ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂലൈ 9ന്; നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾക്ക് കാതോർത്ത് കോട്ടയം
സ്വന്തം ലേഖകൻ
കോട്ടയം: നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ കേരള കോൺഗ്രസ് യുഡിഎഫിൽ എത്തിയതോടെ ഭരണമാറ്റം ഉണ്ടായ ജില്ലാ പഞ്ചായത്തിൽ വീണ്ടും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നു. ജൂലൈ ഒൻപതിനാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുക. രാവിലെ 11 നു പ്രസിഡന്റ് തിരഞ്ഞെടുപ്പും, ഉച്ചയ്ക്ക് രണ്ടിനു വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും. യുഡിഎഫിലെ മുൻ ധാരണ പ്രകാരം കോൺഗ്രസിലെ സണ്ണി പാമ്പാടി പ്രസിഡന്റാകുമെന്നാണ് സൂചന.
ഒരു വർഷം മുൻപ് കേരള കോൺഗ്രസ് യുഡിഎഫ് മുന്നണി വിട്ടതോടെയാണ് ജില്ലാ പഞ്ചായത്തിൽ ഭരണമാറ്റമുണ്ടായത്. സിപിഎം പിൻതുണയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കേരള കോൺഗ്രസ് എമ്മിലെ സഖറിയാസ് കുതിരവേലി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. വൈസ് പ്രസിഡന്റായി മേരി സെബാസ്റ്റ്യനെയാണ് അന്ന് തിരഞ്ഞെടുത്തത്.
എന്നാൽ, യുഡിഎഫ് മുന്നണി വിടാനുള്ള കേരള കോൺഗ്രസ് തീരുമാനം പുറത്ത് വന്ന് കൃത്യം ഒരു വർഷം പൂർത്തിയാകുമ്പോഴാണ് മാണി വിഭാഗം യുഡിഎഫിലേയ്ക്കു മടങ്ങിയെത്തുന്നത്. ഇതേ തുടർ്ന്ന് യുഡിഎഫ് ധാരണപാലിക്കുന്നതിനായി സഖറിയാസ് കുതിരവേലിയും, മേരി സെബാസ്റ്റ്യനും പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ രാജി വച്ചു. ഇതേ തുടർന്നാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
22 അംഗ ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസിനു ആറും, കോൺഗ്രസിനു എട്ടും, സിപിഎമ്മിന് ആറും അംഗങ്ങളാണ് ഉള്ളത്. സിപിഐയ്ക്കും പി.സി ജോർജിന്റെ ജനപക്ഷത്തിനു ഓരോ അംഗവുമുണ്ട്.