Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: മരണ ഗെയിയിൽ കുട്ടികൾ പിടഞ്ഞ് വീണ് മരിക്കുമ്പോൾ കേരളം ആശങ്കയിലാണ്. വെള്ളമോ ഭക്ഷണമോ വേണ്ട. പുലര്‍ച്ചെ 3 വരെ കണ്ണെടുക്കാതെ മൊബൈല്‍ ഫോണില്‍ തന്നെ നോക്കിയിരുന്നു ഫ്രീ ഫയര്‍ വിഡിയോ ഗെയിം കളിക്കും. ചോദ്യം ചെയ്താല്‍ വയലന്റാകും. 2,000 രൂപയ്ക്കു മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തു കൊടുക്കണമെന്നതായിരുന്നു ഒടുവിലത്തെ ആവശ്യം. 500 രൂപയ്ക്കു ചാര്‍ജ് ചെയ്തു നല്‍കി. ബാക്കി പണം കൂട്ടുകാരന്റെ അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു ബഹളം വച്ചു. പിന്നാലെ മുറിക്കുള്ളില്‍ കയറി. ഒരു കുറിപ്പു പോലും എഴുതി വയ്ക്കാതെ അവന്‍ പോയി.”-ഇത് പറയുമ്പോള്‍ അച്ഛനും അമ്മയും കണ്ണീരിയാണ്.

മൂത്ത മകന്റെ മരണ ശേഷം ഏറെ സ്‌നേഹിച്ചു വളര്‍ത്തിയ രണ്ടാമത്തെ മകനും യാത്രയായി. ഇനി ഈ അച്ഛനും അമ്മയ്ക്കും ആരുമില്ല. മരണക്കളിയാണ് മെയ്‌ 12ന് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അനുജിത്ത് അനിലിന്റെ ജീവനെടുത്തതെന്ന് അമ്മ അജിതകുമാരി പറയുന്നു. ആദ്യ മകന്‍ അഭിജിത്ത് ഹൃദ്രോഗം മൂലം 2012ല്‍ മരിച്ചപ്പോള്‍ അവയവങ്ങള്‍ ദാനം ചെയ്ത് മാതൃകയായ അച്ഛനും അമ്മയുമാണ് മേനംകുളം സ്വദേശികളായ അനില്‍കുമാറും അജിതയും. ഈ കുടുംബത്തെയാണ് ഈ കളി തിരാ ദുഃഖത്തിലേക്ക് തള്ളി വിടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണ്‍ലൈന്‍ ഗെയിമില്‍ യഥാര്‍ഥ കഥാപാത്രങ്ങളെ പോലെ അപകടത്തില്‍ മരിക്കാന്‍ നേരം വിലപിക്കുകയും രക്തം ഒഴുക്കുകയും ചെയ്യുന്നതൊക്കെ കാണുമ്ബോള്‍ കുട്ടികളുടെ മനസ്സും അതിനനുസരിച്ച്‌ വൈകാരികമായി പ്രതികരിക്കും. ഏകാഗ്രത ആവശ്യമുള്ള കളിയായതിനാല്‍ അമിതമായ ഉപയോഗം കാഴ്ച ശക്തിയെ സാരമായി ബാധിക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. ഈ കൈവിട്ട കളിയാണ് അനുജിത്തിനേയും ആത്മഹത്യയിലേക്ക് തള്ളി വിട്ടത്. കുട്ടികളെ പിടിവാശിക്ക് അടിമയാക്കുന്ന ഓണ്‍ലൈന്‍ ഗെയിം.

മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു അനുജിത്ത്. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി. എന്നാല്‍ മൊബൈല്‍ ഗെയിം അനുജിത്തിന്റെ സ്വഭാവം മാറ്റി. ഫ്രീഫയര്‍ ഗെയിമിലേക്ക് ശ്രദ്ധ തിരിഞ്ഞതോടെ അമ്മയും ചേച്ചിയും പറയുന്നതു കേള്‍ക്കാതെയായി. സഹോദരിയുടെ മകളെ പോലും ശ്രദ്ധിക്കാതെയായി. പത്താംക്ലാസിന് ശേഷമാണ് മൊബൈല്‍ ഗെയിമുകളില്‍ കമ്പംകയറിയത്. ഫ്രീഫയര്‍ ഗെയിമിലൂടെ ഇത്തരത്തില്‍ നിരവധി ആള്‍ക്കാരുടെ പണം നഷ്ടമായിട്ടുണ്ടെന്ന് നേരത്തെ പരാതിയുയര്‍ന്നിരുന്നു. ഇത് പതിവായതോടെ ബോധവത്കരണത്തിന് ഒരുങ്ങുകയാണ് പൊലീസ്. കുട്ടികള്‍ കൂടുതല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനാല്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

