
ഭിന്നശേഷി നിയമനത്തിന്റെ പേരിൽ ഉദ്യോഗാർത്ഥികളുടെ നിയമനാംഗീകാരം തടഞ്ഞ പ്രശ്നം; ഭിന്നശേഷി സംവരണത്തിനുള്ള നാല് ശതമാനം ഒഴികെയുള്ള തസ്തികകളിൽ നിയമനാംഗീകാരം നൽകണമെന്ന് സുപ്രീംകോടതി; വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ പൊതുഉത്തരവിറക്കണമെന്ന ആവശ്യം ശക്തം
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി നിയമനത്തിന്റെ പേരിൽ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ നിയമനാംഗീകാരം തടഞ്ഞ പ്രശ്നത്തിൽ എൻ.എസ്.എസ് മാനേജ്മെന്റിന്റെ കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ പൊതുഉത്തരവിറക്കണമെന്ന ആവശ്യം ശക്തം.
ഭിന്നശേഷി സംവരണത്തിനുള്ള നാല് ശതമാനം ഒഴികെയുള്ള തസ്തികകളിൽ നിയമനാംഗീകാരം നൽകണമെന്നാണ് എൻ.എസ്.എസ് നൽകിയ കേസിൽ സുപ്രീംകോടതി വിധി. സമാന രീതിയിൽതന്നെ ആയിരക്കണക്കിന് അധ്യാപകരുടെ നിയമനാംഗീകാരം നാല് വർഷം വരെയായി തടഞ്ഞിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ കോടതി ഉത്തരവ് എല്ലാ എയ്ഡഡ് സ്കൂളുകൾക്കും ബാധകമാക്കി നിയമനാംഗീകാരത്തിൽ വിദ്യാഭ്യാസ വകുപ്പ് പൊതുഉത്തരവിറക്കണമെന്നാണ് ആവശ്യം. ഇതേ ആവശ്യം സി.പി.എം അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എയും എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷനും ഉൾപ്പെടെ മുന്നോട്ടുവെക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭിന്നശേഷി നിയമനം നടക്കാത്ത സ്കൂളുകളിൽ ഒഴിവുള്ള തസ്തികകളിൽ നിയമിച്ച അധ്യാപകർക്ക് നിയമനാംഗീകാരത്തിന് വിദ്യാഭ്യാസ വകുപ്പ് തയാറാകുന്നില്ല. ഇവരെ ദിവസവേതനക്കാരായാണ് പരിഗണിക്കുന്നത്. നിയമനാംഗീകാരം നൽകിയാൽ പിന്നീട് ഭിന്നശേഷി നിയമനത്തിനായി പുറത്തായാലും നിയമനത്തിന് നിയമപരമായ അർഹതയുണ്ടാകും. ദിവസവേതന നിയമനമായതിനാൽ ഇവരിൽ പ്രായപരിധി കഴിയുന്നവർക്ക് ഉൾപ്പെടെ നിയമനത്തിന് അർഹതയില്ലാത്ത സാഹചര്യവും നിലനിൽക്കുന്നു.
ഭിന്നശേഷി നിയമനത്തിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽനിന്ന് ഉദ്യോഗാർത്ഥികളെ ലഭിക്കാത്ത സാഹചര്യത്തിലാണ് നാല് ശതമാനം തസ്തികകൾ ഒഴിച്ചിട്ട് ബാക്കിയുള്ളവയിൽ നിയമനാംഗീകാരം നൽകണമെന്ന് മാനേജ്മെന്റുകൾ ആവശ്യപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ബാധ്യത ഒഴിവാക്കാൻ എയ്ഡഡ് അംഗീകാരം ഭിന്നശേഷി നിയമനത്തിൽ കുരുക്കിയിടാനുള്ള നീക്കമാണെന്നും ആരോപണമുയർന്നിരുന്നു.