ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ അഴിമതിക്കേസ്; ഉദ്യോഗസ്ഥർ തുടക്കം മുതൽ അകാരണമായി മാനസികമായി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി; ‘ഗുരുതര വെളിപ്പെടുത്തലുമായി പരാതിക്കാരൻ

Spread the love

കൊച്ചി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ അഴിമതിക്കേസിൽ കൂടുതൽ ഗുരുതര വെളിപ്പെടുത്തലുമായി പരാതിക്കാരൻ. ഇഡി തുടക്കം മുതൽ അകാരണമായി മാനസികമായി പീഡിപ്പിച്ചുവെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിലെ രാധാകൃഷ്ണൻ എന്ന ഉദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിക്കാരനായ അനീഷ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫോണിലൂടെയാണ് ഇടനിലക്കാരനായ വിൽസണ്‍ ആദ്യം ബന്ധപ്പെട്ടത്. ഇഡി ഓഫീസിൽ നടന്നത് എല്ലാം വിൽസണാണ് ഫോണിലൂടെ അറിയിച്ചത്. വിൽസണുമായുള്ള കൂടിക്കാഴ്ചകള്‍ റെക്കോഡ് ചെയ്തിട്ടുണ്ട്.

ഈ തെളിവുകൾ എല്ലാം വിജിലൻസിന് കൈമാറിയിട്ടുണ്ട്. ഇഡിയിൽ നിന്ന് വിളിക്കും എന്ന് വിൽസണ്‍ പറഞ്ഞസമയത്തൊക്കെ ഇഡി ഉദ്യോഗസ്ഥര്‍ വിളിച്ചിരുന്നു. എന്നാൽ, ഇഡി ഉദ്യോഗസ്ഥര്‍ നേരിട്ട് പണം ചോദിച്ചില്ല. എല്ലാ ഇടപാടും വിൽസണ്‍ വഴിയായിരുന്നു നടന്നിരുന്നത്.  ചാർട്ടേഡ് അകൗണ്ടന്‍റ് രഞ്ജിത്തുമായി ഒരു ബന്ധവുമില്ല. രഞ്ജിത്ത് എന്ന പേര് കേൾക്കുന്നത് തന്നെ മാധ്യമങ്ങളിൽനിന്നാണ്.

ഇഡി ഉദ്യോഗസ്ഥർക്ക് ഈ തട്ടിപ്പിൽ പങ്കുണ്ടെന്നാണ് വിശ്വാസം. ഉദ്യോഗസ്ഥർ പറയാതെ വിവരങ്ങൾ വിൽസണ്‍ അറിയില്ല. ഒന്നാം പ്രതിയായ ശേഖർ കുമാർ നേരിട്ട് പണം ചോദിച്ചിട്ടില്ല. ഇതിന്‍റെ എല്ലാം ആൾ ശേഖറാണെന്ന് വിൽസണ്‍ പറഞ്ഞു. കൂടുതൽ ഇഡി ഉദ്യോഗസ്ഥർക്ക് ഈ തട്ടിപ്പിൽ പങ്കുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇഡി ഉദ്യോഗസ്ഥൻ  ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഇടനിലക്കാരൻ വിൽസണ്‍ ആണ് തന്‍റെ നമ്പര്‍ ഇഡിക്ക് നൽകിയതെന്നും പരാതിക്കാരനായ അനീഷ് ബാബു പറഞ്ഞു. ഇഡിക്ക് തന്‍റെ നമ്പര്‍ നൽകിയിരുന്നില്ല.

ഇഡി ഉന്നത ഉദ്യോഗസ്ഥനെതിരെയും ഗുരുതര ആരോപണമാണ് അനീഷ് ഉന്നയിച്ചത്. കൂടുതൽ ഇഡി ഉദ്യോഗസ്ഥരുടെ പേരും പരാതിക്കാരനായ അനീഷ് തുറന്നുപറഞ്ഞു. ഇഡി അഡീഷണല്‍ ഡയറക്ടര്‍ രാധാകൃഷ്ണന് സംഭവത്തിൽ പങ്കുണ്ടെന്നും അനീഷ് ബാബു ആരോപിച്ചു.

എട്ടു വര്‍ഷം മുമ്പുള്ള വിവരമാണ് ആവശ്യപ്പെട്ടത്. ഇത് ലഭ്യമാക്കാൻ കാലതാമസമുണ്ടായിരുന്നു. തുടക്കം മുതൽ ഇഡി ഉദ്യോഗസ്ഥൻ സമ്മര്‍ദത്തിലാക്കി. വിൽസണ്‍ എന്ന ആളാണ് ഇടപാട് നടത്തിയത്.

രേഖകള്‍ നൽകിയില്ലെങ്കിൽ അറസ്റ്റ് ചെയ്യമെന്നാണ് ഭീഷണിപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തെന്ന് പറഞ്ഞായിരുന്നു ഭീഷണി. പിഎംഎൽഎ ആക്ട് പ്രകാരമാണ് തനിക്ക് നോട്ടീസ് നൽകിയത്. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ എല്ലാ തെളിവുകളും കൈമാറിയിട്ടുണ്ടെന്നും കൊല്ലത്തെ വ്യവസായി അനീഷ് ബാബു പറഞ്ഞു.

