കോട്ടയത്ത് അങ്കത്തട്ട് ഒരുങ്ങുന്നു. ഉമ്മൻചാണ്ടിയെങ്കിൽ വിഐപി മണ്ഡലമാവും കോട്ടയം ! സിപിഎം ചർച്ച തുടങ്ങിക്കഴിഞ്ഞു. പി സി തോമസും പ്രചരണരംഗത്തേക്ക്

കോട്ടയത്ത് അങ്കത്തട്ട് ഒരുങ്ങുന്നു. ഉമ്മൻചാണ്ടിയെങ്കിൽ വിഐപി മണ്ഡലമാവും കോട്ടയം ! സിപിഎം ചർച്ച തുടങ്ങിക്കഴിഞ്ഞു. പി സി തോമസും പ്രചരണരംഗത്തേക്ക്

ശ്രീകുമാർ

കോട്ടയം: ഇത്തവണ മൂന്ന് മുന്നണികളുടെയും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ കോട്ടയത്ത് നിന്നെന്നുറപ്പായി. സി പി എമ്മും കോൺഗ്രസും ഇതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു. ബി ജെ പി ഔദ്യോഗികമായി രംഗത്ത് വന്നില്ലെങ്കിലും ഈ സീറ്റിൽ നോട്ടമുള്ള പി സി തോമസിന്റെ കേരളാ കോൺഗ്രസ് ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒഴിവുവന്ന മണ്ഡലം എന്ന നിലയിലാണ് ഇത്തവണ മുന്നണികളുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് കോട്ടയം വേദിയാകുന്നത്. ജോസ് കെ മാണിയുടെ ഒഴിവിൽ ഇവിടെ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നുറപ്പായിട്ടുണ്ടെങ്കിലും കോട്ടയത്ത് സ്ഥാനാർഥിയെ മുൻകൂറായി പ്രഖ്യാപിച്ച് പ്രചരണത്തിന് തുടക്കം കുറിക്കാനാണ് മുന്നണികളുടെ നീക്കം. രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് വിട്ടുകൊടുത്തതോടെ കോട്ടയം സീറ്റ് കോൺഗ്രസ് ഏറ്റെടുത്തെന്ന അഭ്യൂഹം ശക്തമാണ്. കോൺഗ്രസിനാണ് സീറ്റെങ്കിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കോട്ടയത്ത് സ്ഥാനാർഥിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അഥവാ ധാരണ ഇല്ലെങ്കിൽ പോലും ഉമ്മൻചാണ്ടിക്ക് മത്സരിക്കണമെന്നുണ്ടെങ്കിൽ ഈ സീറ്റ് കേരളാ കോൺഗ്രസ് അദ്ദേഹത്തിനായി വിട്ടുനൽകാൻ തയ്യാറാകും. ഉമ്മൻചാണ്ടിയാണ് സ്ഥാനാർഥി എങ്കിൽ അവിടെ മറ്റൊരു ചർച്ചയ്ക്ക് പ്രസക്തിയില്ല. മാത്രമല്ല യു പി എ അധികാരത്തിലെത്തിയാൽ സുപ്രധാന വകുപ്പിൽ ഉമ്മൻചാണ്ടി ക്യാമ്പിനറ്റ് മന്ത്രിയാകും എന്നുറപ്പാണ്. കോട്ടയത്ത് ഉമ്മൻചാണ്ടി മത്സരത്തിനില്ലെങ്കിൽ ഈ സീറ്റ് ആഗ്രഹിക്കുന്ന നേതാക്കളുടെ ഒരു പട തന്നെ കോൺഗ്രസ്സിലുണ്ട്. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷാണ് അതിൽ ഒന്നാം പേരുകാരി. എ’ ഗ്രൂപ്പ് പിന്തുണയും വനിതാ പ്രാതിനിധ്യവും ലതികയ്ക്ക് ഗുണം ചെയ്യും. മഹിളാ കോൺഗ്രസിന്റെ പ്രാതിനിധ്യവും ഇതിലൂടെ ഉറപ്പിക്കാനാകും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിൽ കോട്ടയത്തെ ജനകീയ മുഖങ്ങളിൽ ഒന്നാണ് ലതികാ സുഭാഷ്. ഭരണം കിട്ടിയാൽ മഹിളാ കോ്ൺഗ്രസ്സ് അദ്ധ്യക്ഷ എന്ന നിലയ്ക്ക് ലതികയ്ക്കും മന്ത്രി സ്ഥാനം ലഭിച്ചേക്കാം. കേരളാ കോൺഗ്രസ് തന്നെയാണ് കോട്ടയത്ത് എങ്കിൽ ഇവിടെ മുൻ എം എൽ എമാരായ തോമസ് ചാഴിക്കാടൻ, സ്റ്റീഫൻ ജോർജ്ജ്, ജോസഫ് എം പുതുശ്ശേരി എന്നീ പേരുകളാണ് പരിഗണിക്കപ്പെടാൻ സാധ്യത. മുൻ രാജ്യസഭാംഗം ജോയി എബ്രാഹാമും പരിഗണനാ ലിസ്റ്റിൽ വന്നേക്കാം. സി പി എമ്മിന്റെ പരിഗണനാ ലിസ്റ്റിൽ ഒന്നാമൻ വൈക്കം വിശ്വനാണ്. ഇടത് മുന്നണി കൺവീനർ സ്ഥാനത്ത് നിന്നും വൈക്കം വിശ്വനെ പാർട്ടി മോചിതനാക്കിയത് അങ്ങനൊരു ലക്ഷ്യം മുന്നിൽ കണ്ടാണോ എന്നും വ്യക്തമല്ല.  ആരോഗ്യ കാരണങ്ങളാൽ വിശ്വൻ മത്സരത്തിനില്ലെന്ന് തീരുമാനിച്ചാൽ നറുക്ക് വീഴുക മുൻ ജില്ലാ സെക്രട്ടറി കെ ജെ തോമസിനാണ്. മൂന്നാമൻ സി പി എമ്മിന്റെ ജില്ലാ സെക്രട്ടറി വാസവനാണ്. മുൻ എം എൽ എ എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച വാസവൻ കോട്ടയത്ത് സി പി എമ്മിന്റെ ജനകീയ മുഖമാണ്. ക്രൈസ്തവ സഭകൾ ഉൾപ്പെടെ മുഴുവൻ സമുദായ സംഘടനകളുമായും നല്ല ബന്ധം സൂക്ഷിക്കുന്ന നേതാവാണ് വാസവൻ. എൻ ഡി എ ക്യാമ്പിൽ പി സി തോമസ് കോട്ടയത്ത് സജീവമായി. കോട്ടയം ലോക്‌സഭാ മണ്ഡല പരിധിയിൽ ഉൾപ്പെട്ട മരണ വീടുകളിലും വിവാഹങ്ങളിലും പി സി തോമസ് സജീവമായി പങ്കെടുത്തു വരുന്നുണ്ട്.