കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കാൻസർ വാർഡിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം: മൃതദേഹം കണ്ടെത്തിയത് കാടിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ; സംഭവത്തിൽ ദുരൂഹത
തേർഡ് ഐ ബ്യൂറോ
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ കാൻസർ വാർഡിന് സമീപത്തെ കുറ്റിക്കാടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കാൻസർ വാർഡിന് മുന്നിൽ മാലിന്യങ്ങൾ തള്ളുന്ന കാടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. നാൽപത് വയസ് പ്രായം തോന്നുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത് എന്നാണ് സൂചന. കാടിനുള്ളിൽ മൃതദേഹം കിടക്കുന്നത് കണ്ട ജീവനക്കാർ വിവരം ആശുപത്രി സെക്യൂരിറ്റി വിഭാഗത്തിലെ സർജന്റിനെ അറിയിച്ചു. തുടർന്ന് സെർജന്റ് വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിക്കുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് ഒരു സാരി കണ്ടെത്തിയിട്ടുണ്ട്. ഇതാണ് മൃതദേഹം സ്ത്രീയുടേതാണ് എന്ന നിഗമനത്തിന് കാരണം.
മെഡിക്കൽ കോളജ് കാൻസർ വിഭാഗത്തിലെ റേഡിയേഷൻ , സി ടി സ്കാൻ യൂണിറ്റിന് മുന്നിലായി നിർമ്മാണത്തിൽ ഇരിക്കുന്ന വിശ്രമ മുറിയോട് ചേർന്ന കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ജില്ലാ പൊലീസ് മേധാവി പി.എസ് സാബു, ഡിവൈഎസ്പി ആർ.ശ്രീകുമാർ , സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പാർത്ഥസാരഥി പിള്ള , ഗാന്ധിനഗർ എസ് എച്ച് ഒ സി ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. വൻ ജനക്കൂട്ടവും സ്ഥലത്ത് ഉണ്ട്. പരിശോധനയ്ക്കായി ഫോറൻസക് സംഘവും സ്ഥലത്ത് എത്തി .
Whatsapp Group 1 | Whatsapp Group 2 |Telegram Group