സ്വന്തം ലേഖകൻ
കോട്ടയം: വിദേശത്ത് നിന്നെത്തി ക്വാറന്റെനിൽ കഴിഞ്ഞിരുന്ന പ്രവാസി കുഴഞ്ഞ് വീണ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനശിക്ഷാ നടപടി എടുക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ്.
സർക്കാരിന്റെയും, മെഡിക്കൽ കോളേജ് അധികൃതരുടെയും കുറ്റകരമായ അനാസ്ഥയാണ് പ്രവാസിയുടെ മരണത്തിന് ഇടയാക്കിയത്. യഥാസമയം ചികിത്സ നല്കിയിരുന്നെങ്കിൽ രക്ഷിക്കാമായിരുന്ന വിലപ്പെട്ട ജീവനാണ് അധികൃതരുടെ അനാസ്ഥയിൽ നഷ്ടപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നാടിന്റെ കരുതൽ തേടി എത്തിയ പ്രവാസി യുവാവിന്റെ മരണത്തോടെ അനാഥമായ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണം. രാവിലെ അവശനിലയിൽ കണ്ടെത്തിയ യുവാവിനെ അടിയന്തിരമായി വിദഗ്ദ ചികിത്സ ലഭ്യമാക്കണമെന്ന് പലവട്ടം കൊറോണ സെല്ലിൽ വിളിച്ചറിയിച്ചെങ്കിലും വൈകുന്നേരം മാത്രമാണ് അധികൃതർ ആംബുലൻസ് അയക്കാൻ തയ്യാറായത്.
ജീവൻ രക്ഷിക്കാൻ വിലപ്പെട്ട മണിക്കൂറുകളാണ് നഷ്ടമാക്കിയത്. രാത്രി മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടും മണിക്കൂറുകൾ ആംബുലൻസിൽ നിന്നും ഇറക്കാൻ കൂട്ടാക്കാതിരുന്നതും വിദഗ്ദ ചികിത്സ വൈകിപ്പിച്ചു. ആയതിനാൽ ഇതിനെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തി അനാസ്ഥ കാണിച്ചവർക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.