
തേർഡ് ഐ ബ്യൂറോ
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ അജിത്ത് ഡോവലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം യു.എ.ഇ മുതൽ കേരളം വരെ അന്വേഷണം നടത്താനൊരുങ്ങുമ്പോൾ സി.പി.എമ്മിനു പേടിസ്വപ്‌നമായ ഒരു ഉദ്യോഗസ്ഥനും അന്വേഷണ സംഘത്തിൽ. കണ്ണൂരിലെ നിരവധി കേസുകളിൽ സി.പി.എമ്മിനെ കുടുക്കിയ മുൻ തലശേരി ഡിവൈ.എസ്.പിയായിരുന്ന എ.പി ഷൗക്കത്തലിയാണ് ഇപ്പോൾ എൻ.ഐ.എ സംഘത്തിലുള്ളത്. ഇദ്ദേഹം തന്നെയാണ് ഇപ്പോൾ ബംഗളൂരുവിൽ നിന്നും സ്വപ്‌നയെയും സംഘത്തിനെയുമായി കൊച്ചിയിലേയ്ക്കു എത്തുന്നത്.
സി.പി.എമ്മിനെ മാസങ്ങളോളം പ്രതിസന്ധിയിലാക്കിയ കേസായിരുന്നു ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരൻ വധക്കേസ്. ഈ കേസിൽ കൊലസംഘാംഗങ്ങളായ പ്രതികൾ, ഒളിച്ചിരുന്നത് കണ്ണൂരിലെ സി.പി.എമ്മിന്റെ പാർട്ടി ഗ്രാമമായ മുടക്കോഴി മലയിലായിരുന്നു. ഈ മുടക്കോഴി മലയിൽ ഒളിച്ചിരുന്ന പ്രതികളെ ഇവിടെ അർദ്ധരാത്രി കടന്നു കയറി തോക്കു ചൂണ്ടി സാഹസികമായി പിടികൂടുകയായിരുന്നു അന്നു ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന എ.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ടി.പി കേസിലെ പ്രതിയായിരുന്ന സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി.മോഹനനെ നടു റോഡിൽ തടഞ്ഞു നിർത്തി അറസ്റ്റ് ചെയ്തതിനു പിന്നാലെ സി.പി.എമ്മിന്റെ കണ്ണിലെ കരടായി ഷൗക്കത്തലി മാറിയിരുന്നു. ഇതിനു ശേഷം ഷൗക്കത്തലിയുടെ വീടിനു നേരെ സി.പി.എമ്മിന്റെ ആക്രമണം അടക്കമുണ്ടായിരുന്നു. ഇതിനു ശേഷമാണ് ഇദ്ദേഹം എൻ.ഐ.എയിലേയ്ക്കു ഡെപ്യൂട്ടേഷനിലേയ്ക്കു പോയത്.
2014 ൽ ഡെപ്യൂട്ടേഷനിലാണ് ഇദ്ദേഹം എൻ.ഐ.എയിലേയ്ക്കു പോയത്. തുടർന്നു, കനകമല തീവ്രവാദക്കേസ് അന്വേഷണത്തിനായാണ് ഇദ്ദേഹം വീണ്ടും കേരളത്തിലേയ്ക്കു എത്തിയത്. ഏറ്റവും ഒടുവിൽ സ്വർണ്ണക്കടത്ത് കേസ് അന്വേഷണത്തിനായി എത്തുന്ന അന്വേഷണ സംഘത്തിലും ഇദ്ദേഹം ഉണ്ട്. ഇത് തന്നെയാണ് സി.പി.എമ്മിനെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്നതും.
അഡ്ജസ്റ്റുമെന്റുകൾക്കു തയ്യാറാകാത്ത ഏതു പ്രതിസന്ധിയിലും സത്യസന്ധമായി അന്വേഷണം പൂർത്തിയാക്കുന്ന ഷൈക്കത്തലി സി.പി.എമ്മിനു ഏറ്റവും വലിയ ഭീതിയാണ്. ഈ സാഹചര്യത്തിലാണ് സ്വർണ്ണക്കടത്ത് കേസ് അന്വേഷണം സർക്കാരിനെയും സിപിഎമ്മിനെയും ഒരു പോലെ ഭയപ്പെടുത്തുന്നത്.