ഭീഷണി തുടരുന്നതിനിടെയാണ് ഇടനിലക്കാരന് കൈക്കൂലി കൈമാറിയത്. ആക്സിസ് ബാങ്ക് അക്കൗണ്ടിലേക്കാണ് കൈക്കൂലി പണം കൈമാറിയത്. രാധാകൃഷ്ണൻ എന്നയാള്‍ മാനസികമായി പീഡിപ്പിച്ചു.

രാധാകൃഷ്ണൻ അടച്ചിട്ട മുറിയിൽ കേസിന്‍റെ കാര്യം പറഞ്ഞ് തന്നെ മാനസികമായി പീഡിപ്പിച്ചു. ഇതിനിടെ, ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ അഴിമതിക്കേസിൽ അസിസ്റ്റന്‍റ് ഡയറക്ടർ ശേഖർ കുമാറിനെതിരെ കൂടുതൽ തെളിവുകൾ സമാഹരിക്കാനുള്ള നീക്കത്തിലാണ് വിജിലൻസ്.

ശേഖർ കുമാർ കൈക്കൂലി വാങ്ങിയത് ഉന്നത ഉദ്യോഗസ്ഥരിൽ ചിലർക്കും അറിയാമായിരുന്നെന്നാണ് സംശയം. ശേഖറിനെ ഉടൻ നോട്ടീസ് നൽകി വിളിച്ചു വരുത്തും. സ്വർണക്കടത്ത് കേസ് അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥരടക്കമുള്ളവരും വിജിലന്‍സ് നിരീക്ഷണത്തിലാണ്. സ്വർണക്കടത്ത് കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയാണ് രാധാകൃഷ്ണൻ.

ഇടനിലക്കാരനെ ഇഡി ഓഫീസിൽ കണ്ടുവെന്ന് അനീഷ് ബാബുവിന്‍റെ ഭാര്യ

ഇടനിലക്കാരനായ രാജസ്ഥാൻ സ്വദേശിയ ഇഡി ഓഫീസിൽ കണ്ടുവെന്ന് പരാതിക്കാരനായ അനീഷ് ബാബുവിന്‍റെ ഭാര്യ നിമ്മി ആരോപിച്ചു. നിമ്മി ഇക്കാര്യം ഫോണിലൂടെ പറയുന്നതിന്‍റെ ഓഡിയോ സന്ദേശവും അനീഷ് ബാബു കേള്‍പ്പിച്ചു. ഇടനിലക്കാരനെ ഇഡി ഓഫീസിൽ കണ്ടുവെന്നും  അറസ്റ്റിലായ ഇടനിലക്കാരനായ മുകേഷിനെയാണ് കണ്ടതെന്നുമാണ് നിമ്മിയുടെ ആരോപണം. പരാതിക്കാരനായ അനീഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ദിവസമാണ് മുകേഷ് ഇഡി ഓഫിസിൽ വന്നതെന്നാണ് നിമ്മിയുടെ ആരോപണം.

സമഗ്ര അന്വേഷണവുമായി വിജിലന്‍സ്

ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ വിജിലന്‍സ് കേസില്‍ സമഗ്ര അന്വേഷണം തുടങ്ങി വിജിലന്‍സ്. അഞ്ച് ദിവസം കസ്റ്റഡിയില്‍ ലഭിച്ച മൂന്ന് പ്രതികളെയും ഇന്നലെ രാത്രി മുതല്‍ വിശദമായി ചോദ്യം ചെയ്ത് തുടങ്ങി.

കൃത്യമായ തെളിവ് ലഭിച്ചാല്‍ കേസിലെ ഒന്നാം പ്രതി ഇഡി അസിസ്റ്റന്‍റ് ഡയറ്കടര്‍ ശേഖര്‍ കുമാറിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസമില്ലെന്നാണ് വിജിലന്‍സിന് ലഭിച്ച നിയോപദേശം. സമാനമായി ലഭിച്ച മറ്റ് പരാതികളിലും അന്വേഷണം നടക്കുന്നുണ്ട്.

കസ്റ്റഡിയിലുള്ള ചാറ്റേര്‍ഡ് അക്കൗണ്ടന്‍റ്  രഞ്ജിത്ത് വാര്യര്‍, വില്‍സണ്‍ വര്‍ഗീസ്, മുകേഷ് കുമാര്‍ എന്നിവരെ ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയുമെല്ലാം ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് എസ് പി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിശദമായ സൈബര്‍ ഫൊറന്‍സിക്ക് പരിശോധനക്ക് അയച്ചു. അന്വേഷണത്തിന് പ്രത്യക സംഘം തന്നെ രൂപീകരിച്ചിരിക്കുകയാണ് വിജിലന്‍സ്.