പത്താം ക്ലാസില്‍ പബ്ജിയായിരുന്നു അവനു ഹരം. പിന്നീട് അതു നിരോധിച്ചതോടെ ഫ്രീഫയറിലേക്കു തിരിഞ്ഞു. ക്രമേണ 24 മണിക്കൂറും കളിയായി. ദിവസം ഒന്നര ജിബി ഡേറ്റ പോലും കളിക്കാന്‍ മതിയാകാതെ വന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ വീണ്ടും ഫോണ്‍ റീചാര്‍ജ് ചെയ്യേണ്ട അവസ്ഥയായി. 33,000 രൂപയുടെ ഫോണ്‍ വാങ്ങിയില്ലെങ്കില്‍ വാഹനത്തിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞതിനാല്‍ അതും വാങ്ങി നല്‍കി. ഒടുവില്‍ ആത്മഹത്യയും-അമ്മ പറയുന്നു.

കൂട്ടുകാര്‍ പലരും അജ്ഞാതരായിരുന്നു. കളിക്ക് അടിമയായിക്കഴിഞ്ഞ ശേഷം പെരുമാറ്റം ആകെ മാറിഅജിതകുമാരി പറഞ്ഞു. കേരളാ പൊലീസിന്റെ കൈയിലുള്ള പഠന റിപ്പോര്‍ട്ട് പ്രകാരം 4നും 15നും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ ഒരു ദിവസം ശരാശരി 74 മിനിറ്റുകളോളം ഫ്രീ ഫയര്‍ ഗെയിം കളിക്കുന്നുണ്ട്. സൗജന്യം, കളിക്കാന്‍ എളുപ്പം, വേഗം, ലോ-എന്‍ഡ് സ്മാര്‍ട് ഫോണുകളില്‍ പോലും പൊരുത്തപ്പെടുന്നത്, സുഹൃത്തുക്കളുമായി ഒരുമിച്ച്‌ കളിക്കാന്‍ കഴിയുന്നത് എന്നിവ കാരണം കുട്ടികള്‍ പെട്ടെന്ന് ഈ ഗെയിമിന് അടിമകളാകും. അപരിചിതരും പരിചയക്കാരായി എത്തും. ഇവര്‍ ലൈംഗിക ചൂഷകരോ ഡേറ്റാ മോഷ്ടാക്കളോ മറ്റു ദുരുദ്ദേശ്യം ഉള്ളവരോ ആകാം. അങ്ങനെ പലതരം ചതിക്കുഴികളുണ്ടിവിടെ.

ഫ്രീ ഫയറിന്റെ പേരില്‍ ആദ്യം ലഭിച്ച പരാതി ആലുവയില്‍ നിന്നായിരുന്നു. അക്കൗണ്ടില്‍നിന്ന് മൂന്നു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടുവെന്ന പരാതിയുമായാണ് വീട്ടമ്മ പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് സൈബര്‍ പൊലീസ് വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഫ്രീ ഫയര്‍ ഗെയിം കളിച്ച്‌ കുട്ടി പണം നഷ്ടപ്പെടുത്തിയതായി കണ്ടെത്തിയത്. 50 രൂപമുതല്‍ 5,000 രൂപവരെയാണ് ഒരോ ഇടപാടിലും 14 കാരന്‍ ചെലവാക്കിയത്. ആകെ 225 തവണ പണം അടച്ചുവെന്നും കണ്ടെത്തി. ഗെയിം ലഹരിയിലായ വിദ്യാര്‍ത്ഥി ഒരു ദിവസം തന്നെ പത്ത് തവണ ചാര്‍ജ് ചെയ്തിട്ടുണ്ട്. അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പലപ്പോഴായി പണം അക്കൗണ്ടില്‍ നിന്നു പോയതായി അറിഞ്ഞത്. സംഭവം മാതാപിതാക്കള്‍ അറിഞ്ഞു വന്നപ്പോഴേക്കും ലക്ഷങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.

