കൊറോണ വൈറസ് ബാധ : വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ട് സ്ത്രീകൾ അകത്തായി
സ്വന്തം ലേഖകൻ
ആലപ്പുഴ: ആലപ്പുഴയിലും കൊറോണ വൈറസ് ബാധ സ്ഥിരീകിച്ചതോടെ സംസ്ഥാനമാകെ അതിജാഗ്രതയിലാണ്. വണ്ടാനം മെഡിക്കൽകോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന യുവാവിനാണ് ഞായറാഴ്ച കൊറോണ വൈറസ്ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.
എന്നാൽ,യുവാവിന്റ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കുകയും ചെയ്തു. ചൈനയിൽ നിന്നും എത്തിയ രണ്ട് പേരാണ് ചികിത്സയിൽ ഉള്ളത്. മറ്റുള്ളവരിലേക്ക് രോഗം ഇതുവരേയും പടർന്നിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വുഹാനിൽനിന്ന് മടങ്ങിയെത്തിയ ആലപ്പുഴസ്വദേശിയായ മെഡിക്കൽവിദ്യാർത്ഥിക്കാണ് രോഗംസ്ഥിരീകരിച്ചത്.
അതേസമയം കൊറോണ വൈറസ് ബാധ സംബന്ധിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തു. പെരിഞ്ഞാനം സ്വദേശിനി ഷാജിത ജമാൽ, എസ്എൻ പുരം സ്വദേശിനി ഷംല എന്നിവരാണ് അറസ്റ്റിലായത്.
ഇതോടെ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.വ്യാജപ്രചരണത്തിന് മൂന്നുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആറ് പേരെ കൂടി പോലീസ് നിരീക്ഷിച്ച് വരികയാണെന്നും, ഇവരെ ഉടൻ പിടികൂടുമെന്നും മന്ത്രി സുനിൽ കുമാർ അറിയിച്ചു.
വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും സുനിൽ കുമാർ അറിയിച്ചു.
സാമൂഹ്യമാദ്ധ്യമങ്ങളെ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ആരെയും അനുവദിക്കില്ല. വർഗീയ പ്രചാരണം നടത്താൻ ഏത് വ്യക്തി ശ്രമിച്ചാലും കർശന നടപടി സ്വീകരിക്കുമെന്നും സുനിൽ കുമാർ വ്യക്തമാക്കി.സംസ്ഥാനത്ത് 1797 പേരാണ് കൊറോണ സംശയത്തിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ ബഹുഭൂരിപക്ഷവും സ്വമേധയാ ആരോഗ്യവകുപ്പിനെ സമീപിച്ചവരാണ്.