ദേവലോകം അരമനയിലേക്ക് യാക്കോബായ സഭയുടെ പ്രതിഷേധ മാര്‍ച്ച് ബുധനാഴ്ച

ദേവലോകം അരമനയിലേക്ക് യാക്കോബായ സഭയുടെ പ്രതിഷേധ മാര്‍ച്ച് ബുധനാഴ്ച

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ ദേവാലയങ്ങള്‍ കൈയേറുന്നതായി ആരോപിച്ച് ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്ക് ചൊവ്വാഴ്ച പ്രതിഷേധ മാര്‍ച്ച് നടത്തും.

യാക്കോബായ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30-നാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നതെന്ന് കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മോര്‍ തീമോത്തിയോസ്, ഭദ്രാസന അല്‍മായ സെക്രട്ടറി ഷെവലിയാര്‍ ഷിബു പുള്ളോലിക്കല്‍ എന്നിവര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ലോഗോസ് ജങ്ഷന്‍, കെ.കെ. റോഡ്, കഞ്ഞിക്കുഴി വഴി ദേവലോകത്തേക്കാണ് മാര്‍ച്ച് നടത്തുന്നത്. സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായുമായ തോമസ് മോര്‍ തീമോത്തിയോസ്, മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രീഗോറിയോസ്, ഗീവറുഗീസ് മോര്‍ കൂറിലോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ഭദ്രാസനങ്ങളിലെ എല്ലാ ഇടവകകളില്‍ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികളും വൈദികരും മാര്‍ച്ചില്‍ പങ്കെടുക്കും.

കോലഞ്ചേരി മുതല്‍ കട്ടച്ചിറ, പിറവം വരെയുള്ള ദേവാലയങ്ങളിലെ മൃഗീയ ഭൂരിപക്ഷമുള്ള സഭാംഗങ്ങളെ, സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും കോടതിവിധി തെറ്റിദ്ധരിപ്പിച്ച് ഇറക്കി വിടുകയും മൃതശരീരത്തോടു പോലും നീതി പുലര്‍ത്താത്ത ഓര്‍ത്തഡോക്‌സ് നേതൃത്വത്തിന്റെ ധാര്‍ഷ്ട്യത്തോടുള്ള പ്രതിഷേധമാണ്, സഹനത്തിലൂടെ വിജയം നേടിയ ഗാന്ധിജിയുടെ ജന്മദിനമായ ഒക്‌ടോബര്‍ രണ്ടിന് നടത്തപ്പെടുന്നതെന്ന് തോമസ് മോര്‍ തീമോത്തിയോസ് പറഞ്ഞു.

ക്രിസ്ത്യാനി എന്ന് പേര്‍ വിളിക്കപ്പെടുകയും ശ്ലീഹാന്മാരില്‍ തലവനായ പത്രോസിന്റെ സിംഹാസനം സ്ഥാപിക്കുകയും ചെയ്ത അന്ത്യോഖ്യായുടെ വിശ്വാസ സംഹിതകളെ മാറോടു ചേര്‍ത്തു പിടിച്ച ആദിമ നൂറ്റാണ്ടു മുതല്‍ ഭാരതത്തില്‍ വളര്‍ന്നുവന്ന യാക്കോബായ സുറിയാനി സഭയ്ക്ക് ആരംഭകാലം മുതലേ പീഢനങ്ങളുടെയും വ്യവഹാരങ്ങളുടെയും നീതി നിഷേധത്തിന്റെയും ചരിത്രം മാത്രമാണ് ഉണ്ടായിട്ടുള്ളത്.

പ്രതിസന്ധികളെ മുഴുവന്‍ ദൈവാശ്രയത്തിലൂടെ തരണം ചെയ്തു ക്രിസ്തുവില്‍ സാക്ഷ്യമായ സാഹോദര്യ സ്‌നേഹത്തിന്റെയും നിരപ്പിന്റെയും അനുഭവത്തിലേക്ക് വന്ന് ലോകത്തിന് ഒരു സാക്ഷ്യമായി തീരുന്നതിനുവേണ്ടിയുള്ള ഒരു സഹനസമരമാണിതെന്നും അദ്ദേഹം പറഞ്ഞു.