കണ്ണൂരില്‍ ജയില്‍ ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ നിന്നും ഫ്രീ ഫയറിന് വേണ്ടി മകന്‍ ചോര്‍ത്തിയത് 612000 രൂപയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ വീവിങ് ഇന്‍സ്‌പെക്ടറായ പന്ന്യന്നൂരിലെ പാച്ചാറത്ത് വിനോദ് കുമാറിന്റെ അക്കൗണ്ടില്‍നിന്നാണ് പണം നഷ്ടപ്പെട്ടത്. വീട് നിര്‍മ്മാണത്തിന് വിനോദ് കുമാര്‍ വായ്പയെടുത്തിരുന്നു. ഈ തുകയാണ് അക്കൗണ്ടിലുണ്ടായിരുന്നത്. വിനോദ് കുമാറിന്റെ മകന്‍ ഓണ്‍ലൈനായി ഫ്രീഫയര്‍ എന്ന ഗെയിം കളിക്കാറുണ്ടായിരുന്നു. ഗെയിമിന്റെ തുടക്കത്തില്‍ ചെറിയ തുക എന്‍ട്രി ഫീ അടച്ചിരുന്നു. ഇതിനുശേഷമാണ് കണ്ണൂര്‍ സൗത്ത് ബസാര്‍ ശാഖയില്‍ അക്കൗണ്ടിലെ ബാക്കിയുള്ള പണവും കാണാതായത്. വിനോദ് കുമാറിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അക്കൗണ്ട് നമ്ബറും പാസ്വേഡും മനസ്സിലാക്കി പണം തട്ടിയെടുത്തതായാണ് കരുതുന്നത്.

എന്താണ് ഫ്രീ ഫയര്‍ ഗെയിം?

പബ്ജിക്ക് സമാനമായ സര്‍വൈവല്‍ ഗെയിമാണ് ഫ്രീ ഫയര്‍. നിരന്തരമായി ഗെയിം കളിച്ച്‌ മാനസിക നിലയില്‍ വ്യതിയാനം കാട്ടിയ കുട്ടികള്‍ ചികിത്സ തേടുകയാണ്. ഒരു ദ്വീപിലേക്ക് പാരച്യൂട്ടില്‍ പറന്നിറങ്ങുന്നവര്‍. യുദ്ധഭൂമിലേക്ക് ഇറങ്ങുന്ന ഇവര്‍ ആയുധങ്ങള്‍ തേടുന്നു. പിന്നീട് ഈ ആയുധങ്ങളുമായി പരസ്പരം പോരാടുന്നു. പബ് ജി പോലെ സര്‍വൈവല്‍ ഗെയിമാണ് ഫ്രീ ഫയര്‍.

2019 ല്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിം. 8 കോടി ആക്ടീവ് യൂസേഴ്‌സാണ് ഈ ഗെയിമിനുള്ളത്. പബ്ജിയുടെ നിരോധനത്തോടെ കളം പിടിച്ച ഫ്രീ ഫയര്‍ ലോക്ഡൗണ്‍ കാലത്ത് അരങ്ങ് വാഴുകയാണ്. ഇന്റര്‍നെറ്റ് ക്ലാസുകള്‍ക്കായി മൊബൈല്‍ഫോണുകള്‍ കുട്ടികളുടെ കയ്യിലായപ്പോള്‍ ഈ ഗെയിം കളിക്കുന്നവരുടെ എണ്ണം കൂടി. ഗെയിം അഡിക്ഷനും. ഊണും ഉറക്കവും ഉപേക്ഷിച്ച്‌ ഗെയിം കളിക്കുന്നവരും ഗെയിമിന്റെ അടുത്തഘട്ടത്തിലേക്ക് പോകാന്‍ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ മാതാപിതാക്കളുടെ അക്കൗണ്ട് ചോര്‍ത്തുന്നവരും ഏറെയാണ്. ഗെയിമിനടിമപ്പെട്ട നിരവധി കുട്ടികള്‍ ചികിത്സ തേടുന്നു.

ഗെയിമിനടിമപ്പെട്ട കുട്ടികള്‍ ഫോണ്‍ ലഭിക്കാതെ വന്നാല്‍ അക്രമാസക്തരുമാകുന്നു. കേവലം ഗെയിമിന്റെ നിരോധനം എന്നതിനപ്പുറം കാര്യമായ ബോധവത്കരണം ഈ മേഖലയില്‍ ഉണ്ടാകേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ച്‌ കുട്ടികള്‍ ഇന്റര്‍നെറ്റിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ പുതിയ ലോകം കണ്ടെത്തുന്ന ഇക്കാലത്ത്.