Spread the love

തിരുവനന്തപുരം: കേരളത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ ഭരണസിരകേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥ അഴിച്ചുപണിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയില്‍, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി മാനേജിങ് ഡയറക്ടര്‍ ഡോ.
ദിവ്യ എസ്. അയ്യര്‍ക്കെതിരെ ഐ.എ.എസ്. വൃത്തങ്ങളില്‍ മുറുമുറുപ്പ് ശക്തമാകുന്നു. പിണറായി ഭരണകാലത്ത് മുഖ്യമന്ത്രിയുമായി കടുത്ത വ്യക്തിബന്ധം പുലര്‍ത്തുകയും സര്‍ക്കാരിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ തുടരുകയും ചെയ്ത ദിവ്യ, ഭരണം മാറിയപ്പോള്‍ കോണ്‍ഗ്രസ് പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച്‌ പദവി നിലനിര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാണ് സഹപ്രവര്‍ത്തകര്‍ക്കിടയിലെ പ്രധാന വിമര്‍ശനം.

video
play-sharp-fill

പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തെ സ്വീകരിക്കാന്‍ മുന്‍പന്തിയില്‍ തന്നെ ദിവ്യ എസ്. അയ്യര്‍ എത്തിയതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. കോണ്‍ഗ്രസിന്റെ അന്തരിച്ച മുതിര്‍ന്ന നേതാവും മുന്‍ സ്പീക്കറുമായിരുന്ന ജി. കാര്‍ത്തികേയന്റെ മകനും മുന്‍ എം.എ.എല്‍.എയുമായ കെ.എസ്. ശബരീനാഥന്റെ ഭാര്യയാണ് ദിവ്യ. കാര്‍ത്തികേയന്റെ ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രീയ ശിഷ്യന്മാരില്‍ ഒരാളാണ് വി.ഡി. സതീശന്‍ എന്ന സാഹചര്യത്തിലാണ്, ഭരണം മാറിയ ഉടന്‍ ‘കാര്‍ത്തികേയന്റെ മരുമകള്‍’ എന്ന ലേബലില്‍ ദിവ്യ പുതിയ മുഖ്യമന്ത്രിക്ക് മുന്നില്‍ സ്ഥാനം പിടിച്ചതെന്നാണ് സെക്രട്ടേറിയറ്റ് വൃത്തങ്ങളിലെ സംസാരം.

കഴിഞ്ഞ ഇടതുപക്ഷ ഭരണകാലത്ത് പിണറായി വിജയന്റെ കടുത്ത വിശ്വസ്തരുടെ പട്ടികയിലായിരുന്നു ഡോ. ദിവ്യ എസ്. അയ്യര്‍. പത്തനംതിട്ട കളക്ടര്‍ പദവിയില്‍ നിന്നും അവരെ മാറ്റിയ ഉടന്‍ തന്നെ പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടാണ് സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തലപ്പത്തേക്ക് ദിവ്യയെ നിയമിച്ചത്. അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിഴിഞ്ഞം പദ്ധതിയുടെ നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം പിണറായി വിജയന്റെ ദൃഢനിശ്ചയത്തെയും ഭരണശൈലിയെയും പരസ്യമായി പുകഴ്ത്തി ദിവ്യ രംഗത്തെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുവേദികളിലും അഭിമുഖങ്ങളിലും പിണറായി വിജയനെ പുകഴ്ത്തി സംസാരിക്കുയും തനിക്ക് ഏറെ ആരാധന തോന്നിയ ഭരണാധികാരിയാണ് അദ്ദേഹമെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്ത വ്യക്തിയാണ് ദിവ്യ. വിഴിഞ്ഞം പോര്‍ട്ടിന്റെ സുപ്രധാന കസേര സ്വന്തമാക്കിയ ഉദ്യോഗസ്ഥ, ജനവിധി അനുകൂലമല്ലാതായതോടെ പെട്ടെന്ന് തന്നെ യു.ഡി.എഫ്. ക്യാമ്പിലേക്ക് കളംമാറ്റിചവിട്ടുന്നുവെന്നാണ് ഉയര്‍ന്നുവരുന്ന ആക്ഷേപം.
ഭരണം മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയത്തിനതീതമായി പുതിയ സര്‍ക്കാരിനെ സ്വാഗതം ചെയ്യുന്നത് സ്വാഭാവികമാണെങ്കിലും, ദിവ്യ എസ്. അയ്യരുടെ കാര്യത്തില്‍ ഇത് കടുത്ത അവസരവാദ രാഷ്ട്രീയമാണെന്നാണ് ഒപ്പമുള്ള ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നത്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ പിണറായിയുടെ വിശ്വസ്തയായും,

യു.ഡി.എഫ്. വരുമ്പോള്‍ ഭര്‍ത്താവിന്റെ കോണ്‍ഗ്രസ് പാരമ്പര്യവും സതീശനുമായുള്ള കുടുംബബന്ധവും ഉയര്‍ത്തിപ്പിടിച്ചും കസേരകള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് ഒരു വിഭാഗം മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥര്‍.
വിഴിഞ്ഞം പോര്‍ട്ടിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാകുകയും രണ്ടാം ഘട്ടത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നോട്ട് പോകുകയും ചെയ്യുന്ന ഈ നിര്‍ണ്ണായക സാഹചര്യത്തില്‍, ഇതേ തസ്തികയില്‍ തുടരാന്‍ ചില കേന്ദ്രങ്ങള്‍ ശക്തമായ നീക്കങ്ങള്‍ നടത്തുന്നുണ്ട്.