
‘ധോണി’യുടെ ശരീരത്തിൽ 15ഓളം പെല്ലെറ്റുകൾ; നാടൻ തോക്കുകളിൽ നിന്ന് വെടിയുതിർത്തതാകാമെന്ന് നിഗമനം ; വെടിവച്ചത് ഗുരുതര തെറ്റെന്ന് വനംമന്ത്രി
സ്വന്തം ലേഖകൻ
പാലക്കാട് : പാലക്കാട് ജില്ലയെ വിറപ്പിച്ച ഒറ്റയാൻ ധോണിയുടെ (പി.ടി.7) ശരീരത്തിൽനിന്ന് പെല്ലെറ്റുകൾ കണ്ടെത്തി.
വനം വകുപ്പിന്റെ പരിശോധനയിലാണ് ശരീരത്തിലുണ്ടായിരുന്ന 15 പെല്ലെറ്റുകൾ കണ്ടെത്തിയത്.പെല്ലെറ്റുകളിൽ ചിലത് വനംവകുപ്പ് അധികൃതർ തന്നെ നീക്കം ചെയ്തു.
ജനവാസ മേഖലയിൽ സ്ഥിരമായി ഇറങ്ങിയിരുന്ന ആനയ്ക്ക് നേരെ നാടൻ തോക്കുകളിൽ നിന്ന് വെടിയുതിർത്തതാകാമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെല്ലെറ്റുകൾ തറച്ചത് ആന കൂടുതൽ അക്രമാസക്തമാകാൻ കാരണമായിട്ടുണ്ടാകുമെന്നും അധികൃതർ പറയുന്നു. നിലവിൽ ധോണിയിലെ വനം വകുപ്പിന്റെ ഡിവിഷൻ ഓഫീസിന് സമീപത്തെ കൂട്ടിലാണ് ധോണി ഉള്ളത്.
ടക്കുവെടിയേറ്റതിന്റെ ക്ഷീണമെല്ലാം ആനയ്ക്ക് മാറിയിട്ടുണ്ടെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ വിജയാനന്ദൻ വ്യക്തമാക്കിയിരുന്നു.
ആനയെ ശീലങ്ങൾ പഠിപ്പിക്കാൻ രണ്ട് പാപ്പാന്മാരെയാണ് നിയോഗിച്ചിരിക്കുന്നത്.
അതേസമയം ആനയെ എയർഗൺ ഉപയോഗിച്ചു വെടിവച്ചത് ഗുരുതര തെറ്റാണെന്നും വന്യജീവികളെ പ്രകോപിപ്പിച്ചാൽ അവ പ്രതികാരബുദ്ധിയോടെ പ്രതികരിക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.