ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല: ഡ്രൈവറുടെ മൊഴിയിലെ വൈരുദ്ധ്യം കുരുക്കിലേയ്ക്ക്; വാഹനം ഓടിച്ചയാളെ കണ്ടെത്തിയില്ലെങ്കിൽ ഇൻഷ്വറൻസിനെയും ബാധിക്കും; മൊഴികൾ ശാസ്ത്രീയ പരിശോധനയ്ക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മണരത്തിനിടയാക്കിയ അപകടത്തിൽ മൊഴിയിലെ വൈരുദ്ധ്യക്കുരുക്ക് അഴിയുന്നില്ല. അപകടത്തിനിടയാക്കിയ വാഹനത്തിന്റെ ഡ്രൈവർ അർജുന്റെ മൊഴിയും, ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴിയും തമ്മിൽ ചേരാത്തതാണ് വൈരുദ്ധ്യത്തിനിടയാക്കുന്നത്. അപകടം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും വാഹനം ഓടിച്ചത് ആരാണെന്ന് കണ്ടെത്താനാവാത്തത് പൊലീസിനെ നന്നായി കുഴക്കുന്നു. കഴിഞ്ഞ സെപ്റ്റംബർ 25 നാണ് വയലിനിസ്റ്റ് ബാലഭാസ്‌കറും, ഭാര്യ ലക്ഷ്മിയും, മകൾ തേജസ്വിനിയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ദേശീയപാതയിൽ പള്ളിപ്പുറം സി.ആർപിഎഫ് ക്യാമ്പിനു സമീപത്തു വച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ബാലഭാസ്‌കറും, മകൾ തേജസ്വിനിയും മരിക്കുകയും ചെയ്തിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. തുടർന്നാണ് ആറ്റിങ്ങൽ ഡിവൈഎസ്പിയ്ക്ക് ലക്ഷ്മി ഇതു സംബന്ധിച്ചുള്ള മൊഴി നൽകിയത്.
ഈ മൊഴി പ്രകാരം അപകടം നടക്കുമ്പോൾ ലക്ഷ്മിയും തേജസ്വിനിയും കാറിന്റെ മുൻ സീറ്റിലായിരുന്നു ഇരുന്നിരുന്നത്. കാർ ഓടിച്ചിരുന്നത് ഡ്രൈവർ അർജുനായിരുന്നു. ബാലഭാസ്‌കറാകട്ടെ കാറിന്റെ പിൻസീറ്റിൽ വിശ്രമത്തിലുമായിരുന്നു. എന്നാൽ, കാറിന്റെ പിൻസീറ്റിൽ ഇരുന്ന ബാലഭാസ്‌കർ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നതിനാലാണ് അപകടമുണ്ടായതെന്നാണ് ലക്ഷ്മി നൽകുന്ന മൊഴി.
എന്നാൽ, അപകടത്തിൽ നിന്നു രക്ഷപെട്ട ഡ്രൈവർ അർജുൻ നൽകുന്ന മൊഴി അനുസരിച്ച് തൃശൂർ മുതൽ കൊല്ലം വരെ താനാണ് വാഹനം ഓടിച്ചിരുന്നത്. തുടർന്ന് കൊല്ലത്ത് എത്തി ശീതളപാനിയം കുടിച്ച ശേഷം ബാലഭാസ്‌കർ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായാണ് അർജുൻ പൊലീസിനു നൽകിയ മൊഴി.
എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് ആദ്യ ദിവസങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയവർ പൊലീസിനു നൽകിയിരിക്കുന്ന മൊഴി. പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിനു സമീപത്തെ മരത്തിൽ വാഹനം ഇടിച്ച വിവരം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ആദ്യം എത്തുമ്പോൾ വാഹനത്തിന്റെ മുൻ സീറ്റിൽ ബാലഭാസ്‌കറും കുട്ടിയും ഇരിക്കുന്നത് കണ്ടതായാണ് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ, സാക്ഷികളും അപകടത്തിൽപ്പെട്ടവരും മൂന്നു രീതിയിൽ മൊഴി നൽകിയത് അന്വേഷണത്തെ സാരമായി ബാധിച്ചേക്കും.
അപകട മരണമായത് കൊണ്ടു തന്നെ കേസിൽ ഇൻഷ്വറൻസ് തുക അടക്കം ലഭിക്കണമെങ്കിൽ വാഹനം ഓടിച്ചത് ആരാണെന്ന് കണ്ടെത്തേണ്ടത് ആവശ്യമാണ്. വയലിനിസ്റ്റായ ബാലഭാസ്‌കറിനു കോടികളുടെ പരിപാടികളാണ് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ചുള്ള ഇൻഷ്വറൻസ് കേസിൽ വൻ തുക തന്നെ നഷ്ടപരിഹാരമായി ലഭിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് വാഹനം ഓടിച്ചത് ആരാണെന്ന് കണ്ടെത്തേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നത്.