സമ്മാനവിതരണം നടക്കുന്നതിനിടെ സദസില്‍ പടക്കം പൊട്ടിച്ചു; ഉപജില്ലാ കലോത്സവത്തിനിടെ രക്ഷിതാക്കളും അധ്യാപകരും തമ്മില്‍ കൂട്ടത്തല്ല്
സ്വന്തം ലേഖകൻ
പാലക്കാട്: മണ്ണാര്‍ക്കാട് ഉപജില്ല കലോത്സവത്തിനിടെ രക്ഷിതാക്കളും അധ്യാപകരും തമ്മില്‍ കൂട്ടത്തല്ല്. സമ്മാനവിതരണം നടക്കുന്നതിനിടെ സദസില്‍നിന്ന് പടക്കം പൊട്ടിയതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. രക്ഷിതാക്കളും അധ്യാപകരും തമ്മില്‍ പരസ്പരം തല്ലുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇന്നലെ രാത്രിയാണ് സംഭവം.
സബ്ജില്ലാ കലോത്സവം ഇന്നലെയാണ് സമാപിച്ചത്. തുടര്‍ന്ന് സമ്മാനവിതരണ പരിപാടി നടക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. പരിപാടിക്കിടെ പന്തലില്‍ നിന്നും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്നും പടക്കം പൊട്ടി. ഇത് അധ്യാപകരും സംഘാടകരും ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തിന് പിന്നാലെ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തല്ല് രൂക്ഷമായതോടെ പൊലീസ് ലാത്തിവീശിയതിനെ തുടര്‍ന്നാണ് സംഘര്‍ഷത്തിന് അയവുണ്ടായത്. പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട് കണ്ടാല്‍ അറിയാവുന്നവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.
നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ചായിരുന്നു ഇത്തവണത്തെ കലോത്സവം. ഹൈസ്‌കൂള്‍ വിഭാഗം കലോത്സവത്തില്‍ എംഇഎസ് മണ്ണാര്‍കാടും കുമരംപുത്തൂര്‍ കല്ലടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിനുമാണ് ഒന്നാം സ്ഥാനം. ഈ സ്‌കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളാണ് പടക്കം പൊട്ടിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.