
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച തർക്കത്തിൽ നിലപാട് കടുപ്പിച്ച് സിപിഐ. പ്രതിപക്ഷ ഉപനേതൃസ്ഥാനം ലഭിക്കാത്ത പക്ഷം നിയമസഭാ കക്ഷിയിലെ മറ്റ് ചുമതലകൾ ഏറ്റെടുക്കില്ലെന്ന് സിപിഐ നേതൃത്വം സിപിഐഎമ്മിനെ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംയുക്ത പാർലമെന്ററി പാർട്ടി യോഗങ്ങളിലും പങ്കെടുക്കില്ലെന്ന നിലപാടിലാണ് സിപിഐ.
പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച അഭിപ്രായവ്യത്യാസം രൂക്ഷമായതോടെ എൽഡിഎഫ് നിയമസഭാ കക്ഷിയോഗം പോലും ചേരാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ഉപനേതൃസ്ഥാനം സംബന്ധിച്ച തീരുമാനം ഉണ്ടാകുന്നതുവരെ മറ്റ് ചുമതലകൾ സ്വീകരിക്കേണ്ടതില്ലെന്നാണ് സിപിഐയുടെ നിലപാട്.
അതേസമയം, എൽഡിഎഫ് നിയമസഭാ കക്ഷിയുടെ ഉപനേതൃസ്ഥാനത്ത് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ഈ വിഷയത്തിൽ സിപിഐഎമ്മുമായി തുടർച്ചയായി ആശയവിനിമയം നടക്കുന്നുണ്ടെന്നും ചർച്ചകളിലൂടെ പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്ക്ക് തന്നെ ലഭിക്കണമെന്ന ആവശ്യത്തിൽ പാർട്ടി ഉറച്ചുനിൽക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







