play-sharp-fill
മനുഷ്യനെ മുട്ടുകുത്തിച്ച് കൊറോണ ലോകമെങ്ങും കാട്ടു തീ പോലെ പടരുന്നു; മരണത്തിൽ നിന്നും രക്ഷയില്ലാതെ പകച്ച് വികസിത രാജ്യങ്ങൾ; 47, 223 മരണങ്ങളും 935,581 രോഗികളുമായി കൊറോണ 

മനുഷ്യനെ മുട്ടുകുത്തിച്ച് കൊറോണ ലോകമെങ്ങും കാട്ടു തീ പോലെ പടരുന്നു; മരണത്തിൽ നിന്നും രക്ഷയില്ലാതെ പകച്ച് വികസിത രാജ്യങ്ങൾ; 47, 223 മരണങ്ങളും 935,581 രോഗികളുമായി കൊറോണ 

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: എല്ലാ മേഖലയിലും തങ്ങളുടെ അധിപത്യം ഉറപ്പിച്ചന്നും നമുക്ക് ഒന്നും സാധിക്കാത്തതായി ഇല്ലെന്ന് അഹങ്കരിച്ച മനുഷ്യനെ മുട്ടുകുത്തിച്ച് കൊറോണ ലോകമെങ്ങും കാട്ടു തീ പോലെ പടരുകയാണ്. ലോകത്തെ 194 രാജ്യങ്ങളിലേക്ക് കണ്ണടച്ച് തുറക്കും വേഗത്തിൽ പടർന്നു പിടിച്ച വൈറസ് മരണ ദൂതനെ പോലെ ഞൊടിയിടയിൽ വൈറസ് ആയിരങ്ങളിലേക്ക് പടർത്തിക്കൊണ്ടിരിക്കുകയാണ്.


 

ഒരു രാജ്യത്തിനും ഈ മഹാമാരിയിൽ നിന്നും ഇനി രക്ഷപ്പെടാനാവില്ലെന്ന് ഉറപ്പായി. ലോകത്താകമാനമായി കൊറോണ വൈറസ് ബാധ 9,35,431 പേരിലേക്കെത്തി. യുഎസിൽ മാത്രം രോഗികളുടെ എണ്ണം രണ്ടു ലക്ഷം കടന്ന് 214,482 ആയി. യുഎസിൽ ഇന്നലെ മാത്രം മരിച്ചത് 1040 പേരാണ്. ഇതോടെ അമേരിക്കയിൽ മൊത്തം മരിച്ചവരുടെ എണ്ണം 5094 ആയി. ലോകത്തെല്ലായിടത്തുമായി മരിച്ചവരുടെ എണ്ണം 47,223 ആയി ഉയർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കഴിഞ്ഞ രണ്ടാഴ്ച കൊണ്ടാണ് മരണ സംഖ്യയും രോഗബാധിതരുടെ എണ്ണവും റെക്കോർഡ് വേഗത്തിൽ വർദ്ധിച്ചത്. തങ്ങളെ ഒരു ശക്തിക്കും പിടിച്ച് കെട്ടാനാവില്ലെന്ന് കരുതിയ വികസിത രാജ്യങ്ങളെയാണ് കൊലയാളി വൈറസ് ഏറ്റവും കൂടുതൽ ആക്രമിച്ചത്. അമേരിക്ക, ബ്രിട്ടൻ, ഇറ്റലി സ്പെയിൻ, ചൈന, ഫ്രാൻസ് തുടങ്ങി വികസിത രാജ്യങ്ങളിലാണ് ഏറ്റവും കൂടതൽ മരണ സംഖ്യയും രോഗികളും ഉള്ളത്.

 

 

ഒരു ശക്തിക്കും തടുത്ത് നിർത്താനാവാത്ത വിധം ദിവസവും റെക്കോർഡുകൾ ഭേദിച്ചാണ് ഈ രാജ്യങ്ങളിൽ മരണ നിരക്ക് വർദ്ധിക്കുന്നത്. 24 മണിക്കൂറിനിടെ യുകെയിലും സ്‌പെയിനിലും റെക്കോർഡ് മരണനിരക്കാണ് രേഖപ്പെടുത്തിയത്. യുകെയിൽ 563 ഉം സ്‌പെയിനിൽ 864 ഉം പേർ കൂടി ബുധനാഴ്ച മരിച്ചു.

 

ഇരുരാജ്യങ്ങളിലും ഒരറ്റദിവസത്തിൽ കൊറോണബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഇത് റെക്കോർഡാണ്. സ്‌പെയിനിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നിട്ടുമുണ്ട്. യുകെയിൽ ആകെ മരണം 2352 ഉം സ്‌പെയിനിൽ 9387 ഉം ആണ്.വൈറസ് ബാധിച്ചവരുടെ എണ്ണത്തിൽ തിങ്കളാഴ്ച സ്പെയിനും ചൈനയെ മറികടന്നു. 104,118 പേർക്കാണ് സ്പെയിനിൽ രോഗബാധ. 9387 പേർ മരിച്ചു.

യു.എസും ഇറ്റലിയും നേരത്തേ ചൈനയെ മറികടന്നിരുന്നു. 140 കോടി ജനങ്ങളുള്ള ചൈനയെ അപേക്ഷിച്ച് 4.7 കോടി ജനങ്ങളുള്ള കുഞ്ഞൻ രാജ്യമായ സ്പെയിനിൽ രോഗികളുടെ എണ്ണം കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് എട്ടുശതമാനമാണ് വർധിച്ചത്. വൈറസ് ബാധയിൽ ഇറ്റലിയിലും സ്പെയിനിലും ആരോഗ്യരംഗംതന്നെ താറുമാറായിരിക്കുകയാണ്.

