നാട്ടിൻ പുറങ്ങളിലെ മഴയുടെ സൗന്ദര്യവും വെള്ളച്ചാട്ടവും കാണാൻ ആളില്ലാതായി; പ്രകൃതി കനിഞ്ഞു നല്കിയ ഭംഗി ആസ്വദിക്കാൻ ഇത്തവണയും ആർക്കും ഭാഗ്യമില്ല

നാട്ടിൻ പുറങ്ങളിലെ മഴയുടെ സൗന്ദര്യവും വെള്ളച്ചാട്ടവും കാണാൻ ആളില്ലാതായി; പ്രകൃതി കനിഞ്ഞു നല്കിയ ഭംഗി ആസ്വദിക്കാൻ ഇത്തവണയും ആർക്കും ഭാഗ്യമില്ല

Spread the love

ജുമാന അഷറഫ്

മുണ്ടക്കയം: കോവിഡ്‌ മഹാമാരിയുടെ നിയന്ത്രണങ്ങൾ മൂലം നാട്ടിന്‍ പുറങ്ങളിലെ മഴക്കാല കാഴ്‌ചകളും വെള്ളച്ചാട്ടങ്ങളും കാണാനും ഇക്കുറിയും ആരുമില്ല.

മഴക്കാലത്ത്‌ മാത്രം രൂപപ്പെടുന്ന വെള്ളച്ചാട്ടങ്ങളും അത്‌ വഴി ഉണ്ടാകുന്ന തോടുകളിലെ ഒഴുക്കും, മീൻപിടുത്തവും കാണാന്‍ നിരവധി പേരാണ്‌ മഴയില്‍ കുതിര്‍ന്ന്‌ ഗ്രാമപ്രദേശങ്ങളില്‍ എത്തിയിരുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തവണയും വെള്ളച്ചാട്ടം രൂപപ്പെട്ടെങ്കിലും അതൊന്നും കാണാന്‍ ആരും എത്തിയില്ല. പാറക്കെട്ടുകളില്‍ നിന്നും ഉണ്ടാകുന്ന ഉറവയും മഴ വെള്ളവും കൂടി ചേരുമ്പോള്‍ ചെറുതോടുകളായി രൂപപ്പെട്ട്‌ വലിയ തോടുകളിലേക്ക്‌ ഒഴുകി എത്തുകയാണ്‌.

പലയിടത്തും കൃഷിയിടങ്ങളിലൂടെ ആകും ഇതിന്റെ ഒഴുക്ക്‌. ഈ കുത്തൊഴുക്ക്‌ കൃഷി നാശത്തിനും കാരണമാകും.


വലിയ വെള്ളച്ചാട്ടങ്ങളേക്കാള്‍ കാണാന്‍ കൗതുകമാണ്‌ നാട്ടിന്‍ പുറങ്ങളിലെ ഇത്തരം താത്‌ക്കാലിക വെള്ളച്ചാട്ടങ്ങള്‍.
മഴക്കാലമാകുമ്പോഴേക്കും ഈ പ്രകൃതി
സൗന്ദര്യം ആസ്വദിക്കാന്‍ ധാരാളം പേര്‍ ഇവിടങ്ങളിലേക്ക്‌ എത്താറുണ്ട്‌. ഇക്കുറി കോവിഡ്‌ നിയന്ത്രണങ്ങളും ലോക്ക്‌ ഡൗണും കാരണം ആരും പുറത്തിറങ്ങുന്നതേ ഇല്ല.

അതിനാല്‍ മഴക്കാലത്തെ ജലക്കാഴ്‌ചകള്‍ കാണാന്‍ ആരും തന്നെയില്ല. തോടുകളിലും നദികളിലും ഊത്ത പിടുത്തവും ഉണ്ടായില്ല. ചെറിയ വല, ഒറ്റാല്‍, ചൂണ്ട തുടങ്ങിയവയുമായി രാപകല്‍ വ്യത്യാസമില്ലാതെ മീന്‍ പിടിക്കാന്‍ പോകുന്നവര്‍ ഏറെയായിരുന്നു.

ഇത്‌ കാണാന്‍ അതിലേറെ നാട്ടുകാരും ഉണ്ടാകും. ചില കാലങ്ങളില്‍ മീനുകളുടെ ചാകര തന്നെ ഉണ്ടാകാറുണ്ട്‌. ഇതും ഇക്കുറി കാണാനില്ല. നദികളിലും തോടുകളിലും ജലാശയങ്ങളിലും ജലനിരപ്പ്‌ ഉയരുമ്പോള്‍ അത്‌ ആഘോഷമാക്കി യിരുന്നവര്‍ ആരും കരയിലേക്ക്‌ പോലും എത്തുന്നില്ല.
വെള്ളപ്പൊക്ക കാലത്തെ നദികരകളിലെ ആരവങ്ങള്‍ കേള്‍ക്കാനുമില്ല.

കിഴക്കന്‍ വന മേഖലയില്‍ നിന്നും ഒഴുകി വരുന്ന തടികളും വിറകും പിടിക്കാന്‍ ഇറങ്ങുന്നവരും ധാരാളമായുണ്ട്‌. ഇത്തവണ പാലങ്ങളില്‍ വന്ന്‌ തടഞ്ഞ തടികള്‍ എടുക്കാനും ആരും എത്തിയില്ല.

എത്ര കുത്തൊഴുക്കിലും ചെറുവള്ളങ്ങളുമായി നദികളിലും പാടശേഖരങ്ങളിലും തുഴഞ്ഞു രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികള്‍ ആകുന്നവരും ഇത്തവണ കുറവായിരുന്നു. മഹാ പ്രളയ കാലത്തുപോലും ഇവരുടെ സഹായമായിരുന്നു ഏറെയും. രക്ഷാ പ്രവര്‍ത്തകരായും ഇവരാണ്‌ ആദ്യംഎത്തുക. ഇത്തരത്തില്‍ നദീ തീരത്തെ വെള്ളപ്പൊക്ക ആഘോഷവും ഇക്കുറി കോവിഡ്‌ മാറ്റിമറിച്ചു. സ്വന്തം വീട്ടില്‍ വെള്ളം കയറുമ്പോള്‍ അയല്‍ വീടുകളിലും ബന്ധു വീടുകളിലും അഭയം തേടിയിരുന്നവര്‍ക്ക്‌ അതിനും കഴിയാതെ ആയി.

ബന്ധുക്കളെയും അയല്‍ക്കാരെയും സ്വന്തം വീടുകളിലേക്ക്‌ വിളിച്ചിരുന്നവര്‍ക്ക്‌ കോവിഡ്‌ അതിനുള്ള അവസരവും നഷ്‌ടപ്പെടുത്തി. പ്രകൃതി കനിഞ്ഞു നല്കിയ ഭംഗി ആസ്വദിക്കാൻ ഇത്തവണയും ആർക്കും ഭാഗ്യമില്ലാതായി