നിലവിൽ വാറന്റുള്ള പ്രതികളെയും ഒളിവിൽ കഴിയുന്നവരെയും ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ തീരുമാനം; ജില്ല തിരിച്ച് സ്ഥിരം കുറ്റവാളികളുടെ കണക്ക് രേഖപ്പെടുത്തും; ഗുണ്ടകൾക്കും കുറ്റവാളികൾക്കും പൂട്ടൊരുക്കി പോലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് നാളുകളായി സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വലിയൊരു വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കൊലപാതകങ്ങളും ഗുണ്ടാ വിളയാട്ടവും ജനങ്ങളെ പൊറുതിമുട്ടിക്കുന്നു.

ഈ പശ്ചാത്തലത്തിൽ സ്ഥിരം കുറ്റവാളികളെയും ഗുണ്ടകളെയും പൂട്ടാൻ പോലീസ് നടപടി കർശനമാക്കുന്നു. ഇരു വിഭാഗങ്ങളിലുമുള്ള കുറ്റവാളികളുടെയും മുൻപു കേസുകളിൽപ്പെട്ടവരുടെയും പട്ടിക ജില്ലാ അടിസ്ഥാനത്തിൽ തയാറാക്കാനാണു ഡിജിപി അനിൽകാന്ത് നൽകിയിരിക്കുന്ന നിർദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ വാറന്റുള്ള പ്രതികളെയും ഒളിവിൽ കഴിയുന്നവരെയും ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും ജാമ്യത്തിലുള്ളവർ വ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോയെന്നു പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഈയിടെ കേരളത്തിലുണ്ടായ കൊലപാതകങ്ങളിൽ നേരിട്ടു പങ്കെടുത്തവരുടെയും ആസൂത്രണം ചെയ്തവരുടെയും വാഹനവും ആയുധവും ഫോണും നൽകി സഹായിച്ചവരുടെയും വിവരങ്ങൾ ശേഖരിച്ച് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കുമെന്നു ഡിജിപി അറിയിച്ചു.

ക്രിമിനൽ സംഘങ്ങൾക്കു പണം കിട്ടുന്ന സ്രോതസ്സ് കണ്ടെത്താൻ അന്വേഷണം നടത്തണം. പുതിയ മാർഗനിർദേശങ്ങൾ നടപ്പാക്കിയതു സംബന്ധിച്ച് ക്രമസമാധാന വിഭാഗം എഡിജിപിയും ഐജിമാരും എല്ലാ ആഴ്ചയും റിപ്പോർട്ട് നൽകണമെന്നും ഡിജിപി നിർദേശിച്ചു.