കോവിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിരക്ക് ഉയരും; 500 രൂപയാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി; ലാബ് ഉടമകളുടെ ഭാഗം കൂടി കേട്ട ശേഷം പുതിയ നിരക്ക് നിശ്ചയിക്കും
സ്വന്തം ലേഖിക
കൊച്ചി: സംസ്ഥാനത്ത് കോവിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി.
ഉത്തരവ് ഇറക്കുന്നതിന് മുമ്പ് ലാബ് ഉടമകളുടെ ഭാഗം സര്‍ക്കാര്‍ കേട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡിന്റെ ആദ്യ സമയത്ത് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 1700 രൂപ വരെയാണ് ലാബ് ഉടമകള്‍ ഈടാക്കിയിരുന്നത്. ഇത് ഉയര്‍ന്ന ഫീസ് ആണെന്ന് വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെട്ട് നിരക്ക് കുറച്ചത്.
തുടർന്ന് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 500 രൂപയാക്കി ഉത്തരവിറക്കി. 500 രൂപയ്ക്ക് ടെസ്റ്റ് നടത്തുന്നത് നഷ്ടം ആണെന്നാണ് ലാബ് ഉടമകള്‍ പറയുന്നത്. അതിനാല്‍ കോടതി ഇടപെട്ട് പുതിയ നിരക്ക് നിശ്ചയിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും ലാബ് ഉടമകള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
500 രൂപയില്‍ കൂടുതല്‍ ഈടാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള നിര്‍ദ്ദേശവും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.
പുതിയ നിരക്ക് നിശ്ചയിക്കുന്നതിന് ലാബ് ഉടമകളുമായി സര്‍ക്കാര്‍ വൈകാതെ ചര്‍ച്ച നടത്തും. ലാബ് ഉടമകളുടെ ഭാഗം കൂടി കേട്ട ശേഷമാകും പുതിയ നിരക്ക് നിശ്ചയിക്കുക.
കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിരക്ക് നിശ്ചയിച്ചു കൊണ്ട് ഉത്തരവിറക്കുകയും ചെയ്തിരുന്നു. ചികിത്സാ നിരക്ക് ഏകീകരിച്ച സര്‍ക്കാരിന്റെ നടപടി വലിയ രീതിയിലാണ് ജനങ്ങള്‍ സ്വാഗതം ചെയ്തത്.
എന്നാലിപ്പോൾ 500 രൂപയാക്കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നിരക്ക് വർദ്ധിക്കുമെന്നത് ജനങ്ങൾക്ക് വലിയൊരു തിരിച്ചടിയാവുകയാണ്.