ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നവർക്കെതിരെ നടപടി..

Spread the love

സ്വന്തംലേഖകൻ

കോട്ടയം : ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ തിരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു പറഞ്ഞു. മതപരവും സാമുദായികവും ഭാഷാപരവുമായ വിദ്വേഷം പരത്തും വിധമുള്ള   പ്രചരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. 
എതിര്‍ സ്ഥാനാര്‍ഥികളുടെയോ നേതാക്കളുടെയോ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ പാടില്ല. പണമോ പാരിതോഷികമോ നല്‍കി വോട്ടുനേടല്‍, ഭീഷണിപ്പെടുത്തല്‍, ആള്‍മാറാട്ടം നടത്താന്‍ പ്രേരിപ്പിക്കല്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നടപടി സ്വീകരിക്കും. 
സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത്  പ്രചരണസാമഗ്രികള്‍ സ്ഥാപിക്കുന്നവര്‍ അവരുടെ അനുമതിപത്രം മൂന്ന് ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.  പൊതുസമ്മേളനങ്ങള്‍, മൈക്ക് അനൗണ്‍സ്‌മെന്റ് എന്നിവ നടത്തുന്നതിന് മുന്‍കൂര്‍ അനുമതി നേടണമെന്നും അദ്ദേഹം അറിയിച്ചു.