക്കുകയാണ്. രണ്ടു ദിവസമെങ്കിലും എടുത്തുവേണം ഈ ടാർ നീക്കം ചെയ്യാൻ. നേരത്തെ കോട്ടയം പാറേച്ചാൽ ബൈപ്പാസിനു സമീപം ടാറിൽ കുടുങ്ങിയ നായ്ക്കുട്ടിയെ സമാന രീതിയിൽ രക്ഷിച്ചിരുന്നു.