video
play-sharp-fill

ഡി.രാജയുടെ മോഹം നടക്കില്ല: പ്രായ പരിധിയിൽ ഇളവ് നേടി വീണ്ടും ജനറൽ സെക്രട്ടറിയാകാനുള്ള നീക്കം പൊളിഞ്ഞു: ഇളവ് നല്‍കണമെന്ന നിർദ്ദേശം സി.പി.ഐ ദേശിയ എക്സിക്യൂട്ടീവ് തളളി

ഡി.രാജയുടെ മോഹം നടക്കില്ല: പ്രായ പരിധിയിൽ ഇളവ് നേടി വീണ്ടും ജനറൽ സെക്രട്ടറിയാകാനുള്ള നീക്കം പൊളിഞ്ഞു: ഇളവ് നല്‍കണമെന്ന നിർദ്ദേശം സി.പി.ഐ ദേശിയ എക്സിക്യൂട്ടീവ് തളളി

Spread the love

തിരുവനന്തപുരം: ജനറല്‍ സെക്രട്ടറി ഡി.രാജയ്ക്ക് ഒരു ടേം കൂടി പദവിയില്‍ തുടരുന്നതിന് വേണ്ടി കൊണ്ടുവന്ന പ്രായപരിധിയില്‍ ഇളവ് നല്‍കണമെന്ന നിർദ്ദേശം സി.പി.ഐ ദേശിയ എക്സിക്യൂട്ടീവ് തളളിക്കളഞ്ഞു.
പാർട്ടിയുടെ നേതൃസമിതികളില്‍ തുടരുന്നതിനുളള പരമാവധി പ്രായപരിധി 75 വയസായി നിജപ്പെടുത്തിയ പാ‍‍‍ർട്ടി ദേശിയ കൗണ്‍സിലിന്റെയും വിജയവാഡ പാർട്ടി കോണ്‍ഗ്രസിന്റെയും തീരുമാനത്തില്‍ ഇളവ് വേണമെന്ന നി‍ർദ്ദേശമാണ് ദേശിയ എക്സിക്യൂട്ടീവ് തളളിയത്.

75 വയസ് പിന്നിട്ട ജനറല്‍ സെക്രട്ടറി ഡി.രാജക്ക് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഒരു ടേം കൂടി തുടരണമെന്നുണ്ട്.

ഇതിന് വേണ്ടിയാണ് 75 വയസ് പ്രായപരിധി നിബന്ധനയില്‍ ചിലർക്കെങ്കിലും ഇളവ് നല്‍കേണ്ടി വരുമെന്ന നിർദ്ദേശം ദേശിയ എക്സിക്യൂട്ടിവീല്‍ അവതരിപ്പിച്ചത്.
ഡി.രാജയുടെ താല്‍പര്യം മനസിലാക്കി ദേശിയ സെക്രട്ടേറിയേറ്റാണ് പ്രായ പരിധിയില്‍ ഇളവ് നല്‍കണമെന്ന നിർദ്ദേശം എക്സിക്യൂട്ടിവില്‍ അവതരിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഒട്ടും ദയയും ദാക്ഷണ്യവുമില്ലാതെയാണ് ദേശിയ എക്സിക്യൂട്ടിവ് അംഗങ്ങള്‍ നിർദ്ദേശത്തോട് പ്രതികരിച്ചത്. ദേശിയ എക്സിക്യൂട്ടിവ് അംഗങ്ങളില്‍ ഭൂരിപക്ഷം പേരും നിർദ്ദേശത്തെ അതിരൂക്ഷമായി വിമ‍ർശിച്ചു.

വിജയവാ‍‍ഡ പാർട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടന്ന ദേശിയ കൗണ്‍സിലിലാണ് പാർട്ടിയുടെ നേതൃസമിതികളില്‍ തുടരുന്നതിനുളള പരമാവധി പ്രായം 75 വയസായി നിജപ്പെടുത്തുന്ന തീരുമാനം കൈക്കൊണ്ടത്.
ഭരണഘടനാ ഭേദഗതി വേണ്ട വിഷയമായതിനാല്‍ വിജയവാഡ പാർട്ടി കോണ്‍ഗ്രസ് ഭേദഗതിയും വരുത്തിയതാണ്. ദേശിയ കൗണ്‍സിലും പാർട്ടി കോണ്‍ഗ്രസും തീരുമാനിച്ച വിഷയത്തില്‍ വീണ്ടും ഇളവ് ആവശ്യപ്പെടാൻ എങ്ങനെ നേതൃത്വത്തിന് തോന്നി എന്നായിരുന്ന ദേശിയ എക്സിക്യൂട്ടീവില്‍ ഉയർന്ന ചോദ്യം.

