ക്രൈം ഡെസ്‌ക്
കോട്ടയം: പാമ്പാടിയിൽ വീടിനുള്ളിൽ തനിച്ച് താമസിക്കുന്ന അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് രണ്ടു ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. പാമ്പാടി എട്ടാം മൈൽ പൊന്നപ്പൻ സിറ്റി മണ്ണൂക്കുളങ്ങരയിൽ വത്സമ്മ (80), മകൾ മിനി (52) എന്നവരെയാണ് ബുധനാഴ്ച വൈകിട്ട് ആറരയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടു ദിവസമായി ഇരുവരെയും വീട്ടിൽ നിന്നും പുറത്തേയ്ക്കു കാണുന്നതേയില്ലായിരുന്നു. വീടിനുള്ളിൽ ലൈറ്റ് തെളിഞ്ഞ് കിടക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചത്. പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കയറിയതോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
വത്സമ്മയുടെ മൃതദേഹം തറയിലും, മകൾ മിനിയുടെ മൃതദേഹം ഉത്തരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലുമായിരുന്നു. വത്സമ്മയെ കൊലപ്പെടുത്തുകയോ, വിഷം നൽകി അപായപ്പെടുത്തുകയോ ചെയ്ത ശേഷം മിനി ജീവനൊടുക്കിയതാവാമെന്നാണ് പൊലീസ് സംശയിക്കുന്നത്. രാത്രി ഏറെ വൈകിയതിനാൽ ഇനി ഇൻക്വസ്റ്റ് നടപടികൾ ഉണ്ടാകില്ല. വ്യാഴാഴ്ച രാവിലെ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റും.
മരണവിവരമറിഞ്ഞ് നിരവധി ആളുകൾ വീട്ടിലേയ്ക്ക് എത്തിച്ചേർന്നിട്ടുണ്ട്. പ്രദേശത്ത് നൂറുകണക്കിന് ആളുകളാണ് എത്തിയിരിക്കുന്നത്. വീടും പരിസരവും പൂർണമായും പൊലീസ് കസ്റ്റഡിയിലാണ്. ഇരുവരും ജീവനൊടുക്കിയതാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, വിശദമായി അന്വേഷിക്കുകയും, വിരലടയാളം അടക്കം ശേഖരിക്കുകയും ചെയ്ത ശേഷം മാത്രമേ അന്തിമനിഗമനത്തിലേയ്ക്കു പൊലീസ് കടക്കൂ.