
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് ആയ പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം. മനുവി (40)നെ 35 വർഷം കഠിന തടവിനും 66,000 രൂപ പിഴയടയ്ക്കാനും വിധിച്ചു. രണ്ടാമത്തെ കേസിലാണ് വിധി.
പിഴ ഒടുക്കാത്ത പക്ഷം 6.9 വർഷം അധികതടവ് അനുഭവിക്കണം. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയുടേതാണ് ഉത്തരവ്. മനുവിന്റെ പേരിലുള്ള മൂന്നാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.
ആദ്യ കേസിലെ ശിക്ഷാ കാലാവധിക്ക് ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂ എന്നും വിധിന്യായത്തിൽ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 427 പ്രകാരം പ്രതിയുടെ ഓരോ കേസുകളിലെ ശിക്ഷാ കാലാവധി കഴിഞ്ഞതിനു ശേഷം ഈ ശിക്ഷകൾ നടപ്പിലാക്കണം എന്ന് പ്രോസീക്യൂഷൻ വാദിച്ചു. അത് പരിഗണിച്ചാണ് കോടതി പ്രേത്യേകം ശിക്ഷാകാലാവധി വിധിച്ചത്.
തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ്ങ് സെന്ററിനെ കേന്ദ്രീകരിച്ചാണ് സംഭവം. 2018 മുതലാണ് കുട്ടി കോച്ചിങ്ങിനായി ഈ സ്ഥാപനത്തിൽ എത്തുന്നത്.
കുട്ടിയെ പരിശീലനത്തിനെന്ന് പറഞ്ഞ് ജിമ്മിലേക്കും ബാത്‌റൂമിലേക്കും കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതുകൂടാതെ പ്രതി ഈ കുട്ടിയുടെ നഗ്നഫോട്ടോയും വിഡിയോയും എടുക്കുകയും മറ്റൊരു കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തി ഈ കേസിലെ അതിജീവിതയുടെ നഗ്ന വീഡിയോ എടുപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിയുടെ ഇഷ്ടത്തിന് വഴങ്ങാതിരുന്ന പെൺകുട്ടിക്ക് പിന്നീട് പ്രതി ശരിയായ കോച്ചിങ് കൊടുക്കാതെയായി. ഇതിനാൽ 2019 ഇൽ കുട്ടി കോച്ചിങ്ങിനായി മറ്റൊരു സ്ഥലത്തേക്ക് പോയി.
പീഡനം പുറത്ത് പറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയതിനാൽ കുട്ടി ഭയന്ന് വെളിയിൽ പറഞ്ഞില്ല.
ഈ കുട്ടിക്ക് പുറമെ കോച്ചിങ് എത്തിയ മറ്റ് അഞ്ച് കുട്ടികളെയും പ്രതി പീഡിപ്പിച്ചിട്ടുണ്ട്. പീഡനത്തിൽ മനംനൊന്ത് ഇവരും വേറെ സ്ഥലത്തേയ്ക്ക് കോച്ചിങ്ങിന് പോയി. ഇവരും പ്രതിയെ ഭയന്ന് സംഭവം പുറത്തുപറഞ്ഞില്ല.