 

വൈറസ് ബാധിച്ച് ലോകത്തെ പകുതിയിലധികം മരണവും ഈ രാജ്യങ്ങളിലാണ്.ബ്രിട്ടനിലെ ബുധനാഴ്ചയുണ്ടായ മരണനിരക്കിൽ കൊറോണബാധിച്ച് ചികിത്സയിൽ തുടരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി അതിയായ ദുഃഖം രേഖപ്പെടുത്തി. ‘ഇതൊരു അതീവ ദുഃഖകരമായ ദിനമാണെന്നതിൽ സംശയമില്ല.

 

എന്നാൽ സ്വീകരിച്ചിട്ടുള്ള നടപടികൾക്കും സജ്ജീകരണങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കാൻ സാധിക്കുമെങ്കിൽ ഞങ്ങൾ മുന്നോട്ട് പോകുമെന്ന് ഉറപ്പാണ്. എണ്ണം കുറയും’ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ബോറിസ് ജോൺസൻ പറഞ്ഞു. ഡോക്ടർമാരും നഴ്സുമാരും അടക്കം അനേകായിരം മലയാളികൾ തിങ്ങിപ്പാർക്കുന്ന ബ്രിട്ടനിൽ മരണം താണ്ഡവമാടുമ്പോൾ ആശങ്കയിലാണ്

ഇവിടുത്തെ മലയാളി സമൂഹം ഒന്നടങ്കം. വേണ്ടത്ര സുരക്ഷാ ഉപകരണങ്ങൾ പോലും ഇല്ലാത്ത അവസ്ഥയിലാണ് ഇവിടെ നഴ്സുമാരും മറ്റും ജോലി ചെയ്യുന്നത്.കൊലയാളി വൈറസ് ഏറ്റവും കൂടുതൽ മരണം വിതച്ച ഇറ്റലിയിൽ മാത്രം 13,155 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ 24 മണിക്കൂറിനിടെ 727 മരണമാണ് ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തത്.

മരണം തളം കെട്ടി നിൽക്കുന്ന ഇറ്റലി ശവപ്പറമ്പായി മാറിയ അവസ്ഥയാണ്. ഫ്രാൻസിൽ -4032, ചൈന-3312, ഇറാൻ-3036,നെതർലൻഡ്സ്-1173 എന്നിങ്ങനെയാണ് ആകെ മരിച്ചവരുടെ എണ്ണം. ഒരാഴ്ച കൊണ്ട് ലോകമാകമാനം നാല് ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മരണ നിരക്ക് പൊടുന്നനെയാണ് അരലക്ഷത്തിലേക്ക് എത്തിയത്. വരും ദിവസങ്ങളിൽ അമേരിക്കയും ബ്രിട്ടനും എല്ലാം ശവപ്പറമ്പായി മാറുമെന്ന് തന്നെയാണ് ഭരണ കൂടവും ചൂണ്ടിക്കാട്ടുന്നു.

കൊറോണ വൈറസ് വ്യാപനം തടയാനാകാത്ത ലോക രാജ്യങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. മോസ്‌കോ, ലാഗോസ് നഗരങ്ങൾ ചൊവ്വാഴ്ച പൂർണമായി അടച്ചു. യു.എസിലെ വിർജീനിയ, മേരിലാൻഡ് സംസ്ഥാനങ്ങളിൽ ജനങ്ങൾ വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദ്ദേശം നൽകി. നിയന്ത്രണങ്ങളുണ്ടെങ്കിലും ഇറ്റലി, യു.എസ്., സ്പെയിൻ, ജർമനി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ വൈറസ് വ്യാപനം നിയന്ത്രിക്കാനാകാത്തവിധം വർധിക്കുകയാണ്.

ബെൽജിയത്തിൽ കൊറോണ വൈറസ് ബാധിച്ച് പന്ത്രണ്ടുകാരി മരിച്ചു. കുട്ടികളിൽ കൊറോണ വൈറസ് മരണകാരിയാകുന്നത് അപൂർവ സംഭവമാണെന്ന് ബെൽജിയം സർക്കാർ വക്താവ് ഇമ്മാനുവൽ ആന്ദ്രേ പറഞ്ഞു. മ്യാന്മാറിൽ ചൊവ്വാഴ്ച കൊറോണ മരണം റിപ്പോർട്ടു ചെയ്തു. ഓസ്ട്രേലിയയിൽ അർബുദ ചികിത്സ കഴിഞ്ഞെത്തിയ 69-കാരനാണ് മരിച്ചത്. ജക്കാർത്തയിൽ വൈറസ് ബാധിച്ചുമരിച്ച നൂറോളം പേരുടെ മൃതശരീരങ്ങൾ കൂട്ടത്തോടെ സംസ്‌കരിച്ചെന്ന് ഗവർണർ. 122 പേരാണ് ഇൻഡൊനീഷ്യയിൽ മരിച്ചത്. 73 രാജ്യങ്ങളിലേക്ക് യാത്രയരുതെന്ന് ജപ്പാൻ പൗരന്മാർക്ക് നിർദ്ദേശം നൽകി.

ലക്ഷണങ്ങളില്ലാതെ രോഗം വരുന്നെന്ന് ചൈന
ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരിലും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ചൈന. ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതായും ഇവരെ 14 ദിവസത്തേക്ക് സമ്പർക്കവിലക്കേർപ്പെടുത്തി നിരീക്ഷിക്കുകയാണെന്നും ചൈനീസ് ആരോഗ്യവിഭാഗം വ്യക്തമാക്കി.