കോവിഡിൽ വിറങ്ങലിച്ച് രാജ്യം : ഒരു ആംബുലൻസിൽ കുത്തിനിറച്ച് പ്ലാസ്റ്റിക് ബാഗുകളിൽ പൊതിഞ്ഞ നിലയിൽ 22 മൃതദേഹങ്ങൾ ; മഹാരാഷ്ട്രയിൽ നിന്നും പുറത്തുവരുന്നത് ഹൃദയം നുറുങ്ങുന്ന കാഴ്ചകൾ
സ്വന്തം ലേഖകൻ
മുംബൈ: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിയ്ക്കുകയാണ്. മഹാമാരിയുടെ രണ്ടാം തരംഗത്തിൽ പുറത്ത് വരുന്നത് എല്ലാവരുടയും ഹൃദയം വേദനിയ്ക്കുന്ന കാഴ്ചകളാണ്.
കോവിഡ് ആദ്യം മുതൽക്ക് ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിൽ ഒന്നാണ് മഹാരാഷ്ട്ര. രണ്ടാം തരംഗത്തിൽ സ്ഥിതി അതിലും രൂക്ഷമാണ്. കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനനുസരിച്ച് മഹാരാഷ്ട്രയിൽ മരണനിരക്കും കുതിച്ച ഉയർന്നിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ മൃതദേഹങ്ങൾ കൊണ്ടുപോകുന്ന ആംബുലൻസുകൾക്കും കടുത്ത ക്ഷാമമാണ്. ഒരു ആംബുലൻസിൽ പ്ലാസ്റ്റിക്ക് ബാഗുകളിൽ പൊതിഞ്ഞ നിലയിൽ 22 മൃതദേഹങ്ങൾ കുത്തിനിറച്ചുകൊണ്ടുപോകുന്ന കാഴ്ച്ചയാണ് ഈ അടുത്തതായി പുറത്തുവന്നത്.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ അംബജോഗൈയിലെ സ്വാമി രാമാനന്ദ് തീർഥ് മറാത്തവാഡ ഗവൺമെന്റ് മെഡിക്കൽ കോളെജിൽ നിന്നും 22 പേരുടെ മൃതദേഹങ്ങൾ കുത്തിനിറച്ചുകൊണ്ടുപോകുന്ന ഫോട്ടോ ചൂണ്ടിക്കാണിക്കുന്നത് സംസ്ഥാനത്തെ കൊവിഡ് ഭീകരതയുടെ നേർക്കാഴ്ച്ചയായത്.
മരിച്ചവരുടെ ബന്ധുക്കൾ പകർത്തിയ ചിത്രങ്ങൾ ചിലർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെ സംഭവം കൂടുതൽ വിവാദമാകുകയും ചെയ്തു. സംഭവസ്ഥലത്ത് പൊലീസ് ഉദ്യേഗസ്ഥരും ആശുപത്രി അധികൃതരും സന്നിഹിതരായിരുന്നെങ്കിലും ആംബുലൻസിൽ മൃതദേഹങ്ങൾ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ ആരും പ്രതികരിച്ചില്ലെന്നാണ് ചിത്രം പുറത്തുവിട്ടുകൊണ്ട് മരിച്ചവരുടെ ബന്ധുക്കൾ പറയുന്നത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3.2 ലക്ഷമായി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അവധി ദിനമായതിനാൽ ടെസ്റ്റിംഗ് കുറഞ്ഞതു കൊണ്ടാകാം എണ്ണവും കുറഞ്ഞതാവാം കാരണമെന്നാണ് ആരോഗ്യ വിദഗ്ദരുടെ വിലയിരുത്തൽ.