
തിരുവനന്തപുരം:സി.കെ. നായുഡു ട്രോഫിയിൽ ഝാർഖണ്ഡിന്റെ ആദ്യ ഇന്നിങ്സ് 274-ൽ ഒതുക്കി കേരളം. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ അഞ്ച് റൺസെന്ന നിലയിലാണ്.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജെ എസ് അനുരാജിൻ്റെ പ്രകടനമാണ് കേരളത്തിന് മുതൽക്കൂട്ടായത്. മറുവശത്ത് 171 റൺസെടുത്ത ഓപ്പണർ ശിഖർ മോഹനാണ് ഝാർഖണ്ഡ് ബാറ്റിങ് നിരയിൽ തിളങ്ങിയത്.
ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ഝാർഖണ്ഡിന് ഓപ്പണർമാർ ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ശിഖർ മോഹനും ശരൺദീപ് സിങ്ങും ചേർന്ന് ആദ്യ വിക്കറ്റിൽ 56 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 20 റൺസെടുത്ത ശരൺദീപിനെ പുറത്താക്കി അനുരാജാണ് ഝാർഖണ്ഡ് ബാറ്റിങ് നിരയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ തൊട്ടടുത്ത ഓവറിൽ അനുരാജ് തന്നെ ബിശേഷ് ദത്തയെയും പുറത്താക്കി. തുടർന്നെത്തിയ ബാറ്റർമാർക്കും പിടിച്ചു നിൽക്കാനായില്ല.
അനുരാജും കൈലാസ് ബി. നായരും ഷോൺ റോജറും ചേർന്ന ബൗളിങ് സഖ്യം ഝാർഖണ്ഡ് ബാറ്റിങ്ങിന്റെ നടുവൊടിച്ചു. ഇതോടെ ഒരു ഘട്ടത്തിൽ ആറ് വിക്കറ്റിന് 117 റൺസെന്ന നിലയിലായിരുന്നു ഝാർഖണ്ഡ്.