പാർട്ടി വളരെ ആലോചിച്ച്‌ എടുത്ത തീരുമാനത്തില്‍ വെളളം ചേർക്കുന്ന നിർദ്ദേശമാണ് ദേശിയ സെക്രട്ടേറിയേറ്റ് മുന്നോട്ട് വെച്ചതെന്നും ചില എക്സിക്യൂട്ടീവ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

പാർട്ടിയുടെ സംഘടനാ വിഷയങ്ങളെ എത്ര ലാഘവത്തോടെയാണ് നേതൃത്വം സമീപിക്കുന്നത് എന്നതിന്റെ തെളിവാണ് പ്രായപരിധിയില്‍ ഇളവ് വേണമെന്ന നിർദ്ദേശമെന്നും ദേശിയ എക്സിക്യൂട്ടീവ് അംഗങ്ങള്‍ വിമ‍ർശിച്ചു.
കേരളത്തില്‍ നിന്നുളള ദേശിയ എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ.കെ.പ്രകാശ് ബാബു, പി.സന്തോഷ് കുമാർ എം.പി എന്നിവരും പ്രായപരിധിയില്‍ ഇളവ് വേണമെന്ന നിർദ്ദേശത്തെ ശക്തമായി എതിർത്തു.

അനാരോഗ്യം മൂലം എസ്.സുധാകർ റെഡ്ഢി സ്ഥാനം ഒഴിഞ്ഞ 2021ലാണ് ഡി.രാജ സി.പി.ഐയുടെ ദേശിയ ജനറല്‍ സെക്രട്ടറിയായി അധികാരമേല്‍ക്കുന്നത്.
വിജയവാഡ പാർട്ടി കോണ്‍ഗ്രസില്‍ വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട രാജക്ക് ഒരു ടേം മാത്രമാണ് പൂർണതോതില്‍ ലഭിച്ചത്. അത് കണക്കിലെടുത്താണ് രാജക്ക് പ്രായപരിധി നിബന്ധനയില്‍ ഇളവ് നല്‍കി ഒരു ടേം കൂടി നല്‍കണമെന്ന ആവശ്യമുയരുന്നത്.

രാജയുടെ ഭാര്യ ആനിരാജ അടക്കം അംഗങ്ങളായിരിക്കുന്ന ദേശിയ സെക്രട്ടേറിയേറ്റിനെ കൊണ്ട് ഈ നിർദ്ദേശം അംഗീകരിപ്പിക്കാൻ കഴിഞ്ഞെങ്കിലും എക്സിക്യൂട്ടിവും ദേശിയ കൗണ്‍സിലും അംഗീകരിക്കാതെ ഇളവ് നല്‍കണമെന്ന ആവശ്യം ഫലപ്രാപ്തിയിലെത്തില്ല.

കേരളത്തില്‍ നിന്നുളള മുതിർന്ന നേതാക്കളായ കെ.ഇ.ഇസ്മയില്‍, സി.ദിവാകരൻ, പന്ന്യൻ രവീന്ദ്രൻ എന്നിവരെയെല്ലാം 75 പ്രായം പറഞ്ഞാണ് ദേശിയ എക്സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നുമെല്ലാം ഒഴിവാക്കിയത്.
പാർട്ടിയുടെ നേതൃസമിതികളിലേക്ക് 75 വയസ് പ്രായപരിധി കർശനമായി നടപ്പാക്കാൻ തീരുമാനിച്ച ശേഷം രാജക്ക് മാത്രമായി ഇളവ് നല്‍കുന്നത് ശരിയല്ലെന്നാണ് ദേശിയ എക്സിക്യൂട്ടീവിൻെറ പൊതുവികാരം.