ഫേസ്ബുക്കിലൂടെ പരിചയം സ്ഥാപിച്ച് 24 മണിക്കൂറിനകം പൊലീസ് ഉദ്യോഗസ്ഥൻ വീട്ടമ്മയുടെ മൊബൈലിലേക്ക് അയച്ചത് അശ്ലീല വീഡിയോകളും സന്ദേശങ്ങളും; വീട്ടമ്മയുടെ പരാതി പിൻവലിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ ശ്രമം നടത്തുന്നതായി ആരോപണം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സമൂഹ മാധ്യമത്തിലൂടെ പരിചയം സ്ഥാപിച്ച പൊലീസ് ഉദ്യോഗസ്ഥൻ 24 മണിക്കൂറിനകം തനിക്ക് അശ്ലീല സന്ദേശങ്ങളും അശ്ലീല വീഡിയോയും അയച്ചെന്ന പരാതിയുമായി വീട്ടമ്മ.
പേരൂർക്കട പൊലീസ് ക്യാംപിലെ അസിസ്റ്റൻറ് കമാൻഡൻറ് നിഷോർ സുധീന്ദ്രനെതിരെയാണ് വീട്ടമ്മ പരാതി നല്‍കിയിരിക്കുന്നത്. പരാതി നല്‍കിയതിന് പിന്നാലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഒത്തുകളിച്ചെന്നും കേസ് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നും വീട്ടമ്മ ആരോപിക്കുന്നു. ഉന്നത ഉദ്യോഗസ്ഥർക്കും ഇതുസംബന്ധിച്ച് രേഖാമൂലം പരാതി നല്‍കിയെങ്കിലും നീതി ലഭിക്കുന്നില്ലെന്നും വീട്ടമ്മ ആരോപിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാർച്ച് 14നാണ് നിഷോർ സുധീന്ദ്രൻറെ ഫെയ്സ്ബുക്കില്‍ നിന്ന് തനിക്ക് സന്ദേശം വന്നതെന്ന് പരാതിക്കാരി പറയുന്നു. പരിചയം സ്ഥാപിച്ചതോടെ വാട്സ് ആപ്പ് നമ്ബർ ചോദിച്ചു. തുടർന്ന് വാട്സ് ആപ്പിലൂടെ വ്യക്തിവിവരങ്ങള്‍ തിരക്കിയ നിഷോർ ലൈംഗീക സന്ദേശങ്ങളും ചിത്രങ്ങളും അയക്കുകയായിരുന്നുവെന്ന് ഇവർ പറയുന്നു.
സംഭവത്തെക്കുറിച്ച് ക്രമസമാധനച്ചുമതലയുളള എഡിജിപിക്കാണ് ആദ്യം രേഖാമൂലം പരാതി നല്‍കിയത്. തുടർന്ന്, സിറ്റി പൊലീസ് കമ്മീഷണർ ഓഫീസില്‍ നിന്ന് ചേവായൂർ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കാൻ ആവശ്യപ്പെട്ടു. മൊഴി രേഖപ്പെടുത്തിയെങ്കിലും കേസ് എടുക്കാതെ നാളുകളോളം നടപടികള്‍ നീട്ടി. മാധ്യമങ്ങളോട് കേസിനെക്കുറിച്ച് ഒന്നും പറയരുതെന്ന് ഉദ്യോഗസ്ഥർ തൊഴുകയ്യോടെ അപേക്ഷിച്ചതായും ഇവർ പറയുന്നു.
അതേസമയം, വീട്ടമ്മ പണം ആവശ്യപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതായാണ് നിഷോർ സുധീന്ദ്രൻറെ വാദം. വീട്ടമ്മയാണ് താനുമായി പരിചയം സ്ഥാപിച്ചതെന്നും തന്നില്‍ നിന്ന് പണം തട്ടാനാണ് ശ്രമമെന്നുമാണ് നിഷോർ ആരോപിക്കുന്നത്. തന്റെ ചിത്രങ്ങള്‍ കൈവശം ഉണ്ടെന്നും ഇത് പുറത്ത് വിടാതിരിക്കാൻ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് വീട്ടമ്മ വക്കീല്‍ നോട്ടീസയച്ചെന്നും ഇയാള്‍ പറയുന്നു. നിഷോറിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ വി സുരേഷിനാണ് കേസിന്റെ അന്വേഷണം ചുമതല.