play-sharp-fill
തന്നെ മാതാപിതാക്കൾ നോക്കുന്നില്ലെന്ന് സി.ഐക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് കുട്ടി: മകന്റെ പരാതിയിൽ അച്ഛൻ അകത്തായി: അമ്മയ്‌ക്കെതിരെയും കേസ്; നടപടി ഏറ്റുമാനൂർ കോടതിയുടെ നിർദേശത്തെ തുടർന്ന്

തന്നെ മാതാപിതാക്കൾ നോക്കുന്നില്ലെന്ന് സി.ഐക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് കുട്ടി: മകന്റെ പരാതിയിൽ അച്ഛൻ അകത്തായി: അമ്മയ്‌ക്കെതിരെയും കേസ്; നടപടി ഏറ്റുമാനൂർ കോടതിയുടെ നിർദേശത്തെ തുടർന്ന്

തേർഡ് ഐ ന്യൂസ്
ഏറ്റുമാനൂർ: പ്രായമേറുന്ന മാതാപിതാക്കളെ തിരിഞ്ഞു നോക്കാത്ത മക്കളെ കേസെടുത്ത് അകത്താക്കുന്ന കാലത്ത്, പ്രായപൂർത്തിയാകാത്ത മകനെ നോക്കാതിരുന്നതിന്റെ പേരിൽ അച്ഛൻ അകത്തായി. അമ്മയ്‌ക്കെതിരെയും കേസെടുത്ത പൊലീസ് ഉടൻ ഇവരെയും അറസ്റ്റ് ചെയ്യും. വിവാഹമോചനത്തർക്കത്തിനിടെ മകനെ കാണാനില്ലെന്ന അമ്മയുടെ പരാതിയാണ് അച്ഛന്റെ അകത്താകലിനും, അമ്മയുടെ കേസിനും വഴി വച്ചത്. കോടതി ഇടപെടലിനെ തുടർന്ന് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസ് അറസ്റ്റ് ചെയ്ത  ഏറ്റുമാനൂർ പട്ടിത്താനം സ്വദേശി സണ്ണി സെബാസ്റ്റ്യനെ(47)  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടിയുടെ മാതാവ് ജെസിയ്്‌ക്കെതിരെ പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇവരുടെ പതിനേഴുകാരനായ മകനെ കാണാനില്ലെന്ന അമ്മ ജെസിയുടെ പരാതിയാണ് കോടതി പരിഗണിച്ച് കേസെടുത്ത് നടപടിയിലേയ്ക്ക് കടന്നത്. കുട്ടികളുടെ സംരക്ഷണത്തിന് രൂപീകരിച്ച ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമായിരുന്നു കേസ്.
ഒരാഴ്ച മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. സണ്ണിയും ഭാര്യ ജെസിയും ഒരു വർഷത്തോളമായി പിരിഞ്ഞു കഴിയുകയാണ്. ഇവരുടെ വിവാഹ മോചന ഹർജി കോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കേസ് വീണ്ടും ഏറ്റുമാനൂർ കോടതിയുടെ പരിഗണനയിൽ എത്തിയത്. കഴിഞ്ഞ ഒരു വർഷത്തോളമായി സണ്ണിയുടെ ഒപ്പം കുട്ടിയെ കോടതി വിട്ടയച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ, ജെസി താൻ തന്റെ കുട്ടിയെ കണ്ടിട്ട് ഒരു വർഷമായെന്ന് കോടതിയോട് പരാതിപറഞ്ഞു. ഇതേ തുടർന്ന് കുട്ടിയെ കോടതിയിൽ ഹാജരാക്കാൻ ജഡ്ജി സണ്ണിയോട് ആവശ്യപ്പെട്ടു. എന്നാൽ, കുട്ടി തന്റെയൊപ്പമില്ലെന്നായിരുന്നു സണ്ണിയുടെ മറുപടി.
തുടർന്ന്, കുട്ടിയെ കാണാനില്ലെന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന് കോടതി ഏറ്റുമാനൂർ പൊലീസിനു നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി കുട്ടിയെ കണ്ടെത്തി. എന്നാൽ, തന്നെ പിതാവ് നോക്കുന്നില്ലാത്തതിനാലാണ് വീടു വിട്ടു പോയതെന്ന് സി.ഐ എ.ജെ തോമസിന്റെ മുന്നിൽ ആ പതിനേഴുകാരൻ പൊട്ടിക്കരഞ്ഞു. തുടർന്ന് കോടതിയുടെ അനുമതിയോടെ പൊലീസ് പിതാവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡും ചെയ്തു. കാര്യമായ ജോലിയില്ലാതെ കറങ്ങി നടക്കുന്ന സണ്ണി മൂത്തമകൻ ലോട്ടറി വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ചാണ് ജീവിച്ചിരുന്നത്. ഇരുവരും നൽകിയ വിവാഹ മോചന ഹർജി കോടതിയുടെ പരിഗണനയിലാണ് ഇപ്പോഴും ഇരിക്കുന്നത്.