
സ്വന്തം ലേഖിക
കൊച്ചി: സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെതിരെ അധിക്ഷേപവുമായി വിമത വിഭാഗം.
ബിഷപ്പ് കരിയലിനെ മാറ്റിയതിനെ ചോദ്യം ചെയ്താണ് വിമതര്‍ ബിഷപ്പിനെ തടഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആന്‍ഡ്രൂസ് താഴത്തിന്‍റെ കാലു തല്ലിയൊടിക്കുമെന്നായിരുന്നു വിമത വിഭാഗത്തിന്‍റെ ഭീഷണി. ബിഷപ്പ് ഗുണ്ടാ നേതാവാണെന്നും വിമതര്‍ അധിക്ഷേപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം, തുടര്‍ന്ന് വന്ന കുര്‍ബാന പരിഷ്കരണം, തര്‍ക്കങ്ങള്‍ എന്നിവയ്ക്കൊക്കെ തുടര്‍ച്ചയായാണ് വിമത വിഭാഗത്തെ പിന്തുണച്ചെന്ന കാരണം പറഞ്ഞ് ബിഷപ്പ് ആന്‍റണി കരിയിലിനെ മാറ്റിയത്. സിനഡിന്‍റെ ആവശ്യപ്രകാരം വത്തിക്കാന്‍ നേരിട്ട് ഇടപെട്ടായിരുന്നു നടപടി. അതിനു ശേഷമാണ് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായി തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ് ആയിരുന്ന മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ എറണാകുളം അതിരൂപതയുടെ ചുമതലയിലേക്ക് കൊണ്ടുവന്നത്.
അദ്ദേഹം ചുമതലയേറ്റതിന് പിന്നാലെ അവിടെ അതിരൂപതയിലെ ഭരണസമിതി ആയ കൂരിയ പിരിച്ചുവിട്ടിരുന്നു. അതിലെ അംഗങ്ങള്‍ വിമതവൈദികര്‍ക്കൊപ്പം നില്‍ക്കുന്നു എന്ന ആക്ഷേപം ഉയര്‍ത്തിയായിരുന്നു നടപടി.
ഇതിനു പിന്നാലെയാണ് വിശ്വാസികളുടെ ഒരു സംഘം മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ തടഞ്ഞുവച്ചതും ഇത്തരത്തില്‍ അധിക്ഷേപിച്ചതും. അധിക്ഷേപങ്ങളെല്ലാം നേരിടുമ്പോഴും അക്ഷോഭ്യനായാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രതികരിച്ചത്. ഇതെല്ലാം തന്നെ ചുമതലയില്‍ നിയോഗിച്ചവരെ അറിയിക്കാമെന്ന് പറഞ്ഞ് മടങ്ങി പോകുകയായിരുന്നു.
സീറോ മലബാര്‍ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികളുടെയും വൈദികരുടെയും റാലി കൊച്ചിയില്‍ നടന്നിരുന്നു. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന വിശ്വാസ സംരക്ഷണ റാലിയിലും യോഗത്തിലും ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. പുതിയ അഡ്മിനിസ്‌ട്രേറ്റ് നിയമനത്തിനും ജനാഭിമുഖ കുര്‍ബാന വിഷയത്തിലുമുള്ള സിനഡ് തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് റാലിയും വിശ്വാസ സംരക്ഷണം സംഗമവും സംഘടിപ്പിച്ചത്.







