സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരെ പിടിക്കാൻ ആരോഗ്യവകുപ്പ്; ആദ്യം പിടിക്കുക മെഡിക്കൽ കോളേജ് ഡോക്ടർമാരെ ; ആശുപത്രികളിൽ ക്ലിനിക്കൽ ഡ്യൂട്ടിയ്ക്ക് കൃത്യസമയത്ത് എത്താതവർക്കെതിരെ നടപടി; 12 മണിക്കൂറിലേറെ ജോലി ചെയ്യുന്ന ഡോക്ടർമാരുടേയും കാര്യത്തിൽ വ്യക്തത വരുത്തും
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരെ പിടിക്കാൻ ആരോഗ്യവകുപ്പ്. ആദ്യ ഘട്ടത്തിൽ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർക്കെതിരെയാവും നടപടികൾ. മെഡിക്കൽ കോളേജ് ആശുപത്രികളിൽ ക്ലിനിക്കൽ ഡ്യൂട്ടിയ്ക്ക് കൃത്യസമയത്ത് എത്താതവരെയും ഡ്യൂട്ടി സമയത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നവരെയും പിടിക്കാൻ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ അഭ്യന്തര ഓഡിറ്റ് നടത്തും.
ആദ്യഘട്ടമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഈമാസം ഒന്ന് മുതൽ 15 വരെയുള്ള ഡോക്ടർമാരുടെ പ്രവർത്തനങ്ങളാണ് വിലയിരുത്തുന്നത്. ഓരോ ദിവസവും ചെയ്ത ജോലി വേർതിരിച്ച് പ്രത്യേകം രേഖപ്പെടുത്താനുള്ള സൗകര്യം ഇതിലുണ്ട്. ഈ മാസം 15ന് ശേഷം വകുപ്പ് മേധാവിമാർക്ക് ഇത് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മെഡിക്കൽ കോളേജ് ആശുപത്രികളിൽ രാവിലെ എട്ട് മുതൽ വൈകിട്ട് 3വരെയാണ് വകുപ്പ് മേധാവിമാർ ഉൾപ്പടെയുള്ള ഡോക്ടർമാരുടെ ഡ്യൂട്ടിസമയം. എന്നാൽ പലരും ഇത് പാലിക്കുന്നില്ല. ഡി.എം.ഇയുടെ നിർദ്ദേശപ്രകാരം രാവിലെ എട്ട് മണിയ്ക്ക് ജോലിയ്ക്ക് എത്താൻ ഡോക്ടർമാർക്ക് കഴിയാതെ വന്നാൽ വകുപ്പ് മേധാവിയ്ക്ക് പരമാവധി അരമണിക്കൂർ ഇളവ് നൽകാം.
അതിൽ കൂടുതൽ വേണമെങ്കിൽ പ്രിൻസിപ്പലിന്റെ അനുമതി വേണം. ഇന്റേണൽ ഓഡിറ്റ് ആരംഭിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ എല്ലാവിഭാഗം ഡോക്ടർമാരുടെയും യോഗം പ്രിൻസിപ്പലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നിരുന്നു. രാവിലെ 10ന് എത്തി ഉച്ചയ്ക്ക് ഒന്നിന് മടങ്ങുന്നവരാണ് ഏറെയും. മറ്റു ചിലർ കൃത്യമായി എത്താറുമില്ല. എന്നാൽ ഒരു വിഭാഗം കൃത്യമായി ഡ്യൂട്ടിക്ക് എത്തുകയും അധിക സമയം കൂടി ജോലി ചെയ്താണ് മടങ്ങുന്നത്.
ഡോക്ടർമാർക്ക് പഞ്ചിംഗ് ഏർപ്പെടുത്തി സ്‌പാർക്കുമായി ബന്ധിപ്പിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. എന്നാൽ ഡോക്ടർമാർക്ക് കൃത്യമായി ജോലി സമയം നിശ്ചയിക്കാനാകില്ലെന്നും ശസ്ത്രക്രിയ ദിവസങ്ങളിൽ മണിക്കൂറുകളോളം അധികമായി ജോലി ചെയ്യുന്നത് കണക്കിലെടുക്കണമെന്നും ആവശ്യം ഉയർന്നിരുന്നു. ഇത്തരത്തിൽ അധിക സമയം ജോലി ചെയ്യുന്ന എത്ര പേരുണ്ട് എന്നത് ഉൾപ്പെടെ വിലയിരുത്താനാണ് ഇന്റേണൽ ഓഡിറ്റ്.