ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവ് അനുസരിച്ചില്ല ; കെ.എസ്.ഇ.ബി. എന്‍ജിനീയർക്ക് ഒരു വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷിച്ച്‌ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ; ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ ഉത്തരവ് നടപ്പാക്കാതിരിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് കമ്മീഷന്‍

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവ് അനുസരിക്കാത്തതിനു കെ.എസ്.ഇ.ബി. എന്‍ജിനീയറെ ഒരു വര്‍ഷം തടവിനും 25,000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ച്‌ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.

കെ.എസ്.ഇ.ബി. എന്‍ജിനീയറും വാസ്തുകേന്ദ്ര എന്ന നിര്‍മാണ കമ്ബനിയുടെ ഉടമയുമായ കൃഷ്ണകുമാറിനെതിരേയാണു കമ്മിഷന്‍ നടപടി. 2019 ലെ ഉപഭോക്ത്യ സംരക്ഷണ നിയമത്തിലെ 72-ാം വകുപ്പ് പ്രകാരം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷനില്‍ നിക്ഷിപ്തമായ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ അധികാരം ഉപയോഗിച്ചാണ് ശിക്ഷാനടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടപ്പൂര്‍ സ്വദേശിയായ ദിലീപ്കുമാര്‍ ബി. നായരാണു പരാതിക്കാരന്‍.ആറുമാസത്തിനുള്ളില്‍ വീടുപണി പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനത്തില്‍ ദിലീപ്കുമാറില്‍ നിന്ന കൃഷ്ണകുമാര്‍ 23 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. എന്നാല്‍ സമയത്തു വീടുപൂര്‍ത്തിയാക്കിയില്ലെന്നും നിര്‍മാണത്തില്‍ ന്യൂനതയുണ്ടെന്നും കാട്ടി ദിലീപ്കുമാര്‍ 2013ലാണു കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനനെ സമീപിച്ചത്.

വിശദമായ തെളിവെടുപ്പിനുശേഷം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ 4.50 ലക്ഷം രൂപയും 25,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചിലവും 30 ദിവസത്തിനകം പരാതിക്കാരനു നല്‍കാന്‍ 2016 ജൂണ്‍ 30ന് കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവു പാലിക്കാന്‍ കൃഷ്ണകുമാര്‍ തയാറാകാതെ വന്നതോടെ ദിലീപ്കുമാര്‍ വീണ്ടും കമ്മിഷനെ സമീപിച്ചു. ഇതു ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍ കൃഷ്ണകുമാറിന് വീണ്ടും അവസരങ്ങള്‍ നല്‍കിയെങ്കിലും കമ്മിഷന്‍ മുമ്ബാകെ ഹാജരായില്ല.

തുടര്‍ന്നു വാറന്റ് പുറപ്പെടുവിപ്പിച്ച്‌ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ ഉത്തരവ് നടപ്പാക്കാതിരിക്കുന്നതു നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഉപഭോക്തൃ സംരക്ഷണ നിയമത്തെ പരിഹസിക്കുന്നതിനു തുല്യമാണെന്നും അതു സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നും വി.എസ് മനുലാല്‍ പ്രസിഡന്റായും അഡ്വ. ആര്‍. ബിന്ദു, കെ.എം.ആന്റോ എന്നിവര്‍ അംഗങ്ങളുമായ കോട്ടയം ജില്ലാ ഉപഭോക്ത്യ തര്‍ക്കപരിഹാര കമ്മീഷന്‍ വിലയിരുത്തി ശിക്ഷ വിധിക്കുകയായിരുന്നു.