സംസ്ഥാനത്ത് കൊവിഡ് പരിശോധനയ്ക്ക് ഇനിമുതൽ ആന്റിജൻ പരിശോധന മാത്രം ; പ്രതിദിന പരിശോധന അമ്പതിനായിരത്തിൽ എത്തിക്കും : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി കൊവിഡ് പരിശോധനയ്ക്ക് ഇനിമുതൽ ആന്റിജൻ പരിശോധന മാത്രം നടത്തിയാൽ മതിയെന്ന് സർക്കാർ തീരുമാനം. നേരത്തെ കോവിഡ് പരിശോധനയ്ക്കായി ആന്റിജൻ പരിശോധനയ്‌ക്കൊപ്പം ആർ.ടി പി.സി.ആർ ടെസ്റ്റും ആരോഗ്യ വകുപ്പ് നടത്തിയിരുന്നു.

രോഗവ്യാപനം കൂടുതലുള്ള ക്ലസ്റ്ററുകളിൽ പരിശോധനകൾ കൂട്ടുന്നതിന് പകരം സെന്റിനൽ സർവെയ്‌ലൻസ് പരിശോധനയിൽ ഇത്തരം ക്ലസ്റ്ററുകളെ ഒഴിവാക്കുകയും ചെയ്തു. എന്നാൽ ഇതിന് പകരമായി പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും എല്ലാ ആഴ്ചയും തുടർച്ചയായി പരിശോധനകൾ നടത്താനും തീരുമാനമായിട്ടുണ്ട.

സംസ്ഥാനത്ത് ദിവസേന നടക്കുന്ന കൊവിഡ് പരിശോധനകളിൽ 65 ശതമാനവും ആന്റിജൻ ടെസ്റ്റാണ്. സെന്റിനൽ സർവെയ്‌ലൻസ് പരിശോധനകളിൽ ഇത് 5 ശതമാനമാണ്. ആന്റിജൻ പരിശോധനകളുടെ ഫലത്തിൽ നേരത്തെ തന്നെ സംശയം ഉന്നയിച്ചിരുന്നു. എന്നാൽ സർക്കാർ ആന്റിജൻ പരിശോധനകളുമായി മുന്നോട്ട് പോകുകയായിരുന്നു.

കേരളത്തിൽ ഇപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്രി നിരക്ക് (ടി.പി.ആർ) ഇപ്പോൾ കൂടുന്ന സ്ഥിതിയാണുള്ളത്. . കഴിഞ്ഞ ആഴ്ച സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുറഞ്ഞത് കൊവിഡ് വ്യാപനം കുറഞ്ഞതുകൊണ്ടല്ലെന്നും മറിച്ച് പരിശോധനകൾ കുറഞ്ഞതു കൊണ്ടാണെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത് ഈ സാഹചര്യത്തിലാണ്.

100 പേരുടെ പരിശോധന അടിസ്ഥാനമാക്കിയാണ് ടി.പി.ആർ കണക്കാക്കുന്നത്. നിലവിൽ 6 7 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി. 14 ദിവസം ടി.പി.ആർ അഞ്ച് ശതമാനത്തിന് താഴെ നിന്നാലെ രോഗബാധയുള്ള പ്രദേശം തുറന്നു കൊടുക്കാവൂ എന്നാണ് ലോകാരോഗ്യ സംഘടന നിർദ്ദേശം നൽകിയിരിക്കുന്നത്.

ഈ മാസം കൊവിഡിന്റെ പ്രതിദിന പരിശോധന 50,000ൽ എത്തിക്കുകയാണ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത്. ഓണക്കാലത്ത് സാമൂഹ്യസമ്പർക്കം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ജലദോഷ പനിയുള്ളവരെ ഉൾപ്പടെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കും.

കൊവിഡ് രോഗനിർണയം എളുപ്പമാക്കാൻ ആന്റിജൻ ടെസ്റ്റ് സഹായിക്കും. ആർ.ടി പി.സി.ആർ ടെസ്റ്റ് നടത്തിയാൽ ഫലം ലഭിക്കാൻ 7 ദിവസമെടുക്കും. അതേസമയം ആന്റിജൻ ടെസ്റ്റിലൂടെ 30 മിനിട്ട് കൊണ്ട് ഫലമറിയാം.