
കീഴടക്കനാവാതെ കൊറോണ വൈറസ് ബാധ : മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് കുതിക്കുന്നു ; ദിനംപ്രതി രണ്ടായിരം മരണം തുടർക്കഥയായ അമേരിക്കയിൽ വ്യാഴാഴ്ച മാത്രം മരിച്ചത് 2325 പേർ
സ്വന്തം ലേഖകൻ
ന്യൂഡൽഹി : ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. ലോകത്താകമാനം ഇതുവരെ കൊറോണ ബാധിച്ച് 190,627 പേരാണ് മരിച്ചത്.
അതേസമയം ലോകത്തെ കൊറോണ ബാധിതരുടെ എണ്ണം 2,716,320 ആയി. ലോകത്തെ രോഗബാധിതരുടെ എണ്ണം മുപ്പത് ലക്ഷത്തിലേക്ക് അടുക്കുമ്പോൾ ഇതുവരെ 745,100 പേർ മാത്രമാണ് രോഗമുക്തി നേടിയത്. പുതുതായി 84,535 കേസുകളാണ് വ്യാഴാഴ്ച മാത്രം ലോകത്താകമാനം റിപ്പോർട്ട് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ മാത്രം കൊറോണ ബാധിച്ച് 6569 പേരാണ് മരിച്ചത്. ദിനംപ്രതി രണ്ടായിരത്തിന് മുകളിൽ മരണം റിപ്പോർട്ട് ചെയ്യുന്ന അമേരിക്കയിൽ ഇന്നലെ 2,325 പേരാണ് മരിച്ചത്. അമേരിക്കയിൽ മാത്രം 49,845 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.
അമേരിക്കയിലെ കൊറോണ രോഗികളുടെ എണ്ണം 880,136 ആയി ഉയർന്നിട്ടുണ്ട്. സ്‌പെയിനിൽ ഇന്നലെ 440 പേരും ഇറ്റലിയിൽ 464 പേരും രോഗം ബാധിച്ച് മരിച്ചു.
അതേസമയം അമേരിക്കയിൽ കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതായും ട്രംപ് വ്യക്തമാക്കി. രാജ്യത്തെ ഹോട്ട് സ്‌പോട്ടുകളിലെല്ലാം സ്ഥിതി മെച്ചപ്പെടുന്നു. ശരിയായ ദിശയിലേക്കാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്.
കോവിഡിനെ നേരിടാൻ രാജ്യം സ്വീകരിച്ച കർശനമായ നടപടികൾ ഫലംകാണുന്നതിന്റെ സൂചനയാണെന്നും താമസിയാതെ എല്ലാസംസ്ഥാനങ്ങളും സുരക്ഷിതമാവുമെന്നും അത് ആവേശകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്പിൽ മരണനിരക്ക് കഴിഞ്ഞ മാസം 20 39% വർധിച്ചു. 11 രാജ്യങ്ങളിലെ മരണക്കണക്കു പരിശോധിക്കുമ്പോൾ കോവിഡ് പട്ടികയിൽ പെടാതെ 25,000 മരണങ്ങളുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. പല രാജ്യങ്ങളിലും കോവിഡ് പരിശോധന പരിമിതമായതാണു കൃത്യമായ കണക്കില്ലാത്തതിനു മുഖ്യകാരണം. ആശുപത്രിയിലെ മരണങ്ങൾ മാത്രമേ മിക്ക രാജ്യങ്ങളും കണക്കിൽപെടുത്താറുള്ളു.
ലോകരാജ്യങ്ങളിൽ ഏറ്റവും ഉയർന്ന മരണനിരക്കുള്ള യുഎസിൽ ശൈത്യകാലത്ത് മരണസംഖ്യ വർധിക്കുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളുകയും ചെയ്തിരുന്നു. ശൈത്യകാലത്ത് രോഗം വ്യാപനം സംഭവിച്ചാലും അത് ചെറിയ തോതിലാകുമെന്നും നിയന്ത്രണ വിധേയമായിരിക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം.