പൊലീസ് ജീപ്പിൽ നിന്നും ഇറങ്ങിയോടിയ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം തലയില്ലാതെ റെയിൽവേ ട്രാക്കിൽ: മൃതദേഹം കണ്ടെത്തിയത് കടുത്തുരുത്തി ഇരവിമംഗലത്തെ ട്രാക്കിൽ; വെട്ടിലായി പൊലീസ്
സ്വന്തം ലേഖകൻ
കോട്ടയം: കടുത്തുരുത്തിയിൽ വീട് കയറി ആക്രമണം നടത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം തലയറ്റ നിലയിൽ റെയിൽവേ ട്രാക്കിൽ. നാൽപത് വയസ് തോന്നിക്കുന്ന ബംഗാൾ സ്വദേശിയാണെങ്കിലും ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. കസ്റ്റഡിയിലിരുന്ന പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടതോടെ പൊലീസും സംഭവത്തിൽ വെട്ടിലായി.
ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെ കടുത്തുരുത്തി ഇരവിമംഗലം ചെറുവള്ളിപ്പറമ്പിൽ സിബിയുടെ വീട്ടിലായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്. വീടിനു സമീപത്ത് രാത്രിയിൽ ബഹളം കേട്ട് സിബി എഴുന്നേറ്റപ്പോഴാണ് ഇതര സംസ്ഥാന തൊഴിലാളിയെ കണ്ടത്. ഇതോടെ അക്രമാസക്തനായ ഇയാൾ വീട് അടിച്ച് തകർക്കുകയും, വീടിനു നേരെ കല്ലെറിയുകയും ആക്രമണം നടത്തുകയുമായിരുന്നു. ഇതേ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും അയൽവാസികളും ചേർന്ന് ഇയാളെ പിടികൂടി. കുതറാൻ ശ്രമിച്ച പ്രതി നാട്ടുകാരെയും ആക്രമിക്കാൻ ശ്രമിച്ചു. ബലം പ്രയോഗിച്ച ഇയാളെ വീട്ടുമുറ്റത്തെ മരത്തിൽ കെട്ടിയിട്ടാണ് നാട്ടുകാർ നിയന്ത്രിച്ചത്.
തുടർന്ന് കടുത്തുരുത്തി പൊലീസ് സ്ഥലത്ത് എത്തി കെട്ടഴിച്ച് പൊലീസ് ജീപ്പിൽ കയറ്റി. ഇവിടെ നിന്നും സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ഇതിനിടെ പ്രതി ജീപ്പിൽ നിന്നും ചാടിയിറങ്ങി ഓടിരക്ഷപെട്ടു. പൊലീസുകാർ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാളുടെ കയ്യിൽ നിന്നും കുതറി രക്ഷപെടുകയായിരുന്നു. ഇതേ തുടർന്ന് പൊലീസ് പ്രദേശത്ത് പല തവണ തിരച്ചിൽ നടത്തി. എന്നാൽ, ഇയാളെ കണ്ടെത്താൻ സാധിച്ചില്ല. പുലർച്ചെ ഏഴു മണിയോടെയാണ് ഇരവിമംഗലം റെയിൽവേ ട്രാക്കിൽ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതായി നാട്ടുകാർ പൊലീസിൽ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചത് പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപെട്ട ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് ഉറപ്പിച്ചത്. തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മാർട്ടം നടത്തിയ മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഇയാളുടെ വ്യക്ത്മായ വിലാസം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.