സ്വന്തം ലേഖകൻ
കട്ടപ്പന: പാര്‍ട്ടി ഇടപെടലിനെത്തുടര്‍ന്ന് പോലീസ് ഒതുക്കിത്തീര്‍ത്ത പീഡനക്കേസില്‍ സി.പി.എം. ഏരിയാ കമ്മിറ്റി അംഗത്തിനെതിരേ
കോടതിയുടെ സമൻസ് . സി.പി.എം. പീരുമേട് ഏരിയാ കമ്മിറ്റി അംഗവും കുമളി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ കെ.എം. സിദ്ദിഖിനെതിരേയാണ് പീരുമേട് ജൂഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) പീഡനക്കുറ്റം ആരോപിച്ച് കേസെടുത്ത് സമന്‍സ് അയച്ചത്. ഡിസംബര്‍ 18-ന് കോടതിയിൽ ഹാജരാകണം.
ബാങ്ക് വായ്‌പയ്‌ക്കായി അപേക്ഷയുമായെത്തിയ കുമളി സ്വദേശിയായ വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്നാണ് ലൈംഗിക പീഡന പരാതിയില്‍ കോടതി കേസെടുത്തത്. 2016-ലാണ് പരാതിക്ക് ആസ്‌പദമായ സംഭവം. കുമളിയിലെ സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗവും പാര്‍ട്ടി കുമളി ലോക്കല്‍ സെക്രട്ടറിയുമായിരുന്നു അട്ടപ്പള്ളം കൊല്ലംപറമ്ബില്‍ കെ.എം. സിദ്ദിഖ്. ബാങ്കില്‍ നിന്ന് അറിയിച്ചതനുസരിച്ച് വായ്‌പയ്‌ക്ക് ശിപാര്‍ശക്കായാണ് യുവതിയായ വീട്ടമ്മ സിദ്ദിഖിനെ സമീപിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിദ്ദിഖിന്റെ ചെരുപ്പ് കടയിലെത്തിയ വീട്ടമ്മയെ സംസാരിക്കാനെന്ന പേരില്‍ കടയുടെ പിന്‍ഭാഗത്തുള്ള ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സംസാരത്തിനിടെ ശരീരത്തില്‍ കടന്നുപിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. കുമളി പോലീസില്‍ വീട്ടമ്മ അക്കാലത്ത് പരാതി നല്‍കിയിരുന്നു. തനിക്ക് വഴങ്ങിത്തന്നാല്‍ വായ്‌പ തിരിച്ചടയ്‌ക്കേണ്ടതില്ലെന്നു പറഞ്ഞതിനൊപ്പം ആവശ്യമെങ്കില്‍ കൂടുതല്‍ പണം വാഗ്‌ദാനം ചെയ്‌തുമാണ് സിദ്ദിഖ് തന്നെ കടന്നു പിടിച്ചതെന്നും ഇവര്‍ നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നു.
കുമളി പോലീസ് ക്രൈം നമ്ബര്‍ 77/2016 പ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. എന്നാല്‍, രാഷ്‌ട്രീയ ബന്ധം ഉപയോഗിച്ച് പോലീസിനെ സ്വാധീനിച്ച് അറസ്‌റ്റ് തടഞ്ഞെന്നാണ് ആരോപണം. പിന്നീട് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പോലീസ് കേസ് എഴുതിത്തള്ളി. ഇതോടെയാണ് വീട്ടമ്മ പരാതിയുമായി പീരുമേട് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് റഫറല്‍ ചാര്‍ജിന്‍മേല്‍ വാദിക്ക് നോട്ടീസ് അയച്ച കോടതി, വാദിയുടെ മൊഴി രേഖപ്പെടുത്തുകയും, വാദി ഹാജരാക്കിയ സാക്ഷി മൊഴി രേഖപ്പെടുത്തുകയും ചെയ്‌തു. പരാതിയില്‍ കഴമ്ബുണ്ടെന്നു കണ്ട കോടതി കേസെടുക്കുകയായിരുന്നു.