വരാപ്പുഴ കസ്റ്റഡി മരണം: പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വാരാപ്പുഴ കസ്റ്റഡിമരണം സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കർ നിഷേധിച്ചതിനെ തുടർന്ന് നിയമസഭയിൽ ബഹളം. സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം നിഷേധിച്ചതിക്കുകയും സഭാനടപടികൾ നർത്തിവെയ്ക്കാൻ സാധിക്കില്ലെന്നും സ്പീക്കർ അറിയിച്ചു. സഭാനടപടികൾ തുടരാൻ സ്പീക്കർ പ്രതിപക്ഷ നേതാവുമായും മുഖ്യമന്ത്രിയുമായും ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് നടപടികൾ റദ്ദാക്കി നിയമസഭ ഇന്നേക്ക് പിരിഞ്ഞു. അഭ്യന്തരവകുപ്പിന്റെ വീഴ്ച്ച മുൻനിർത്തി സർക്കാരിനെ കടന്നാക്രമിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷം ഇന്ന് വാരാപ്പുഴ കസ്റ്റഡിമരണമാണ് അടിയന്തരപ്രമേയമായി കൊണ്ടു വരാൻ ശ്രമിച്ചത്. പ്രതിപക്ഷത്ത് നിന്ന് വി.ഡി സതീശൻ എം.എൽ.എ ഇതിനായി നോട്ടീസ് നൽകുകയും ചെയ്തു. എന്നാൽ വാരാപ്പുഴ കസ്റ്റഡിമരണക്കേസ് ഇപ്പോൾ കോടതിയുടെ മുന്നിലാണെന്നും അതിനാൽ ഇത് സഭ ചർച്ച ചെയ്യേണ്ടതില്ലെന്നുമായിരുന്നു സ്പീക്കറുടെ നിലപാട്. ഇത് ചോദ്യം ചെയ്ത് പ്രതിപക്ഷനേതാവ് രംഗത്ത് വന്നതോടെ സഭയിൽ ബഹളമായി. സോളാർക്കേസും ബാർകോഴക്കേസും മുൻപ് കോടതിയുടെ പരിഗണനയിൽ ഇരിക്കെ തന്നെ ചർച്ച ചെയ്തിട്ടുണ്ട് എന്നതിനാൽ അത്തരമൊരു കീഴ്‌വഴക്കത്തിന് പ്രസക്തിയില്ലെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.