സുരക്ഷിതമെന്ന് കരുതി വാങ്ങി കുടിക്കുന്ന മിനറൽ വാട്ടറിലും കക്കൂസ് മാലിന്യം അടക്കമുള്ളവ; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സുരക്ഷിതമെന്ന് കരുതി വാങ്ങി കുടിക്കുന്ന മിനറൽ വാട്ടറിലും കക്കൂസ് മാലിന്യം അടക്കമുള്ളവ; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ശ്രീകുമാർ

കോട്ടയം : മലയാളികളുടെ തീൻ മേശയിലെ പ്രധാന ഐറ്റമായ മത്സ്യങ്ങളിലെ ഫോർമാലിൻ സാന്നിദ്ധ്യത്തിന് പിന്നാലെ കുടിവെള്ളത്തിലും മനുഷ്യ വിസർജ്യം അടങ്ങിയിട്ടുണ്ടെന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.ഈകോളി, കോളിഫോം തുടങ്ങിയ ബാക്ടീരിയകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഈ വർഷം ആദ്യം മുതൽ കഴിഞ്ഞ മാസം വരെ നീണ്ടു നിന്ന പരിശോധനയുടെ ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മൂവാറ്റുപുഴ കോലഞ്ചേരി, കോട്ടയം ജില്ലയിലെ രണ്ട് കമ്പനികൾ, തിരുവനന്തപുരം കിൻഫ്രാ, നെയ്യാറ്റിൻകര , കൊല്ലം, ആലുവതുടങ്ങിയ സ്ഥലങ്ങളിൽ നിന്നു ഉല്പാദിപ്പിക്കുന്നകുടിവെള്ളത്തിന്റെഒരു ബാച്ചിലാണ് രോഗാണുക്കളെ കണ്ടെത്തിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ ലാബിലും റഫറൽ ലാബായ മൈസൂരിലെ ലാബിലും പരിശോധിച്ചശേഷമാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. പ്രശ്‌നം കണ്ടെത്തിയ ബാച്ച് കുപ്പിവെള്ളം വിപണിയിൽ നിന്ന് പിൻവലിക്കാൻ കർശന നിർദ്ദേശം നൽകി. ഗുരുതര പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നതിനാൽ ഇവർക്കെതിരെ നിയമനടപടികളുമായി വകുപ്പ് മുന്നോട്ട് പോവുകയാണ്. പച്ചവെള്ളം പേലും കുടിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് മലയാളികൾ ജീവിക്കുന്നത് എന്നത് അമ്പരപ്പുളവാക്കുന്നു. വൻകിട ഫ്ളാറ്റുകളിലേയും വ്യാപാര സമുച്ഛയങ്ങളിലേയും മറ്റും കക്കൂസ് മാലിന്യങ്ങളടക്കമുള്ളവ ടാങ്കർ ലോറികളിൽ ശേഖരിച്ച് പൊതു സ്ഥലങ്ങളിലും മറ്റും നിക്ഷേപിക്കുന്നതിനാലാണ് ഇത്തരം ഗുരുതരമായ അവസ്ഥ കുടിവെള്ളത്തിൽ പോലും ഉണ്ടാകുന്നത്. സംസ്ഥാനത്ത് ഉയർന്ന അളവിൽ ഫോർമാലിൻ അടങ്ങിയിരിക്കുന്ന ഇറക്കുമതി മത്സ്യങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടിച്ചെടുത്തതിന് പിന്നാലെയാണ് കുപ്പിവെള്ളത്തിലെ അണുക്കളുടെ സാന്നിദ്ധ്യം പരിശോധനാ ഫലത്തിൽ പുറത്ത് വന്നിരിക്കുന്നത്.