play-sharp-fill
ഗൈനക്കോളജി ഡോക്ടറുടെ കാർ മോഷ്ടിച്ചത് ഗർഭിണി അടങ്ങുന്ന സംഘം: ഭാരത് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കാർ മോഷണത്തിനു പിന്നിൽ ദുരൂഹത; ആശുപത്രി വളപ്പിൽ നിന്നും കാർ മോഷ്ടിച്ച സംഭവത്തിലെ വിശദീകരണം ദഹിക്കുന്നില്ല; പ്രതികളെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു

ഗൈനക്കോളജി ഡോക്ടറുടെ കാർ മോഷ്ടിച്ചത് ഗർഭിണി അടങ്ങുന്ന സംഘം: ഭാരത് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കാർ മോഷണത്തിനു പിന്നിൽ ദുരൂഹത; ആശുപത്രി വളപ്പിൽ നിന്നും കാർ മോഷ്ടിച്ച സംഭവത്തിലെ വിശദീകരണം ദഹിക്കുന്നില്ല; പ്രതികളെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു

എ.കെ ജനാർദനൻ

കോട്ടയം: ഭാരത് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ ഷീബയുടെ കാർ മോഷ്ടിച്ച സംഘത്തെ 24 മണിക്കൂർ തികയും മുൻപ് കേരള പൊലീസിലെ മിടുക്കൻമാർ പൊക്കി അകത്താക്കിയെങ്കിലും സംഭവത്തിനു പിന്നിലെ ദുരൂഹത തീരുന്നില്ല. ഗർഭിണിയായ യുവതി അടങ്ങുന്ന സംഘമാണ് കാർ മോഷ്ടിച്ചു കടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെയാണ് ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടറുടെ തന്നെ കാർ തിരഞ്ഞു പിടിച്ച് മോഷ്ടിച്ചതിനു പിന്നിൽ ദുരൂഹതയുണ്ടോ എന്നാണ് പൊലീസ് സംശയിക്കുന്നത്.

മാങ്ങാനം മനയ്ക്കൽ ആഷിക് ആന്റണി (32), ഭാര്യ സുമി (26), പുതുപ്പള്ളി മാങ്ങാനം കല്ലിശേരി മേടം പ്രവീൺ പുരുഷോത്തമൻ (32), മാങ്ങാനം നിലപ്പുറത്ത് വീട്ടിൽ സുമേഷ് രവീന്ദ്രൻ (28) എന്നിവരാണ് തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ ഭാരത് ആശുപത്രിയുടെ വളപ്പിൽ പാർക്ക് ചെയ്തിരുന്ന കാർ മോഷ്ടിച്ചു കടന്നത്. 24 മണിക്കൂർ തികയും മുൻപ് ചൊവ്വാഴ്ച ഉച്ചയ്ക്കു ഒരു മണിയോടെ തന്നെ മൂന്നാറിൽ നിന്നും വെസ്റ്റ് പൊലീസ് സംഘം പ്രതികളെ നാലു പേരെയും പിടികൂടിയിരുന്നു. മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ എത്തിയ പ്രതികളെ തന്ത്രപൂർവമാണ് പൊലീസ് കുടുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം പ്രതികളെയുമായി രാത്രി വൈകിയാണ് ഇവിടെ നിന്നും പുറപ്പെട്ടത്. ബുധനാഴ്ച പുലർച്ചെയോടെയാണ് കോട്ടയം വെസ്റ്റ് പൊലീസ് സംഘം പ്രതികളെയുമായി സ്റ്റേഷനിൽ എത്തിയത്. കാർ മോഷ്ടിച്ചതിനു പിന്നിൽ മോഷണവും കഞ്ചാവ് കടത്തും മാത്രമായിരുന്നോ പ്രതികളുടെ ലക്ഷ്യം എന്നാണ് ഇനി അറിയേണ്ടത്. നിരവധി കാറുകൾ കിടക്കുന്ന ആശുപത്രിയ്ക്കുള്ളിൽ കയറി, ഷീബ ഡോക്ടറുടെ കാർ തന്നെ തിരഞ്ഞു പിടിച്ചു മോഷ്ടിച്ചതിനു പിന്നിൽ ഗൂഡമായ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ പ്രതികൾക്കുണ്ടായിരുന്നോ എന്നു സംശയിക്കാതിരിക്കാൻ മാർഗമില്ല.

കഞ്ചാവ് കടത്തും മോഷണവും കാർ പൊളിച്ചു വിൽപ്പനയും മാത്രമായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിൽ ഏതെങ്കിലും കാർ എവിടെ നിന്നെങ്കിലും മോഷ്ടിച്ചാൽ മതിയായിരുന്നു. സിസിടിവി ക്യാമറകൾ നിറഞ്ഞു നിൽക്കുന്ന ഭാരത് ആശുപത്രി വളപ്പിൽ കയറി ഇത്രത്തോളം റിസ്‌ക് എടുത്ത് കാർ മോഷ്ടിക്കേണ്ട ആവശ്യം പ്രതികൾക്ക് ഇല്ല. ഇത് അടക്കമുള്ള കാര്യങ്ങൾക്ക് ഉത്തരം ലഭിക്കണമെങ്കിൽ കേസിലെ എല്ലാ പ്രതികളെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌തേ മതിയാവൂ. ബുധനാഴ്ച രാവിലെ മാത്രമേ പ്രതികളെ ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികൾ പൊലീസ് ആരംഭിക്കൂ. ഇതോടെ മാത്രമേ കൂടുതൽ വ്യക്തമായ ചിത്രം പൊലീസിനും ലഭിക്കൂ.