play-sharp-fill
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബില്ലുകൾ സമർപ്പിക്കുവാൻ കാലാവധി നീട്ടണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബില്ലുകൾ സമർപ്പിക്കുവാൻ കാലാവധി നീട്ടണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

സ്വന്തം ലേഖകൻ

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വാർഷിക പദ്ധതിപ്രകാരമുള്ള പദ്ധതികളുടെ ബില്ലുകൾ സമർപ്പിക്കേണ്ടിയിരുന്ന അവസാനകാലാവധിയായിരുന്ന 2020 മാർച്ച് മാസം അവസാനയാഴ്ചയിൽ ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് പ്രവർത്തികൾ പൂർത്തീകരിക്കുന്നതിനോ ബില്ലുകൾ തയ്യാറാക്കുന്നതിനോ സമർപ്പിക്കുന്നതിനോ കഴിയാതെ വന്നിരുന്നു.

ഈ സാഹചര്യത്തിൽ 2019-20 വാർഷിക പദ്ധതിയിൽപ്പെട്ട ബില്ലുകൾ സമർപ്പിക്കുവാൻ 2020 ഏപ്രിൽ മാസം പതിനെട്ടാം തീയതിവരെ സമയം അനുവദിക്കുമെന്ന് ധനകാര്യമന്ത്രി പ്രഖ്യാപിക്കുകയും അത് പ്രകാരം ഗവൺമെന്റ് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്രകാരം സമർപ്പിക്കുന്ന ബില്ലുകൾ 2020-21 പദ്ധതി വിഹിതത്തിൽ നിന്നാണ് തുക നൽകുകയെങ്കിലും 2019-20 ന്റെ ചിലവ് കണക്കിൽപ്പെടുത്തുമെന്നും അറിയിച്ചിരുന്നു.

എന്നാൽ ഇപ്പോൾ 2019-20 ലെ ബില്ലുകൾ ഏപ്രിൽ ഒന്നുമുതൽ സമർപ്പിക്കുന്നതിന് ബില്ല് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സാംഖ്യ സോഫ്റ്റ്വെയറിൽ അപ്‌ഡേഷൻ നടത്തിതന്നത് ഏപ്രിൽ പതിനാറാം തീയതി മാത്രമാണ്.

ഫലത്തിൽ ബിൽ സമർപ്പിക്കാൻ 2 ദിവസം മാത്രമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. ഇത് തികച്ചും അപര്യാപ്തമാണ് എന്നത് കൂടാതെ ലോക്ക് ഡൗൺ ദീർഘിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രവൃത്തികൾ പൂർത്തീകരിക്കാനോ ബില്ലുകൾ സമർപ്പിക്കാനോ കഴിയാത്ത സാഹചര്യം ഇപ്പോഴും നിലനിൽക്കുകയാണ്.

ആയതിനാൽ ഇക്കാര്യങ്ങൾ പരിഗണിച്ച് 2019-20 വാർഷിക പദ്ധതിയിൽപ്പെട്ട പ്രവർത്തികളുടെ ബില്ലുകൾ സമർപ്പിക്കുവാൻ 2020 മെയ് 15 വരെയെങ്കിലും കാലാവധി ദീർഘിപ്പിച്ച് നൽകണമെന്ന് സംസ്ഥാന ഗവൺമെന്റിനോട് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു.

ഇത് സംബന്ധമായി മുഖ്യമന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എന്നിവർക്ക് കത്തയച്ചതായും അദ്ദേഹം അറിയിച്ചു.