
ഡി.ഡി.ആര്‍.സി ലാബുകാര്‍ കൊടുവാളുമായി ഇരിപ്പുണ്ട്; ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 500 രൂപയായി സര്‍ക്കാര്‍ കുറച്ചെങ്കിലും ഡി.ഡി.ആര്‍.സി വാങ്ങുന്നത് 1700 രൂപ; പിടിച്ച്പറിക്കുന്നതിന് ഒരു മര്യാദ വേണ്ടേ ലാബുകാരേ?; ഇതിലും ഭേദം കമ്പിപ്പാരയുമായി റോഡിലിറങ്ങുന്നതാണ്
സ്വന്തം ലേഖകന്‍
കോട്ടയം: കോവിഡ് പരിശോധനയായ ആര്‍.ടി.പി.സി.ആര്‍ നിരക്ക് സര്‍ക്കാര്‍ 500 രൂപയാക്കി കുറച്ചിട്ടും കോട്ടയം ഡി.ഡി.ആര്‍.സിയില്‍ ഈടാക്കുന്നത് പഴയ നിരക്കായ1700 രൂപ. ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ്, അത് മുതലെടുത്ത് ഡിഡിആര്‍സി പെട്ടിയില്‍ പണം നിറക്കുന്നത്.
കോവിഡ് പരിശോധനയ്ക്കായി ഡി.ഡി.ആര്‍.സിയില്‍ എത്തിയ ചിങ്ങവനം സ്വദേശിയായ യുവാവില്‍ നിന്നും 1700 രൂപയാണ് ലാബ് അധികൃതര്‍ ഈടാക്കിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് 500 രൂപയാണ് നിരക്കെന്ന് കരുതി ആ തുക മാത്രമാണ് യുവാവ് കയ്യില്‍ കരുതിയത്. 1700 രൂപ ബില്ല് വന്നപ്പോള്‍ ബാക്കി തുക മൂലേടം സ്വദേശിയായ യുവാവിന്റെ സുഹൃത്താണ് ലാബില്‍ എത്തിച്ച് നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവ ശേഷം യുവാക്കള്‍ തേര്‍ഡ് ഐ ന്യൂസില്‍ വിളിച്ച് ഡിഡിആര്‍സിയല്‍ നടക്കുന്ന കൊള്ളയെപ്പറ്റി പറഞ്ഞു. തുടര്‍ന്ന് തേര്‍ഡ് ഐ ന്യൂസ് സംഘം ഡിഡിആര്‍സിയില്‍ വിളിച്ച് ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് എത്ര രൂപയാണെന്ന് അന്വേഷിച്ചു.
1700 രൂപയാണ് ഈടാക്കുന്നതെന്നായിരുന്നു ലാബ് ജീവനക്കാരിയുടെ മറുപടി. ആര്‍.ടി.പി.സി.ആര്‍ നിരക്ക് സര്‍ക്കാര്‍ 500 രൂപയാക്കി കുറച്ചല്ലോ എന്ന് തിരികെ ചോദിച്ചപ്പോള്‍, ഞങ്ങള്‍ക്ക് മുകളില്‍ നിന്നും അറിയിപ്പൊന്നും ലഭിച്ചില്ല എന്ന ദാര്‍ഷ്യട്യം നിറഞ്ഞ മറുപടിയാണ് ഡിഡിആര്‍സിയില്‍ നിന്നും ലഭിച്ചത്..!
സംസ്ഥാനസര്‍ക്കാരിന്റെ ഉത്തരവിനും മുകളില്‍ എന്ത് അറിയിപ്പാണ് ഡിഡിആര്‍സിക്ക് ലഭിക്കാനുള്ളതെന്ന് വ്യക്തമല്ല. വൈറസിന്റെ മഹാരാഷ്ട്ര വകഭേദം ഉയര്‍ത്തുന്ന ഭീഷണികളില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ജില്ല. ടിപിആര്‍ ഇരുപത് ശതമാനത്തില്‍ അധികമായി തുടരുന്ന കോട്ടയത്ത്, സാധാരണക്കാരില്‍ നിന്നും കോവിഡ് പരിശോധനക്ക് മൂന്നിരട്ടി തുക ഈടാക്കുന്ന ഡിഡിആര്‍സിക്കെതിരെ കര്‍ശന നടപടി എടുത്തില്ലെങ്കില്‍ മറ്റ് സ്വകാര്യ ലാബുകളും ഇവരെ അനുകരിച്ച് രംഗത്തെത്തിയേക്കാം.
ലാബുകളിലെ പരിശോധനകളുടെ നിരക്ക് ഏകോപിപ്പിക്കാനോ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനോ നിലവില്‍ യാതൊരു സംവിധാനവുമില്ല.
ഓരോ ലാബുകളും പരിശോധനകള്‍ക്ക് തോന്നുന്ന നിരക്കാണ് രോഗികളില്‍ നിന്നും ഈടാക്കുന്നത്. ഇതിന് മുന്‍പ് കോട്ടയം മെഡിക്കല്‍ കോളേജിന് സമീപമുള്ള സ്വകാര്യ ലാബുകളില്‍ നടക്കുന്ന വ്യാപക തട്ടിപ്പിനെപ്പറ്റി തേര്‍ഡ് ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.