കൊവിഡിൽ വലഞ്ഞ് ഭഗവാന്മാരും! ശബരിമലയിലെ വരുമാനത്തിൽ വൻ ഇടിവ്; ദേവസ്വം ബോർഡിനും ക്ഷേത്രങ്ങൾക്കും വൻ തിരിച്ചടി

കൊവിഡിൽ വലഞ്ഞ് ഭഗവാന്മാരും! ശബരിമലയിലെ വരുമാനത്തിൽ വൻ ഇടിവ്; ദേവസ്വം ബോർഡിനും ക്ഷേത്രങ്ങൾക്കും വൻ തിരിച്ചടി

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: കൊവിഡ് ലോക്ക് ഡൗൺ മനുഷ്യരെ ബാധിച്ചത് പോലെ കേരളത്തിലെ ദൈവങ്ങളെയും ബാധിച്ചു. ശബരിമല അടക്കമുള്ള പ്രധാന വരുമാനമുള്ള കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളെയും ഈ ലോക്ക് ഡൗണും കൊവിഡും ബാധിച്ചതായാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

കൊവിഡിന് പിന്നാലെ സാമ്പത്തിക പ്രതിസന്ധിയിൽ വലയുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയിൽ നിന്നുളള വരുമാനം കുറഞ്ഞതാണ് നിലവിലെ സാഹചര്യത്തിന് കാരണം. ശബരിമലയിൽ നിന്നും 2019ൽ 270 കോടി രൂപ വരുമാനം കിട്ടിയ സ്ഥാനത്ത് 21 കോടി രൂപ മാത്രമാണ് കഴിഞ്ഞ സീസണിൽ ലഭിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ 1250 ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും പ്രധാന വരുമാന സ്രോതസ് ശബരിമലയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരുമാന നഷ്ടം കൂടി കണക്കിലെടുത്ത് കർക്കടക മാസ പൂജയ്ക്ക് കൂടുതൽ ഭക്തരെ അനുവദിക്കണമെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യം. വാക്‌സിനെടുത്തവരേയും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരേയും കൊവിഡ് മാനദണ്ഡം പാലിച്ച് പ്രവേശിപ്പിക്കാം. വെർച്വൽ ക്യൂ വഴി പ്രതിദിനം പതിനായിരം പേരെയെങ്കിലും ശബരിമലയിൽ അനുവദിക്കണമെന്നും ബോർഡ് പറയുന്നു.

ദേവസ്വം ബോർഡിന് കീഴിലുള്ള ജീവനക്കാർക്ക് പ്രതിമാസം ശമ്പളത്തിനും പെൻഷനുമായി 40 കോടിയോളം രൂപ വേണം. അടിയന്തരസഹായമായി 100 കോടി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബോർഡ് കഴിഞ്ഞ മാസം സർക്കാരിന് കത്ത് നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.

തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലെ 374 ക്ഷേത്രങ്ങളിൽകൂടി മൂന്ന് മാസത്തിനുള്ളിൽ ഓൺലൈൻ വഴിപാടിനുള്ള സംവിധാനം ഒരുക്കുമെന്ന് കഴിഞ്ഞ ദിവസം ബോർഡ് പ്രസിഡന്റ് എൻ. വാസു വ്യക്തമാക്കിയിരുന്നു. 500 ക്ഷേത്രങ്ങളിൽ സംവിധാനം ഒരുക്കാനുള്ള സാദ്ധ്യത തേടിയെങ്കിലും ചെറിയ ക്ഷേത്രങ്ങളിൽ ഇത് പ്രായോഗികമല്ലെന്ന് കണ്ടതോടെയാണ് തത്കാലം ഇത്രയുമിടത്ത് മാത്രമാക്കുന്നത്. കൊവിഡ് പ്രതിസന്ധി മാറിയാലും ഓൺലൈൻ സംവിധാനം തുടരാനാണ് തീരുമാനം.

നിലവിൽ ശബരിമല കൂടാതെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം, ആറൻമുള പാർത്ഥസാരഥി ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പമ്പ ഗണപതി ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, ചെട്ടികുളങ്ങര ദേവീ ക്ഷേത്രം തുടങ്ങിയ 27 മേജർ ക്ഷേത്രങ്ങളിലാണ് ഓൺലൈനായി വഴിപാടുകൾ ബുക്ക് ചെയ്യാവുന്നത്. കൂടുതൽ ക്ഷേത്രങ്ങളിൽ സംവിധാനമൊരുക്കാൻ രണ്ടു കോടിയോളം രൂപ ചെലവുവരും. ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ബാങ്കുകളുടെ സ്പോൺസർഷിപ്പിലൂടെ നടപ്പാക്കാനാണ് തീരുമാനം. ബാങ്കുകളുമായി ചർച്ച പുരോഗമിക്കുകയാണ്.

നിലവിൽ ധനലക്ഷ്മി ബാങ്കുമായാണ് ബോർഡിന് കരാറുള്ളത്. ഓൺലൈൻ സംവിധാനം നിയന്ത്രിക്കുന്നതും സജ്ജമാക്കിയതും കെൽട്രോൺ ആണെങ്കിലും ഇവരുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന പരാതിയുണ്ട്. കൂടുതൽ ക്ഷേത്രങ്ങളിലേക്ക് ഓൺലൈൻ സംവിധാനം വിപുലപ്പെടുത്താൻ തീരുമാനമായതോടെ സ്വകാര്യ കമ്പനികളെയും പരിഗണിച്ചേക്കും. മൊബൈൽ ആപ്പ് തയ്യാറാക്കുന്ന കാര്യവും ബോർഡിന്റെ സജീവ പരിഗണനയിലാണ്. ഇപ്പോൾ ംംം.ീിഹശിലറേയ.രീാ എന്ന വെബ്‌സൈറ്റ് മുഖേനയാണ് ഓൺലൈൻ ബുക്കിംഗ് സൗകര്യമുള്ളത്.